പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്- ഇടതുപക്ഷ കൂട്ടുകെട്ടില്‍ പ്രതിഷേധമെന്ന പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളുടെ തീവ്രത കുറഞ്ഞുവരുന്നുണ്ട്. ഇതൊരു ശുഭലക്ഷണമാണ്. ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതിന്റെ ലക്ഷണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയ മുസ്ലിം വിഭാഗത്തിലുള്ളവര്‍ തന്നെ ഈ നിയമം എന്തെന്നും എന്തിനെന്നും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശ് തന്നെയാണ് ഇതിന് മികച്ച ഉദാഹരണം. യുപിയിലെ മുസാഫര്‍പൂര്‍, ബുലന്ദ്ഷഹര്‍ എന്നിവിടങ്ങളില്‍ നിയമത്തെ എതിര്‍ക്കുന്നവര്‍ നടത്തിയ അതിക്രമങ്ങള്‍ പ്രതിഷേധമെന്ന പേരില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരുത്താന്‍ തയ്യാറാവുന്നു എന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ അല്ലായിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്ക് മുസ്ലിം സമൂഹം ഇനി ഒരുക്കമല്ല എന്ന മുസാഫര്‍ നഗറിലെ മൗലാന കലീഫുള്ളയുടെ പ്രഖ്യാപനം മുതലെടുപ്പ് രാഷ്ട്രീയക്കാര്‍ക്കും ദഹിച്ച മട്ടില്ല. കാരണം പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ ഇരകളാക്കപ്പെടുക മുസ്ലിം ജനതയാണെന്ന് പറഞ്ഞു ധരിപ്പിച്ചവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. മതമാണ് വലുത് എന്ന് ചിന്തിക്കുന്നവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്ത് പാകിയാല്‍ അത് വേഗം മുളപൊട്ടുമെന്ന് അവര്‍ക്കറിയാം. എന്നാലിന്ന് മുസ്ലിം സമൂഹം സത്യം തിരിച്ചറിഞ്ഞു തുടങ്ങി. അക്രമം നടത്താന്‍ തെരുവിലിറങ്ങി, ഒടുവില്‍ ജയിലില്‍ ആയപ്പോഴാണ് രാഷ്ട്രീയക്കാരുടെ തനിനിറം അവര്‍ മനസ്സിലാക്കിയതും.
അല്പം വിവേചന ബുദ്ധിയോടെ ചിന്തിച്ചാല്‍ ഇല്ലാതാകുന്ന പ്രശ്നമേ പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലുള്ളൂ. നിയമം നടപ്പാക്കിയാല്‍ ഇന്ത്യയില്‍ നിലവിലുള്ള മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടമാകും എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് രാജ്യത്തെ സമാധാന നില തകര്‍ത്തത്. ഇത്തരത്തിലൊരു ആശങ്ക മുസ്ലിം വിഭാഗത്തിനിടയില്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. വാസ്തവം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ നിരത്തുകളില്‍ പ്രതിഷേധിച്ചവര്‍ അത് അവസാനിപ്പിച്ചു. ഇസ്ലാമിക തീവ്രവാദ- ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ അകപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്.
രാജ്യത്തിന്റെ പല ഭാഗത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം നടത്തിയതിന് പിടികൂടപ്പെട്ടവരില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍പ്പെട്ടവരും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇത്തരക്കാര്‍ക്ക് പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്നുമാണ് യുപിയില്‍ പിടിയിലായ അക്രമകാരികളില്‍ നിന്നും ലഭിച്ച വിവരം. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
കേരളത്തിനകത്തും പുറത്തും ഒരേ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരുടെ നിലപാടുകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് ഉയര്‍ന്നുകേട്ട പെണ്‍ശബ്ദങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയും ന്യൂദല്‍ഹി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ അയിഷ റെന്നയുടേത്. ദല്‍ഹി പോലീസിന്റെ നേരെ ചൂണ്ടുവിരല്‍ നീട്ടി ആക്രോശിക്കാന്‍ ധൈര്യം കാണിച്ച അയിഷ റെന്നയ്ക്കു കേരളത്തിലെ സിപിഎമ്മുകാര്‍ക്കു മുന്നില്‍ മുട്ടിടിച്ചു. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അവര്‍ക്കുമുന്നില്‍ കൈകൂപ്പി നില്‍ക്കേണ്ടി വന്നു. എവിടെയാണ് യഥാര്‍ത്ഥ ഫാസിസമെന്നും സ്വാതന്ത്ര്യമെന്നും അയിഷയ്ക്കിപ്പോള് മനസ്സിലായിട്ടുണ്ടാവും. ഇത്തരത്തില്‍ അസഹിഷ്ണുതയുടെ വിഷബീജം പേറുന്ന, ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി നിന്നുകൊണ്ട് കള്ള പ്രചാരണം നടത്തുകയും അതിന് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തിന് മുന്നില്‍, പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്ന കാലം വിദൂരമല്ല. ഏത് കള്ളവും പലയാവര്‍ത്തി പറഞ്ഞാല്‍ സത്യമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കും. അത്തരക്കാരെ ലക്ഷ്യമിട്ട് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ണമായും കെട്ടടങ്ങുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: