ന്യായശാസ്ത്രത്തിന്റെ ആചാര്യന്മാരാകട്ടെ അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ,ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍, മറ്റേതൊരു വസ്തുപ്രതിഭാസവും പോലെ വെറുമൊരു ഒരു പ്രതിഭാസമല്ല അറിവ് എന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നു മാത്രമല്ല, മറ്റു ഗുണ (qualtiy) ങ്ങളെപ്പോലെ ഇതുമൊരു ഗുണമാണെന്നും അതുകൊണ്ട് ബാഹ്യമാണെങ്കിലും ഭൗതികലോകത്തെ മറ്റു സംഭവങ്ങളെപ്പോലെ പല ഘടകങ്ങളുടെ ചേര്‍ത്തുവെക്ക (collocation) ലിലൂടെ സംഭവിക്കുന്നതും ആത്മാവുമായി ബന്ധപ്പെട്ട ഒന്നാണെന്നും അവര്‍ കരുതി. പ്രമാണം ബൗദ്ധര് കരുതുംപോലെ പുതിയ അറിവ് (അനധിഗതാധിഗന്തൃ) നമുക്കു തരണമെന്നില്ല, പക്ഷെ എപ്പോഴൊക്കെ മേല്‍പ്പറഞ്ഞ പ്രമാണസംഗ്രഹ (collocation) ഉണ്ടാകുന്നുവോ അപ്പോഴൊക്കെ അറിവും (വസ്തുജ്ഞാനം മുമ്പേ ഉണ്ടെങ്കിലും ഇല്ലെങ്കിലും) സൃഷ്ടിക്കപ്പെടുന്നു എന്ന് അവര്‍ വാദിച്ചു.
ഉചിതമായ പ്രമാണസംഗ്രഹം ഉണ്ടായാല്‍ മുമ്പേ അറിഞ്ഞ ഒരു വസ്തുവിനെക്കുറിച്ചു വീണ്ടും വീണ്ടും അറിവുകളുടെ ആവര്‍ത്തനമുണ്ടാകാം.മറ്റു ഭൗതികസംഭവങ്ങള് പോലെ അറിവും പ്രമാണസംഗ്രഹം എന്ന അതിന്റെ കാരണം ഉള്ളപ്പോഴെല്ലാം സംഭവിക്കാം. ഭൂമി, ജലം, അഗ്നി, വായു എന്നീ നാലു ഭൂതങ്ങളുടെ പരമാണുക്കളെ പോലെ തന്നെ സ്വതന്ത്രമായ അസ്ത്ിത്വം ഉള്ളവയാണ് സാമാന്യം (class), സമവായം(Inheritence) തുടങ്ങിയ വിഭാഗ (categories) ങ്ങളും എന്നു നയ്യായികര്‍ കരുതി. കുടത്തിന്റെ കറുത്ത നിറത്തെ അഗ്നി ചുവപ്പാക്കി മാറ്റുന്നതുപോലെയുള്ള ഒരു പ്രതിഭാസമാണ് ആത്മാവില്‍ അറിവിന്റെ ഉദയം എന്നതാണ് അവരുടെ നിലപാട്. മേല്‍പ്പറഞ്ഞ നിര്വികല്പബോധം (indeterminate consciousness) ഇന്ദ്രിയസമ്പര്ക്കം (sense contact), വസ്തു (object) തുടങ്ങിയവയുമായി കൂടിച്ചേര്‍ന്ന് സവികല്പ (determinate consciousness) മായിത്തീരുന്നു എന്ന് അവര്‍ കണക്കാക്കി. അണു (molecule) ചലനത്തിനേക്കാള്‍ സൂക്ഷ്മമായ മറ്റു ചലനങ്ങളില്ലെന്ന് അവര്‍ വിശ്വസിച്ചു. ഒരു പ്രത്യേകസംഗ്രഹം (collocation) മൂലം ഉണ്ടാകുന്ന ചലനം ഒരു പ്രത്യേകഫലത്തില് കലാശിക്കുന്നു. ജ്ഞാനം അഥവാ അറിവ് എന്നതുംഅതുപോലെ പ്രത്യേക സാമഗ്രി (united collocation) കളുടേയും അവയുടെ ചലനങ്ങളുടേയും (ആത്മാവും മനസ്സും മനസ്സും ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളും വസ്തുക്കളും എന്നിത്യാദി ചേര്‍ച്ചകള്‍) ഫലമാണ്. ആശയപരമായ ഈ അവ്യക്തത മൂലം അറിവും ബാഹ്യലോകത്തെ സംഭവങ്ങളും തമ്മിലുള്ള താത്വികമായ വ്യത്യാസത്തെ തിരിച്ചറിയല്‍ നയ്യായികരെ സംബന്ധിച്ചിടത്തോളം
അസാധ്യമായിരുന്നു എന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അതുകൊï് ന്യായശാസ്ത്രം അറിവിന്റെ ഉല്പത്തിയുടെ കാരണം, അറിവും വസ്തുപ്രപഞ്ചവും തമ്മിലുള്ള യഥാര്‍ത്ഥബന്ധങ്ങള്‍ എന്നിവയെ വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നു. സുഖം, ദുഃഖം, ഇച്ഛിക്കല്‍ തുടങ്ങിയവ ഗുണങ്ങളാണെന്നും അവ ആത്മാവിന്റെതാണെന്നും ആത്മാവ് നിര്‍ഗുണമാണെന്നും അതിനെ നേരിട്ട് അറിയാന്‍ കഴിയില്ലെന്നും ജ്ഞാനം, സുഖം മുതലായ ഗുണങ്ങള്‍ സമവേത (inhere) ങ്ങളായ ഒരു സത്ത എന്ന് അനുമാനി (infer) ക്കാനേ കഴിയൂ എന്നും ആ ശാസ്ത്രം കരുതുന്നു. ദ്രവ്യങ്ങളെപ്പോലെ തന്നെ ഗുണങ്ങളും സ്വതന്ത്ര അസ്തിത്വമുള്ളവയാണെന്നും എന്നാല്‍ ഒരു പുതിയ വസ്തു ഉണ്ടാകുമ്പോള്‍ ഈ ഗുണങ്ങള്‍ ഓടിച്ചെന്ന് ആ വസ്തുവില്‍ സമവേതങ്ങളാകുന്നു എന്നും ആ ശാസ്ത്രം പറയുന്നു.
ന്യായശാസ്ത്രത്തിന്റെ പരിമിതികളെ ദാസ്ഗുപ്ത ഇപ്രകാരം വിലയിരുത്തുന്നു അനുമാനം എന്ന കല (art of inference) യുടെ സംവര്‍ദ്ധനത്തിന് ആയിരുന്നിരിക്കണം ന്യായശാസ്ത്രത്തില്‍ തുടക്കം മുതലേ മൗലികപ്രാധാന്യം നല്‍കിയിരുന്നത്. പിന്നീട് ആകണം അനുമാനത്തെ പ്രയോഗിച്ച് ഭൗതികാതീതസിദ്ധാന്ത (metaphysics) ങ്ങളുടെ നിഗമനങ്ങളിലെത്തിയത. ഇതില്‍ നിന്നാകണം അന്തര്‍നിരീക്ഷണ (itnrospection) പദ്ധതിയില്‍ അവര്‍ എത്തിച്ചേര്‍ന്നത്. പക്ഷേ അതു വേണ്ടവിധം പ്രയോഗിക്കാനുള്ള സാഹചര്യം ആ ശാസ്ത്രത്തില്‍ ഇല്ലാത്തതിനാല്‍ അനുമാനത്തെ തന്നെ എല്ലായിടത്തും പ്രയോഗിച്ചു. പ്രത്യക്ഷത്തിനെ വിശദീകരിക്കാന്‍ (ഘടത്വമുള്ളതിനാല് ഇതു ഘടമാണ് എന്ന തരത്തില്‍) പോലും ഇതിനെ ഉപയോഗിച്ചു. വ്യക്തിഗതമായ അന്തരനുഭവത്തെ (spychologicl experience) അനുമാനം വഴി എത്തിച്ചേര്‍ന്ന ഫലത്തെ (നിഗമനത്തെ) വിമര്‍ശനപരമായി പരിശോധിക്കാനുപയോഗിക്കാതെ സാധൂകരിക്കാനുള്ള ഒരു ഉപഉപാധി (supplement) ആയി മാത്രം കണക്കാക്കി.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: