ഗൗതമന് എങ്ങനെ ഗൗതമബുദ്ധനായി? പ്രസിദ്ധ മാര്‍ക്സിയന്‍ ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായയുടെ വിശകലനവും നിഗമനവും മറ്റൊരു തരത്തിലാണ്. Indian philosophy A Popular Edition, What is Living and What is Dead in Indian Philosophy, Lokayatha തുടങ്ങിയ തന്റെ കൃതികളില്‍ മാര്‍ക്സിയന്‍ ഭൗതികവാദ (Marxian Materialism) ത്തിലൂന്നിയ ഈ അനുമാനം വിശദമാക്കുന്നുണ്ട്. ഹെഗലിന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദ (Dialectical Materialism) ത്തെ മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ആരോപിച്ച്ചരിത്രപരമായ ഭൗതികവാദം (Historical Materialism) എന്ന പേരില്‍ ഒരാശയം മാര്‍ക്സ് മുന്നോട്ടു വെച്ചു. അതാണ് മാര്‍ക്സിസം (Marxism). അടിസ്ഥാനപരമായി മനുഷ്യസമൂഹം ഉള്ളവരും ഇല്ലാത്തവരും എന്നും മേലാളരും കീഴാളരും എന്നുമുള്ള രണ്ടു വര്‍ഗങ്ങളാണ് എന്ന് ഈ സിദ്ധാന്തം വിശ്വസിക്കുന്നു.
കീരിയും പാമ്പും പോലെ ആജന്മം ബദ്ധശത്രുക്കളാണിവ രണ്ടുമെന്നും ഇവയുടെ അന്യോന്യസംഘട്ടനമാണ് മനുഷ്യചരിത്രത്തിന്റെ ഇന്ധനമെന്നും ഈ വാദം അനുമാനിക്കുന്നു. ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ വാദക്കാര്‍ എല്ലാ സമൂഹങ്ങളുടെയും ചരിത്രത്തെ വ്യാഖ്യാനിക്കുന്നത്. ഓരോ സമൂഹവും രൂപപ്പെട്ടതും നിലനിന്നുപോരുന്നതും വ്യത്യസ്ത സാഹചര്യങ്ങളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതു കണക്കിലെടുക്കാതെയുള്ള ഈ ഒരേ അളവുകോല്പ്രയോഗവും അതിന്റെ പിന്നിലുള്ള മേല്‍പ്പറഞ്ഞ സിദ്ധാന്തവും വികലമാണ്, അശാസ്ത്രീയമാണ്, സത്യത്തിനു നിരക്കുന്നതല്ല എന്നു കാലം തന്നെ തെളിയിച്ചിരിക്കുന്നു. ദേബീപ്രസാദിന്റെ വിശദീകരണം ചുരുക്കത്തില്‍ ഇത്തരത്തിലാണ് ഗൗതമബുദ്ധന്റെ കാലഘട്ടത്തില്‍ വടക്കു കിഴക്കേ ഭാരതത്തില്‍ മഗധം, കോസലം എന്നീ രണ്ടു രാജ്യങ്ങള്‍ ഉദയം ചെയ്തിരുന്നു. അവ ഇതരപ്രദേശങ്ങളിലുള്ള മല്ല, വജ്ജി, ശാക്യ (ഗൗതമബുദ്ധന് ശാക്യഗോത്രക്കാരനാണ് എന്നു നാം കണ്ടു) മുതലായ ഗോത്രങ്ങളെ കീഴടക്കി ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. സാമാന്യജനങ്ങള്‍ക്ക് അന്ന് അനുഭവിക്കേണ്ടി വന്ന ഈ യുദ്ധക്കെടുതി നേരിട്ടു കണ്ടറിഞ്ഞതിനാലാണ് ബുദ്ധന് നിരീശ്വരവും അവൈദികവും സദാചാരപ്രധാനവും ആയ ഒരു പുതിയ മതം തുടങ്ങിയത്. മര്‍ദ്ദിതരുടെ നിശ്വാസമാണ് മതം എന്നും മറ്റും മാര്‍ക്സ് പറഞ്ഞിട്ടുമുണ്ട്.
പ്രപഞ്ചത്തിന്റെ കാരണം മുതലായവയെക്കുറിച്ചൊന്നും ചിന്തിച്ചു സമയം കളയാന്‍ ബുദ്ധന് ഒരുമ്പെട്ടില്ല. അത്തരം തത്വചിന്തകളില്‍ നിന്നെല്ലാം പിന്തിരിയാന് ശിഷ്യരോട് ആവശ്യപ്പെടുകയും ചെയ്തു. തികച്ചും പ്രായോഗികമായ ഒരു പോംവഴി ആണ് അദ്ദേഹം തേടിയത്.
തന്റെ ലോകത്തെ യഥാര്ത്ഥദുരിതത്തെ തുടച്ചുനീക്കുക എന്നത് അന്ന് അസാധ്യമായിരുന്നു. അതിനു സോഷ്യലിസം വരണം. സോഷ്യലിസം വരണമെങ്കില്‍ ചരിത്രപരമായ പല പടവുകള്‍ കടക്കാനുണ്ട്. അവയെ എല്ലാം ഒറ്റയടിക്കു മറികടന്ന് മനുഷ്യന്റെ ഉത്പാദനശേഷിയുടെ പുരോഗതിയാല്‍ മാത്രം സാധ്യമാകുന്ന സമൃദ്ധിയും സമത്വവും എന്ന സോഷ്യലിസ്റ്റു വ്യവസ്ഥിതി കൈവരുത്തുക അസാധ്യമാണ്. ബുദ്ധന്റെ കാലശേഷം ഉത്പാദനശേഷി വീണ്ടും വര്‍ദ്ധിച്ച് അതിനനുസൃതമായി ചൂഷണവും ദുരിതവും വര്‍ദ്ധിച്ച് ക്രമമായിട്ടേ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയൂ. അതുകൊണ്ട് അതിന് വേണ്ട ആദ്യപടി എന്ന നിലക്ക് തന്റെ മുമ്പിലുള്ള ഏകപോംവഴി എന്ന നിലക്ക്, ആ പ്രവാചകന് യഥാര്‍ത്ഥപ്രശ്നത്തിന് അയഥാര്‍ത്ഥമായ ഒരു പരിഹാരം കണ്ടുപിടിക്കേണ്ടതായി വന്നു. അതു വഴി ദുരിതം അനുഭവിക്കുന്നു എന്ന തോന്നലില്‍ നിന്നും മനശ്ശാസ്ത്രപരമായി വ്യക്തിത്വത്തില്‍ ഒരു പരിണാമം എന്ന മുന്സാഹചര്യം (pre condition) ഒരുക്കുകയാണു ബുദ്ധന് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: