തിരുവനന്തപുരം : ലോക കേരളസഭ സമ്മേളനത്തില്‍ വിളിച്ചു വരുത്തിയ ശേഷം മുഖ്യമന്ത്രി ധാര്‍ഷ്ട്യപരമായി പെരുമാറിയെന്ന് ആരോപിച്ച് ക്ഷണിതാവ് ചടങ്ങ് ഉപേക്ഷിച്ചു മടങ്ങി. ഹോളീവുഡ് സംവിധായകനും പ്രവാസി വ്യവസായകനുമായ സോഹന്‍ റോയിയാണ് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയത്.
30ന് നടന്ന ചങ്ങില്‍ ക്ഷണിതാവായെത്തിയ സോഹന്‍ റോയിക്ക് നല്‍കിക്കൊണ്ടാണ് സമീപന രേഖാ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാന്‍ പ്രാപ്തിയുള്ള ആയിരം കോടിയിലേറെ രൂപയുടെയെങ്കിലും വരുമാനം കേരളത്തിനു സാധ്യമായേക്കാവുന്ന എഫ്ഫിസം എന്ന പ്രോജക്റ്റിനെക്കുറിച്ച് സോഹന്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു.
എഫ്ഫിസത്തിലൂടെ മുഖച്ഛായ തന്നെ മാറിയ കേരളത്തിന്റെ അഭിമാനമായ ഏരീസ് പ്ലക്സിനെക്കുറിച്ചും തനിക്ക് അനുവദിച്ചു കിട്ടിയ നാലുമിനുട്ടില്‍ വളരെ ചുരുക്കി അദ്ദേഹം വേദിയില്‍ പങ്കുവെച്ചു. എന്നാല്‍ ആദ്യ ദിവസത്തെ സോഹന്റെ പ്രസംഗം കേള്‍ക്കാതിരുന്ന മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ ശാസനയുമായി എത്തുകയായിരുന്നു. സ്വന്തം പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കാതെ വികസന നിര്‍ദ്ദേശങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ശാസന.
ഇതോടെ സോഹന്‍ ചടങ്ങ് ഉപേക്ഷിച്ച് വേദിയില്‍ നിന്നും മടങ്ങുകയായിരുന്നു. അതേസമയം ഖജനാവിലെ ഒരു പൈസ പോലും ചെലവാക്കാതെ ഫ്ളൈറ്റും പിടിച്ച് സ്വന്തം ചെലവില്‍ താമസിച്ച് വിലയേറിയ സമയം ചിലവഴിച്ചെത്തുന്ന തന്നെപ്പോലുള്ളവര്‍ക്ക് അനുവദിച്ചു കിട്ടുന്ന നാലു മിനിട്ടില്‍ എന്തു പറയണം എങ്ങനെ പറയണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ ഇത്തരം ബ്രാന്‍ഡിങ് ചടങ്ങുകളില്‍ ഭാവിയില്‍ ക്ഷണം കിട്ടിയാലും ഇനി വേണ്ടെന്ന് വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം നാല് വരി കവിതയിലൂടേയും അദ്ദേഹം പ്രകടിപ്പിച്ചു.
മണ്ഡരി ബാധിച്ച തെങ്ങിനെ വെട്ടാതെ
മണ്ഡരിയേല്‍ക്കാത്ത തെങ്ങിനെ കേള്‍ക്കാതെ
മണ്ഡരി മുണ്ഡനം ചെയ്തോരു തെങ്ങിന്റെ
മണ്ടകിളുര്‍ക്കുവാന്‍ യാഗം നടത്തണോ..? എന്നാണ് കവിത. ആശയങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതിനു തനിക്കു നാലു മിനിട്ടു വേണ്ട, വെറും നാലു വരി മാത്രം മതിയെന്നും മണ്ടയാഗം എന്ന് പേരിട്ട കവിതയിലൂടെ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: