ശബരിമല: കഠിന വ്രതമെടുത്ത് മലകയറി മണിക്കൂറുകള്‍ കാത്തുനിന്ന് അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരോട് പോലീസ് മോശമായി പെരുമാറുന്നെന്നു പരാതി. സോപാനത്തും നടയിലും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഗുരുതര ആരോപണം.
ദര്‍ശനത്തിനെത്തുന്ന കൊച്ചയ്യപ്പന്മാരെയും മാളികപ്പുറങ്ങളേയും തൊഴാന്‍ അനുവദിക്കാതെ പിടിച്ച് മാറ്റുന്നതായാണ് ആരോപണം. നിലവില്‍ മൂന്നാം ബാച്ച് പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്തടക്കം ഡ്യൂട്ടിയിലുള്ളത്. തീര്‍ത്ഥാടക സൗഹൃദ സമീപനമൊരുക്കണമെന്നുള്ള പോലീസ്- ദേവസ്വം ഉന്നതരുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണിത്.
ക്യൂവില്‍പ്പെട്ട് ക്ഷീണിതരായി പിഞ്ചുകുഞ്ഞുങ്ങളുമായി എത്തുന്ന തീര്‍ത്ഥാടകരെ തിരുനടയുടെ മുമ്പില്‍ നിന്നും വലിച്ചെറിയുന്ന കാഴ്ച വേദനാജനകമാണ്. ഫ്ളൈഓവറടക്കം ഒഴിഞ്ഞുകിടക്കുന്ന സമയങ്ങളില്‍ പോലും വേണ്ടത്ര ദര്‍ശന സൗകര്യമൊരുക്കാന്‍ പോലീസ് തയാറാകുന്നില്ലെന്ന പരാതിയും ഭക്തരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പന്മാര്ക്ക് നേരെയാണ് ഇത്തരം ബലപ്രയോഗങ്ങള്‍ ഏറെയും നടക്കുന്നത്.
പതിനെട്ടാംപടിയില്‍ ഡ്യൂട്ടി നോക്കുന്ന പോലീസുകാരെ സംബന്ധിച്ചും തീര്‍ത്ഥാടകര്‍ക്കിടയില്‍ പരാതികള്‍ ഉയരുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ച ശേഷം സന്നിധാനത്ത് ചുമതലയേറ്റ രണ്ട് പോലീസ് ബാച്ചുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് കാര്യമായ പരാതികള്‍ ഉയര്‍ന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: