കൊച്ചി: കഴിഞ്ഞ വര്‍ഷം സെമിയിലെത്തി. ഈ വര്‍ഷം അതിനേക്കാള്‍ മുന്നേറുമെന്ന് മുന്‍താരങ്ങളും കായിക വിദഗ്ധരും കളിയെഴുത്തുകാരുമെല്ലാം ഉറപ്പിച്ചു. ആരാധകര്‍ ആവേശത്തിലായി. ഇത്തവണ ആദ്യഘട്ടം പിന്നിടുമ്പോള്‍ പുറത്തേക്കുള്ള വഴിയിലാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള ടീം.
കളിക്കാരെ തെരഞ്ഞെടുത്തതിലും ആസൂത്രണത്തിലുമുള്ള പിഴവാണ് കേരളത്തിന് തിരിച്ചടിയായതെന്ന് ആരോപണം ഉയരുന്നത്. കഴിഞ്ഞ തവണ കേരളത്തിന്റെ മുന്നേറ്റത്തിനു ചുക്കാന്‍പി
ടിച്ച പല യുവതാരങ്ങളെയും ഒഴിവാക്കിയതാണ് ആദ്യത്തേത്. കര്‍ണാടക മലയാളിയായ മുന്‍ രാജ്യാന്തര താരം റോബിന് ഉത്തപ്പയെ കൊണ്ടുവന്ന തീരുമാനം വലിയ വിജയമാകാതിരുന്നത് അടുത്തത്.
ഏഴു തവണ രഞ്ജി ചാമ്പ്യന്മാരായ ദല്‍ഹിയെയും രണ്ടു തവണ ചാമ്പ്യനായ ബംഗാളിനെയും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനെയും കരുത്തരായ ഹിമാചല്‍ പ്രദേശിനെയുമെല്ലാം നിര്‍ണായക ഘട്ടങ്ങളില്‍ കീഴടക്കിയാണ് കഴിഞ്ഞ തവണ കേരളം സെമിയിലെത്തിയത്. ഇത്തവണ സ്ഥിതി മാറി. കഴിഞ്ഞ തവണ ദല്‍ഹിയെ തോല്‍പ്പിച്ചപ്പോള്‍ ഇത്തവണ സമനിലയിലായി. രണ്ടാം മത്സരത്തില്‍ ബംഗാളിനോടും മൂന്നാം മത്സരത്തില്‍ ഗുജറാത്തിനോടും രണ്ട് ദിവസം മുമ്പ് ഹൈദരാബാദിനോടും ആറു വിക്കറ്റിന് തോറ്റു.
കഴിഞ്ഞ തവണ കേരളത്തെ ജയിപ്പിച്ചവരില്‍ പലരും ഇന്ന് ബഞ്ചിലിരുന്ന് കളി കാണുകയാണ്. കഴിഞ്ഞ തവണ കേരളത്തിനായി മിന്നുന്ന പ്രകടനം നടത്തിയ ചില ആഭ്യന്തര താരങ്ങളുണ്ട്. അതില്‍ പ്രമുഖനായിരുന്നു വിനൂപ് മനോഹരന്. കേരളത്തിന്റെ ബാറ്റിങ് ഓള്‍റൗണ്ടര്‍. കഴിഞ്ഞ തവണ കേരളം ദല്‍ഹിയെ തോല്പ്പിക്കുമ്പോള് 77 റണ്‍സുമായി താരം ടോപ് സ്്കോററായി. വല്‍സണ്‍ ഗോവിന്ദ്, വരുണ്‍ നയനാര്‍, ഡാരിന് ഫെരിയോ പോലുള്ള പല അണ്ടര്‍ 19 താരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിച്ചില്ല. പലപ്പോഴും മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ വരെ കുത്തി നിറച്ചായിരുന്നു കേരളം കളിക്കിറങ്ങിയത്. കഴിഞ്ഞ തവണ വമ്പന്‍ താരങ്ങളില്ലാതെ സാധാരണക്കാരെ വച്ച് കേരളത്തിന് മുന്നോട്ടു പോകാന്‍ സാധിച്ചെങ്കില്‍ ഇത്തവണയും അത് സാധിക്കുമായിരുന്നു. എന്നാല്‍, അത് മുന്‍കൂട്ടി കാണാന്‍ ടീം മാനേജ്മെന്റിനായില്ല. റോബിന് ഉത്തപ്പ കേരളത്തിനായി എല്ലാ ഫോര്‍മാറ്റിലുമായി 18 കളിയില്‍നിന്ന് ആകെ നേടിയത് നാനൂറില്പരം റണ്‍സ് മാത്രം. ഉത്തപ്പ ടീമില്‍ വന്നതോടെ സ്ഥാനം തെറിച്ചത് വിനൂപിനും.
കഴിഞ്ഞ മത്സരത്തില്‍ പോലും കേരളത്തിന്റെ തീരുമാനം വിമര്‍ശനത്തിന് വിധേയമായി. ഹൈദരാബാദില്‍ പോയി കളിച്ച മത്സരത്തില്‍ ആദ്യം ടോസ് നേടിയിട്ടും കേരളം ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ തീര്‍ത്തും തെറ്റായ തീരുമാനം. ബേസില്‍ തമ്പിയും സന്ദീപ് വാര്യരും നിറഞ്ഞുനില്ക്കുന്ന കേരളം എന്തുകൊണ്ട് ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്തില്ലെന്നതില്‍ ചോദ്യമുയരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളമാകട്ടെ ഹൈദരാബാദിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നു തരിപ്പണമായി. ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജും രവി കിരണും നാല് വിക്കറ്റ് വീതം വീഴ്ത്തി കേരളത്തെ 164 റണ്‍സിന് ചുരുട്ടിക്കെട്ടി. തിരിച്ചെറിഞ്ഞ കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി മൂന്നും വിക്കറ്റ് വീഴ്ത്തി. ആദ്യ സെഷനില്‍തന്നെ ഇവര്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ കേരളം ഒരു പക്ഷെ വിജയിച്ചേനെ.
കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ വിജയത്തിന്റെ നെടും തൂണുകളായിരുന്നു സന്ദീപ് വാര്യരും ബേസില്‍ തമ്പിയും. കൃഷ്ണഗിരിയിലെ മത്സരത്തിന് പേസിനെയും തുണയ്ക്കുന്ന പിച്ചൊരുക്കിയാണ് കഴിഞ്ഞ തവണ ഇവരുടെ കഴിവുകള്‍ കേരളം ഉപയോഗപ്പെടുത്തിയത്. ഗുജറാത്തിനെതിരെ നടന്ന നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മറക്കാനാകില്ല. കേരളം 113 റണ്‍സിനാണ് അന്ന് ഗുജറാത്തിനെ വീഴ്ത്തിയത്. രണ്ട് ഇന്നിങ്സുകളില്‍നിന്നായി സന്ദീപും ബേസിലും എട്ട് വിക്കറ്റ് വീതം വീഴ്ത്തി. അവിടെയാണ് ഹൈദരാബാദിനെതിരെ കേരളം വരുത്തിയ വലിയ പിഴവിന്റെ ആഴം മനസിലാക്കേണ്ടത്.
ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ സച്ചിന് ബേബിയുടെ നായകസ്ഥാനം എടുത്തുകളഞ്ഞതും തിരിച്ചടിയായി. മൂന്ന് ഫോര്‍മാറ്റുകളിലും ഒരു നായകന്റെ കീഴില്‍ കളിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഒത്തിണക്കമുണ്ടായേനെ. മികവുള്ള യുവതാരങ്ങള്‍ കേരളത്തില്‍ തന്നെയുള്ളപ്പോള്‍ അവരെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അണ്ടര്‍ 19 താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: