തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നത് പ്രഖ്യാനങ്ങളില്‍ മാത്രം. പൊതു ഖജനാവ് ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എ. സമ്പത്തിനെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഇടത് സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനെതിരെ ജനങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതിനു പിന്നാലെ സമ്പത്തിന് പ്രത്യേകം ഔദ്യോഗിക വാഹനവും വസതിക്കും അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം വലയുമ്പോഴാണ് പിണറായിയുടെ ഈ ദുര്‍വ്യയം. സമ്പത്തിനെ ക്യാബിനറ്റ് പദവിയിലാണ് ദല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചത്. കേരള ഹൗസിലുള്ള ഓഫീസില്‍ ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അസിസ്റ്റന്റ്, ഒരു ഡ്രൈവറും വാഹനവും ഉള്‍പ്പടെയാണ് സമ്പത്തിന് ദല്‍ഹിയില്‍ പ്രത്യേക പദവി നല്‍കിയിരിക്കുന്നത്. ഇവരെല്ലാം കേരള ഹൗസിലാണ് താമസിക്കുന്നതും.് നാലു പേര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ലക്ഷങ്ങളാണ് സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കുന്നത്. അതിനു പിന്നാലെയാണ് സമ്പത്തിന് വസതിയും വാഹനവും കൂടി നല്‍കാനുള്ള തീരുമാനം. ഇതും ഖജനാവിന് ലക്ഷങ്ങള്‍ ചെലവ് വരുത്തി വെയ്ക്കുന്നതാണ്.
ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍, മുന്നാക്ക ക്ഷേമ കോര്പ്പറേഷന് അധ്യക്ഷന്‍, ചീഫ് വിപ്പ് തുടങ്ങി പാര്‍ട്ടിക്ക് താത്പ്പര്യമുള്ളവര്‍ക്കായി ക്യാബിനറ്റ് പദവിയുള്ള തസ്തികകളുടെ എണ്ണവും അവയ്ക്കുള്ള അനാവശ്യ സൗകര്യങ്ങളും കൂട്ടിക്കൂട്ടി സര്‍ക്കാര്‍ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: