തിരുവനന്തപുരം: കനകക്കുന്നിലെ വസന്തോത്സവത്തില്‍ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ രുചികള്‍ക്കൊപ്പം ജീവിതമാണ് ലഹരിയെന്ന ലഹരി വിരുദ്ധസന്ദേശം പകര്‍ന്ന് എക്സൈസ് വകുപ്പ്. ‘നാളെത്തെ കേരളം ലഹരിമുക്ത നവകേരളം’എന്ന പ്രമേയത്തിലൂന്നിയ ‘ലഹരിയോട് നോ പറയാം’ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 500 കെഎസ്ആര്‍ടിസി ബസുകളിലും സന്ദേശങ്ങള്‍ പതിപ്പിച്ചു. എക്സൈസ് വകുപ്പും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജന മിഷനായ വിമുക്തിയും സംയുക്തമായാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
ഞായറാഴ്ചവരെ നീളുന്ന വസന്തോത്സവത്തിലെ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയിരിക്കുന്ന കുടുംബശ്രീയുടെ സ്റ്റാളുകളിലെ ബാനറുകളെ കൂടാതെ മേശപ്പുറത്തുവച്ചിരിക്കുന്ന ബോര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ ടീഷര്‍ട്ടുകളിലും സന്ദേശം ആലേഖനം ചെയ്തിട്ടുണ്ട്. വീടുകള്‍ തോറുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ലഹരി ഉപയോഗവും അതിന്റെ ഉറവിടവും കണ്ടെത്തല്‍, ലഹരിക്ക് അടിമപ്പെട്ടവരെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങി പഞ്ചായത്തു തലത്തിലും വാര്‍ഡ് തലത്തിലും നടന്നുവരുന്ന എല്ലാ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ യൂണിറ്റുകളേയും പങ്കാളികളാക്കിയിട്ടുണ്ട്.
സ്കൂള്‍-കോളേജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്.
വിദ്യാഭ്യാസ മേഖലയിലൂന്നിയ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, മദ്യം-മയക്കുമരുന്ന് എന്നിവയ്ക്ക് അടിമകളായവര്‍ക്ക് ബോധവല്‍ക്കരണം, പുനരധിവാസം, സാമൂഹിക ക്രിയാത്മക ഇടപെടലുകള്‍ എന്നിവയും വിമുക്തിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.
‘ലഹരിയോട് നോ പറയാം’ എന്ന പുതുവത്സരത്തിലെ സമൂഹ മാധ്യമ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റേയും മറ്റു മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പ്രമുഖരുടേയും ഫെയ്സ് ബുക്ക് കവര്‍പേജുകളുടെ ചിത്രം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: