മഹാകവി അക്കിത്തത്തിന്റെ നാടക പ്രവര്‍ത്തന രംഗത്തിന് തിരശ്ശീല ഉയരുകയാണ്. ”കുമരനല്ലൂരിലെ വയലുകളില്‍ സ്റ്റേജ് കെട്ടി കളിച്ച തമിഴ്നാടകങ്ങളായിരുന്നു ഞാനാദ്യമായി കണ്ടത്. എനിക്കന്ന് ഏഴോ എട്ടോ വയസ്സേയുള്ളൂ. നിറപ്പകിട്ടാര്‍ന്ന വേഷഭൂഷാദികളോടെ രംഗത്തുവരുന്ന കഥാപാത്രങ്ങളെ കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ട്. വൈദ്യുതിയില്ല, ഗ്യാസ് ലൈറ്റിലാണ് പരിപാടി. ഉച്ചഭാഷിണിയില്ല. ചിലപ്പോള്‍ നടന്മാര് തന്നെ പാടും. ഇവരുടെ നെടുങ്കന്‍ ഡയലോഗുകള്‍ രാത്രിയുടെ നിശ്ശബ്ദത ഭേദിച്ച് അടുത്ത ദേശത്ത് എത്തുമായിരുന്നു. അന്ന് ഞാന്‍ കണ്ട നാടകങ്ങളായിരുന്നു ‘സദാരാമ’യും ‘കോവാല ചരിതവും.’
ഓത്തും ചിത്രം വരയുമായി കഴിഞ്ഞ ഈ ‘സ്കൂള്‍ കുട്ടി’യെ നാടകരംഗത്തേക്ക് കൊണ്ടുവന്നത് ചിത്രകലാദ്ധ്യാപകനായിരുന്ന ടി.വി. ബാലകൃഷ്ണന് നായര്‍ മാഷാണ്. ഇ.വി. കൃഷ്ണപിള്ളയുടെ ‘ബി.എ. മായാവി’, മുന്‍ഷി പരമുപിള്ളയുടെ ‘സുപ്രഭ’ തുടങ്ങിയ നാടകങ്ങളാണ് മാഷ് ഞങ്ങള്‍ കുട്ടികളെക്കൊണ്ട് കളിപ്പിച്ചതെന്ന് അക്കിത്തം ഓര്‍ത്തെടുക്കുന്നു. വേഷങ്ങളും വേദികളും എത്രയെന്ന് തിട്ടമില്ല. പക്ഷേ കവിതയോടൊപ്പം നീങ്ങിയ ആ അഭിനയകാലം അക്കിത്തത്തില്‍ നിറയും. ഇടശ്ശേരി ഗോവിന്ദന് നായരെ പലപ്പോഴും വീട്ടിലെത്തി കാണും. വിടിയും എംആര്‍ബിയും പ്രേംജിയും നയിച്ച നാടകങ്ങളും അതിന്റെ സാമൂഹ്യപ്രതിഫലനവും ആദ്യം കേട്ടറിയുകയായിരുന്നു. മനസ്സും ബുദ്ധിയും ഉണരാന്‍ തുടങ്ങിയ നേരമാണ് കെ. ദാമോദരന്റെ ‘പാട്ട ബാക്കി’ കാണുന്നത്. ബലപ്രയോഗമില്ലാതെയും കമ്യൂണിസമാകാം എന്ന ആശയം ഈ നാടകത്തോട് മമത തോന്നാന്‍ കാരണമായി. ദാമോദരന്റെ ‘രക്ത പാന’വും ചെറുകാടിന്റെ ‘ഇരുമ്പു പെട്ടി’യും പ്രചാരണ നാടകമായി പേരെടുത്തു.
അന്തര്‍ജന വേഷം
വി.ടിയുടെ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ (1920) എംആര്‍ബിയുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ (1938)എം.പി. ഭട്ടതിരിപ്പാട് എന്ന പ്രേംജിയുടെ ‘ഋതുമതി’ (1938) തുടങ്ങിയ നാടകങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ തുടങ്ങി. പ്രേംജി, കൂത്തുള്ളി നാരായണന് നമ്പൂതിരി, എം.എസ്.നമ്പൂതിരി, പരിയാനം പറ്റ എന്നിവരാണ് പ്രധാന നടന്മാര്. അന്ന് സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു. ‘മറക്കുടയ്ക്കുള്ളിലെ മഹാനരക’ത്തില്‍ അക്കിത്തത്തിന് കിട്ടിയ വേഷം അന്തര്‍ജ്ജനത്തിന്റെയാണ്. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളും ബഹുഭാര്യാത്വവും സ്ത്രീവിദ്യാഭ്യാസവും പുരോഗമനാശയങ്ങളും നാടകം ചര്‍ച്ച ചെയ്യുന്നു. സമുദായത്തിന്റെ നവോത്ഥാനമായിരുന്നു നാടകലക്ഷ്യം. വി.ടിയുടെ ‘കരിഞ്ചന്ത’യിലൂടെ ശക്തമായ അഭിനയ മുഹൂര്‍ത്തങ്ങളില്‍ അക്കിത്തം തിളങ്ങി.പ്രേംജിയുടെ ‘ഋതുമതി’യില്‍ വേഷമില്ലായിരുന്നെങ്കിലും സര്‍വ്വവിധ സഹകരണവുമായി അക്കിത്തം മുന്നണിയിലും പിന്നണിയിലുമുണ്ടായിരുന്നു. ‘ഋതുമതിയായൊരു പെണ്കിടാവ്’ എന്ന് തുടങ്ങുന്നു നാടകസന്ദേശ ഗാനത്തിന് ശബ്ദം നല്‍കാനും നിയോഗമുണ്ടായി. നാടകലഹരിയില്‍ അന്ന് എഴുതിപ്പോയ നാടകമാണ് ‘കലിമുഴുത്തു.’ അന്നത്തെ നമ്പൂതിരിമാര്‍ക്ക് പൊതുവെയുണ്ടായിരുന്ന അലസതയാണ് ഇതിവൃത്തം. ചളവറ ഐ.സി.പി.നമ്പൂതിരിപ്പാടിന്റെ ഇല്ലത്തും നിലയങ്കോട്ടുമൊക്കെ നാടകമരങ്ങേറി. നവോത്ഥാന നാടകങ്ങള്‍ ലക്ഷ്യം കണ്ടെങ്കിലും പിന്നീടവയുടെ കാലിക പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.
വി.ടി. എന്ന കാരണവര്‍
മുപ്പതുകളില്‍ രൂപംകൊണ്ട പൊന്നാനിക്കളരിയില്‍ നിര്‍ണായക ശക്തിയായിരുന്നു, അക്കിത്തം. ഇടശ്ശേരി ഗോവിന്ദന് നായരുടെ ‘കൂട്ടുകൃഷി’, ഭവത്രാതന് നമ്പൂതിരിയുടെ ‘അപ്ഫന്റെ മകള്‍’, എം. ഗോവിന്ദന്റെ ‘നീ മനുഷ്യനെ കൊല്ലരുത്’, ഉറുമ്പിന്റെ ‘മണ്ണും പെണ്ണും’ ‘തീകൊണ്ട് കളിക്കരുത്’ എന്നീ നാടകങ്ങള്‍ ഉണര്‍ത്തിയെടുത്ത സാഹിത്യ-സാമൂഹ്യ നവോത്ഥാനവും പുരോഗമനാത്മകമായ ആശയാദര്‍ശങ്ങളും അക്കിത്തത്തിന്റെ നാടകദര്‍ശനത്തിന് മിഴിവേകി. എം.എന്‍.റോയിയുടെ മാനവികതയെന്ന മഹാശയ പ്രസ്ഥാനത്തിന്റെ യാത്രാപഥത്തിലാണ് പൊന്നാനി താലൂക്ക് കേന്ദ്രസമിതി പ്രവര്‍ത്തനം തുടങ്ങിയത്. ഇടശ്ശേരിയുടെ നാടകമായ ‘കൂട്ടുകൃഷി’യുടെ പ്രമേയം ഇതിനാധാരമാണ്. ഇതില്‍ ഉറൂബ് മുസ്ലിം വേഷമണിഞ്ഞപ്പോള്‍ അക്കിത്തം ശ്രീധരന് നായരായി വിലസി. അറുപതോളം വേദികളിലാണ് നാടകം നിറഞ്ഞാടിയത്.
യോഗക്ഷേമസഭാ പ്രവര്‍ത്തനവും അതിന്റെ നാടക സംരംഭങ്ങളുമാണ് മഹിത വ്യക്തിത്വങ്ങളുമായി കൂട്ടുകൂടാനും ചിന്താപദ്ധതിയെ നവീകരിക്കാനും അക്കിത്തത്തിന് ആദ്യകാലങ്ങളില്‍ തുണയായത്. വി.ടി. ആ മനസ്സില്‍ കാരണവ സ്ഥാനം നേടി. ഇഎംഎസും ഐസിപി നമ്പൂതിരിപ്പാടും ആ കര്‍മ്മ ചരിത്രയാത്രയില്‍ രാസത്വരകങ്ങളായി. ഇല്ലങ്ങളിലും യോഗക്ഷേമസഭയുടെ യോഗങ്ങളിലുമാണ് പ്രധാനമായും നാടകമരങ്ങേറുക. ചൊവ്വരയിലെ സഭാ ക്യാമ്പില്‍ ഒരു നാടകം പിറന്നു- ‘പുറത്തു പോകൂ’ എന്ന ആ നാടകം സംയുക്ത രചനയാണ്. എംആര്‍ബി, ഒളപ്പമണ്ണ, ചിത്രഭാനു, പ്രേംജി, അക്കിത്തം എന്നിവരുടെ പ്രതിഭായത്നം. സംബന്ധമേറെക്കഴിഞ്ഞ ഒരു നമ്പൂതിരി കോവിലകത്തേക്ക് സംബന്ധം കൂടാന്‍ ചെന്നപ്പോള്‍ വിദ്യാസമ്പന്നയായ സ്ത്രീ ആ നിരക്ഷരനെ ആട്ടിപ്പായിക്കുന്ന പ്രമേയം ആസ്വാദക ഹൃദയത്തില്‍ കൊടുങ്കാറ്റായി. തമ്പുരാട്ടിയെ വശത്താക്കാനുള്ള മണ്ടന്‍ നമ്പൂതിരിയുടെ ഇംഗ്ലീഷു പഠനരംഗം ഇതിലെ ‘ഹാസ്യഹിറ്റാ’യി. നമ്പൂര്യച്ചന്റെ ഇംഗ്ലീഷദ്ധ്യയനം നാട്ടുപാട്ടായി ഗ്രാമാന്തരങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുകയായിരുന്നു. ഈ നാടകത്തിന്റെ അരങ്ങേറ്റത്തിനെത്തിയത് ജി.ശങ്കരക്കുറുപ്പാണ്. അക്കിത്തത്തിന്റെ നാടക വേഷം കണ്ട ജി. തോളില്‍ത്തട്ടി അഭിനന്ദിച്ചു-”കവിത എഴുതുന്ന അക്കിത്തത്തെ അറിയാം, പക്ഷേ, അരങ്ങില്‍ കാണുന്നത് ആദ്യമായിട്ടാ…”
നാടകത്തിന് അനുജത്തിയും
വി.ടി.യെയും അദ്ദേഹത്തിന്റെ നാടകങ്ങളെയും സമുദായം വാഴ്ത്തിയെങ്കിലും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. ‘സനാതനി’ എന്ന പ്രസിദ്ധീകരണവും, നവോത്ഥാനത്തെ എതിര്‍ത്ത ചില സമുദായ നേതാക്കളുടെയും അസ്വാരസ്യം ക്രമേണ കെട്ടടങ്ങി. നാടകം കളിച്ചു നടന്നാല്‍ സമുദായ പ്രമാണിമാര്‍ക്ക് രസിക്കില്ലെന്ന് അക്കിത്തത്തിന്റെ അച്ഛന് തോന്നി. അതുകൊണ്ടാവാം അല്പസ്വല്പ്പം നീരസം ഇക്കാര്യത്തില്‍ അച്ഛനുമുണ്ടായിരുന്നെന്ന് അക്കിത്തം ആദരവോടെ ഓര്‍ക്കുന്നു. വിധവാവിവാഹത്തില്‍ പങ്കെടുത്തതുകൊണ്ട് അക്കിത്തത്തിന് സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്നു. ‘അച്ഛന്റെ കൂടെ മകന് ശ്രാദ്ധമൂട്ടാന്‍ പാടില്ല’ എന്ന ശിക്ഷാവിധിയും ഇതിന്റെ പശ്ചാത്തലമായി കൂട്ടി വായിക്കാം.
ഇല്ലത്തിനുള്ളില്‍ പോലും നാടകം കാണാന്‍ സ്ത്രീക്ക് അവസരം നിഷേധിച്ച ആ കാലത്തെ മറ്റൊരനുഭവവും കവിക്ക് രേഖപ്പെടുത്താനുണ്ട്. സാമൂഹ്യ നവോത്ഥാന കാലത്തുപോലും സ്ത്രീ പുതച്ചുമൂടി മറയ്ക്കുള്ളിലിരുന്നാണ് നാടകം കണ്ടത്. ബാലികമാരെപ്പോലും നാടകം കാണാനനുവദിക്കാത്ത കാലം. അക്കിത്തത്തിന്റെ അനിയത്തിക്കൊരു മോഹം-നാടകം കാണണം. പന്ത്രണ്ടുകാരിയായ അനിയത്തിയെ കൂട്ടി പതിനാറുകാരനായ ജ്യേഷ്ഠന് അച്ഛനറിയാതെ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് നടന്നെത്തി നാടകം കണ്ട ‘ഐതിഹാസിക കഥ’ സരസമായി അക്കിത്തം പറയുന്നു.
യാഥാസ്ഥിതികത്വത്തിനെതിരെ ആശയനവീകരണം സാധിക്കാനും, മനുഷ്യന് മനുഷ്യനെ ചൂഷണവിധേയമാക്കുന്നതിനെ പ്രതിഷേധിക്കാനും, ദേശീയ ബോധത്തിന്റെ പൊരുളുണര്ത്താനും, നിസ്വവര്‍ഗത്തെ വര്‍ഗ്ഗസമരത്തിന് ഒരുക്കിയെടുക്കാനും നാടകകലയുടെ സാധ്യതകള്‍ ഇത്രമാത്രം പ്രയോജനപ്പെടുത്തിയ മറ്റൊരു കാലഘട്ടവും കേരളചരിത്രത്തിലില്ല.
ഭാഗവതം തന്നെ നാടകം
പില്ക്കാലം ‘ആകാശവാണി’യിലൂടെ പുറത്തുവന്ന ശ്രാവ്യനാടകങ്ങളും നാടക സംഗീതശില്‍പ്പങ്ങളും അക്കിത്തമെന്ന നാടക പ്രതിഭയുടെ മാറ്റുരയ്ക്കുകയായിരുന്നു. സ്വന്തം നാടകദര്ശനത്തെ മൂല്യനിര്‍ണയം ചെയ്യാന്‍ ഒരുങ്ങുന്നില്ല അക്കിത്തം. ”നിരവധിനാടകങ്ങളില് അഭിനയിച്ചു; പല നാടകങ്ങളും രചിച്ചു: നാടക പ്രസ്ഥാനവുമായി സഹകരിച്ചു. എങ്കിലും നാടകത്തെപ്പറ്റി ഞാന്‍ മൗലികമായി അറിഞ്ഞതും അതിന്റെ അര്‍ത്ഥം ഗ്രഹിച്ചതും ഭാഗവതത്തിലേക്ക് കടന്നതിനു ശേഷമാണ്. ഭാഗവതമാണ് എന്നെ നാടകത്തിന്റെ പൊരുളറിയിച്ചതും അനുഭവിപ്പിച്ചതും. ഈശ്വരന് ജീവജാലങ്ങളെ കഥാപാത്രങ്ങളായി സൃഷ്ടിച്ചു. ഇവിടെ നടക്കുന്നത് മുഴുവന്‍ നാടകമാണ്. ഓരോ മനുഷ്യനും ഇവിടെ ആടുന്നത് ഓരോരോ വേഷംതന്നെ. ‘നാടകമേയുലകം’ സാര്‍ത്ഥകമായ ഉപദര്ശനമാകുന്നു.
‘നാടകാന്തം കവിത്വ’മെന്ന മഹാശയത്തിന്റെ പൊരുള്‍ അക്കിത്തത്തിന്റെ സ്വത്വത്തിലലിയുന്നുണ്ട്. സ്വന്തം നാടക കാലത്തിന്റെ സംസ്കൃതിയില്‍ നിന്നാര്‍ജിച്ച അന്തര്‍നാദവും അക്കിത്തത്തിന്റെ കാവ്യവിപഞ്ചികയില്‍ ലയാത്മകമായ സംഗീതമുണര്‍ത്തി. ദ്വന്ദ്വങ്ങളെ സ്വാംശീകരിച്ച സമന്വയത്തിന്റെ നിലപാടു തറയിലാണ് അക്കിത്ത പ്രതിഭയുടെ നടനം. നിസ്സംഗതയുടെ ജ്ഞാനപീഠത്തിലിരുന്ന് മഹാകവി പാടുന്നത് കേള്‍ക്കാം-
”കൃഷ്ണപ്പരുന്തുപോല്‍ ദ്ദേവ-
മാര്‍ഗ്ഗത്തില്‍ വിഹരിക്കിലും
പൊഴിച്ചീടുന്നു ഞാന്‍ ലോക-
സമസ്ത സുഖ വൈഖരി”
പ്രതികരിക്കാൻ ഇവിടെ എഴുതുക: