ഗുരു വസന്തം
ശ്ലോകം – 37
ശാന്തോ മഹാന്തോ നിവസന്തി സന്തോ
വസന്തവല്ലോകഹിതം ചരന്തഃ
തീര്ണാഃ സ്വയം ഭീമഭവാര്ണവം ജനാന്‍
അഹേതുനാന്യാനപി താരയന്തഃ
ശാന്തരും മഹാത്മാക്കളും സജ്ജനങ്ങളുമായിരിക്കുന്നവര് വസന്തകാലം പോലെ ലോക ഹിതത്തിനായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സംസാര സമുദ്രത്തെ തരണം ചെയ്ത അവര്‍ പ്രത്യേകിച്ച് കാരണമോ പ്രതിഫലമോ ആഗ്രഹിക്കാതെ മറ്റുള്ളവരേയും ഭയാനകമായ സംസാരക്കടലില്‍ നിന്ന് കരകയറ്റും.
ഗുരുവിന്റെ വിശേഷണങ്ങളാണ് ഇവിടെ വര്‍ണിക്കുന്നത്. ഗുരു പരമശാന്തനും മഹാത്മാവും സജ്ജനവുമായിരിക്കും. എല്ലാം പൂക്കുകയും തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യുന്നതായ വസന്തകാലത്തോടാണ് ഗുരുവിനെ ഉപമിച്ചിട്ടുള്ളത്. ലോകത്തിന്റെ നന്മയ്ക്കായി അവര്‍ സഞ്ചരിക്കുന്നു. വസന്തകാലം എത്തുന്നതോടെ എവിടെയും എന്തെന്നില്ലാത്ത ആനന്ദമായിരിക്കും. ഏറ്റവും സുഖപ്രദമായ അന്തരീക്ഷമായിരിക്കും. ഇതു പോലെയാണ് സജ്ജനങ്ങള്‍ എത്തിച്ചേരുന്നയിടം. വിശ്വപ്രേമം ബ്രഹ്മജ്ഞാനിയുടെ സ്വഭാവമാണ്. വസന്തകാലത്ത് ചെടികള്‍ പൂക്കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ട. അത്തരത്തില്‍ മഹാത്മാവില്‍ നിന്ന് ലോകത്തിനോടുള്ള സ്നേഹം വഴിഞ്ഞൊഴുകും.
ഋതുക്കളില്‍ ഞാന്‍ കുസുമാകരനായ വസന്തമാണെന്ന് ഭഗവാന് ഗീതയില്‍ പറയുന്നുണ്ട്. എല്ലാവരേയും എല്ലാവരേയും ആഹ്ലാദിപ്പിക്കാന്‍ വസന്തത്തിനാകും. വസന്തത്തിന്റെ വരവോടെ എല്ലാം വളരെ സുന്ദരവും അനുകൂലവുമാകുന്നതോടെ അനുയോജ്യമായ കാലാവസ്ഥയും സംജാതമാകും. അതുപോലെ മഹാത്മാക്കള്‍ തങ്ങള്‍ക്കു ചുറ്റും ജ്ഞാനത്തിന്റെ വെളിച്ചം പരത്തി എല്ലാവരേയും ആനന്ദത്തിലാറാടിക്കും. അവരുടെ സാന്നിദ്ധ്യം തന്നെ പലര്‍ക്കും ആശ്വാസവും പ്രചോദനവുമായിരിക്കും. യഥാര്‍ത്ഥ സാധകര്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടും. തുടര്‍ന്ന് അവര്‍ ആദ്ധ്യാത്മിക ജ്ഞാനം നുകര്‍ന്ന് ധന്യരാകും.
ഇക്കാണാകുന്നതെല്ലാം താന്‍ തന്നെയെന്ന് അനുഭവമായ ജ്ഞാനിയായ സദ്ഗുരുവിന് തന്നില്‍ നിന്ന് അന്യമല്ലാത്ത ലോകത്തിനോട് നിറഞ്ഞ പ്രേമം മാത്രമായിരിക്കും.നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളോടും നമുക്ക് സ്നേഹമാണ്. ഏതെങ്കിലുമൊന്നിനോട് വെറുപ്പുണ്ടാകുമോ? ഓരോന്നിനും അതാതിന്റെ പ്രാധാന്യമുണ്ട്. ശരീരം മുഴുവനായും നിറഞ്ഞ് നില്‍ക്കുന്നത് ഞാനാണ്. അതില്‍ ഏതെങ്കിലുമൊന്നിന്റെ സന്തോഷവും വേദനയും എന്റേതാണ്. അതുപോലെയാണ് ഈ ലോകം മുഴുവന്‍ താന്‍ തന്നെയെന്ന ജ്ഞാനിയുടെ ഭാവവും. അപ്പോള്‍ എല്ലാറ്റിനേയും സമഭാവത്തില്‍ കാണാനാകും.
അതിഭയങ്കരമായ ഈ സംസാര സമുദ്രത്തെ മറികടന്നവരായ അവര്‍ക്ക് അതിലെ കാറ്റും കോളും മറ്റ് ആപത്തുകളുമൊക്കെ അറിയാവുന്നതിനാല്‍ മറ്റുള്ളവരെ കരകയറ്റാനും എളുപ്പമാണ്. സംസാര സമുദ്രത്തിന്റെ മറുകര കണ്ട മഹാത്മാക്കള്‍ ആത്മാനന്ദാനുഭൂതിയില്‍ വിരാജിക്കുന്നവരാണ്. ഈ ലോകത്തില്‍ കിടന്ന് കഷ്ടപ്പെടുന്ന മറ്റുള്ളവര്‍ പറയാതെ തന്നെ അവരെ തീരത്തെത്തിക്കുവാന് സജ്ജനങ്ങള്ക്കാകും.അങ്ങനെയൊരു സദ്ഗുരുവിനെയാണ് ശരണം പ്രാപിക്കേണ്ടത്. അദ്ദേഹം നമ്മെ അജ്ഞാനത്താലുണ്ടായ എല്ലാ കുഴപ്പങ്ങളില്‍ നിന്നും കരകയറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: