സാധനചതുഷ്ടയം ശ്ലോകം 18
സാധനാന്യത്ര ചത്വാരി കഥിതാനി മനീഷിഭിഃ
യേഷു സത്സ്വേവ സന്നിഷ്ഠാ യദഭാവേ ന സിദ്ധ്യതി
ആത്മാന്വേഷണത്തിന് നാല് സാധനകള്‍ വേണമെന്ന് തത്വജ്ഞാനികളായ മനീഷികള്‍ പറഞ്ഞിട്ടുണ്ട്. അവയുണ്ടായാലേ ബ്രഹ്മത്തില്‍ നല്ല നിഷ്ഠയുണ്ടാകൂ. അവയുടെ അഭാവത്തില്‍ ലക്ഷ്യം നേടാനാവില്ല. ശ്രുതി പറയുന്നു ‘ശാന്തോ ദാന്ത ഉപരതസ്തിതിക്ഷുഃ സമാഹിതഃ ശ്രദ്ധാവിത്തോ ഭൂത്വാ ആത്മന്യേവാത്മാനം പശ്യേത്’
ശാന്തനും ദാന്തനും ഉപരതിയുള്ളവനും തിതി ക്ഷയം ശ്രദ്ധയുള്ളവനുമായി തന്റെയുള്ളില്‍ ആത്മാവിനെ കാണണം എന്ന്. ഇങ്ങനെ ശ്രുതി വാക്യങ്ങളെ അറിയുന്നവരെയാണ് മനീഷികള്‍ എന്ന് വിളിക്കുന്നത്. ഇവര്‍ തത്വത്തെ അറിഞ്ഞവരാകും. ആദ്ധ്യാത്മിക സാധനയില്‍ വിജയം നേടണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചതും ഇനി പറയാന്‍ പോകുന്നതുമായ നാല് സാധനകളെ വേണ്ട പോലെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. സാധനയില്‍ എന്തെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ ആത്മപരിശോധന നടത്തണം. ഇത് കുറവിനെ നികത്താനും മുന്നോട്ട് പോകാനും സഹായിക്കും. ബാഹ്യമായല്ല, ആന്തരികമായാണ് തടസ്സങ്ങളും ന്യൂനതകളും ഉണ്ടാകുന്നത്.
ശ്ലോകം 19
ആദൗ നിത്യാനിത്യവസ്തു വിവേകഃ പരിഗണ്യതേ
ഇഹാമുത്രഫലഭോഗ വിരാഗസ്തദനന്തരം
ശമാദിഷട്കസമ്പത്തിര് മുമുക്ഷുത്വമിതി സ്ഫുടം
സാധന ചതുഷ്ടയങ്ങളില്‍ ആദ്യം നിത്യ അനിത്യ വസ്തു വിവേകമാണ്.ഇവിടെയും പരലോകത്തും കര്‍മ്മഫലങ്ങളുടെ ഭോഗത്തിലുള്ള വിരക്തിയാണ് രണ്ടാമത്തേത്. ശമം മുതലായ ആറ് ഗുണസമ്പത്തുകളാണ് അടുത്തത്. മോക്ഷം നേടണമെന്ന തീവ്രമായ ഇച്ഛയായ മുമുക്ഷുത്വമാണ് നാലാമത്.
നിത്യ വസ്തുവിനേയും അനിത്യ വസ്തുവിനേയും വേര്തിരിച്ചറിയുന്നതിനേയാണ് വിവേകം എന്ന് പറയുന്നത്. നിത്യ വസ്തുബ്രഹ്മം മാത്രമാണ്. അതല്ലാത്തതൊക്കെ അനിത്യമാണ്. പരിണാമങ്ങള്‍ക്ക് വിധേയമല്ലാത്ത നിത്യ വസ്തുവാണ് സത്യം. അനിത്യമായത് നിരന്തരമായി മാറ്റങ്ങളുള്ളതുമാണ്. എല്ലാ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ആ മാറ്റങ്ങള്‍ക്കൊക്കെ ആധാരമായിരിക്കുന്ന മാറ്റമില്ലാത്ത നിത്യ വസ്തുവെ തിരിച്ചറിയാന്‍ വേദാന്ത പഠനം നടത്തുന്നയാള്‍ക്ക് ഉണ്ടാകണം.
ഇഹലോകത്തും ,അതായത് ഇവിടെയും പരലോകത്തും കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭോഗങ്ങളില്‍ ആസക്തിയില്ലായ്മയാണ് വിരാഗം അഥവാ വൈരാഗ്യം.വിഗതഃ രാഗ വി രാഗഃ. രാഗമില്ലാത്ത അവസ്ഥ. രാഗം എന്നാല്‍ ഒന്നിനോടു തോന്നുന്ന അമിതമായ താല്പര്യം. വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ ചുറ്റുമുള്ളതൊക്കെ ക്ഷണികമായ സുഖവും ആനന്ദവും തരുന്നതാണെന്നന്ന് മനസ്സിലാകും. അപ്പോള്‍ അവയിലുള്ള താല്പര്യം കുറയും ഇതാണ് വിരക്തി അഥവാ വിരാഗം. മാറ്റമില്ലാത്ത വിശേഷമായ ഒന്നിനോട് തോന്നുന്ന രാഗത്തേയും വിരാഗം എന്ന് പറയാം.ശമം, ദമം, ഉപരമം, തിതിക്ഷാ, ശ്രദ്ധാ, സമാധാനം എന്നിവയാണ് ശമാദിഷഡ്ക സമ്പത്തുകള്‍. എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ഇവയെക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: