കോട്ട: നൂറോളം നവജാത ശിശുക്കള്‍ മരിക്കാനിടയായ രാജസ്ഥാന് കോട്ട ജെ.കെ. ലോന് ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങള്‍ പോലുമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. നവജാത ശിശുക്കള്‍ മരിക്കുന്നതില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിനായി നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടിലാണ് ജീവന് രക്ഷയ്ക്കുള്ള സജ്ജീകരണങ്ങള്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്.
35 ദിവസത്തിനിടെ 107 നവജാത ശിശുക്കളാണിവിടെ മരിച്ചത്. കുട്ടികള്‍ക്കുള്ള 28 നെബുലൈസേഴ്സില്‍ 22ഉം ഉപയോഗ ശൂന്യം ആയിരുന്നു. അവശ്യ ഘട്ടത്തില്‍ ഓക്സിജന്‍ നല്‍കാനുള്ള സംവിധാനം ഉള്‍പ്പടെ മറ്റ് ആശുപത്രി ഉപകരണങ്ങളുടേയും കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ് കോടി രൂപയുടെ ഫണ്ട് ഉണ്ടായിരുന്നിട്ടും ആശുപത്രി അധികൃതര്‍ ഉപകരണങ്ങള്‍ വാങ്ങിയില്ല. കുട്ടികളുടെ ഡോക്ടര്‍മാര്‍, നേഴ്സ്, തുടങ്ങിയ ജീവനക്കാരുടെ കുറവും ആശുപത്രിയെ ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും ആശുപത്രിയില്‍ പോരായ്മകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
നവജാത ശിശുക്കള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രാജസ്ഥാന് കോണ്‍ഗ്രസ്സിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ശിശുക്കളുടെ കൂട്ടമരണം പോലുള്ള വിഷയങ്ങളില്‍ ഇത്തിരി സഹാനുഭൂതി കാണിക്കണമെന്നും, ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും സച്ചിന് പൈലറ്റ് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ടിനെതിരെ പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ കുറവാണ് മരണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞതിനെതിരെയാണ് സച്ചിന് പൈലറ്റ് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: