കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ശ്രദ്ധിക്കേണ്ടതും ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുമാണ്. മൂന്നിടത്തും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. അത് സ്വാഭാവികമാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി വിജയിക്കുന്നതാണ് നമ്മുടെ നാട്ടിലെ പതിവ്. എന്നാല്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ഒന്ന്, രണ്ടാമത്തെ കക്ഷിയായി ബംഗാളില്‍ ബിജെപി രൂപപ്പെട്ടു, ആധിപത്യം ഉറപ്പിച്ചു. ഇനി മുതല്‍ അവിടെ മത്സരം മമത ബാനര്‍ജിയുടെ പാര്‍ട്ടിയും ബിജെപിയും തമ്മിലാണ്. രണ്ട്, സിപിഎമ്മിന്റെ ദയനീയ പതനമാണ്. 34 വര്‍ഷം ബംഗാളില്‍ ഭരണം കയ്യാളിയിരുന്ന പാര്‍ട്ടി, കോണ്‍ഗ്രസുമായി പരസ്യമായ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ട് പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിനേക്കാളുപരി അവര്‍ക്ക് അവിടെ കിട്ടിയത് പത്ത് ശതമാനത്തില്‍ കുറവ് വോട്ടാണ്. സിപിഎം മത്സരിച്ച ഒരു മണ്ഡലത്തില്‍ ലഭിച്ചത് വെറും 9.09 ശതമാനം വോട്ട്. സീതാറാം യെച്ചൂരിയുടെ പാര്‍ട്ടി ഇന്നിപ്പോള്‍ എവിടെയെത്തി നില്ക്കുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതുണ്ടല്ലോ.
കണ്ടില്ലെന്നുനടിച്ചതകര്ച്ചകള്ബംഗാളിലെ കാര്യം മാത്രമല്ല ഇവിടെ പരിശോധിക്കേണ്ടത്. സിപിഎമ്മിന് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഒരു സംഭവ വികാസമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധ ചേരിക്ക് എന്തെങ്കിലും നേട്ടമുണ്ടാവുമ്പോള്‍ അതിനു പിന്നില്‍ താനാണ് എന്നുപറഞ്ഞു നടക്കുന്ന നേതാക്കളാണ് ഇന്ന് ദല്‍ഹിയില്‍ സിപിഎമ്മിനുള്ളത്. ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ എവിടെയെങ്കിലും വിജയിച്ചാല്‍ അതിന്റെ അവകാശം ഏറ്റെടുക്കാന്‍ നടക്കുന്നവര്‍. പഴയകാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ എട്ടുകാലി മമ്മൂഞ്ഞ് എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ചിരുന്നു. അതാണ് ഇക്കൂട്ടരെ കാണുമ്പോള്‍ മലയാളികള്‍ക്ക് ഓര്മ വരിക. ഇങ്ങനെയൊക്കെ വേഷം കെട്ടി ആടുന്നതിനിടയില്‍ അവര്‍ സ്വന്തം പാര്‍ട്ടിയുടെ ദുരവസ്ഥ തിരിച്ചറിയുന്നില്ല എന്നാണോ കരുതേണ്ടത് അതോ കണ്ടിട്ടും കാണാതെ നടക്കുകയാണ് എന്നാണോ. സിപിഎം ആയതുകൊണ്ട് ഇതൊന്നും നേതാക്കള്‍ കണ്ടില്ല എന്ന് കരുതാന്‍ പ്രയാസമാണ്. അവരുടെ ഒരു സംഘടനാ രീതി അങ്ങനെയാണല്ലോ.
ആദ്യമായി ബംഗാളിലെ രാഷ്ട്രീയ പശ്ചാത്തലം ഒന്ന് വിശകലനം ചെയ്യുന്നത് നല്ലതാണ്. പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ അത് സഹായിക്കും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലാണ് മത്സരിച്ചത്. സിപിഎം അന്ന് 148 മണ്ഡലങ്ങളില്‍ മത്സരിച്ചു. കോണ്‍ഗ്രസാവട്ടെ 92 സ്ഥലത്തും. എന്നാല്‍ കോണ്‍ഗ്രസ് 44 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ സിപിഎമ്മിന് കിട്ടിയത് വെറും 26 സീറ്റ്. തുറന്നുപറഞ്ഞാല്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്തത് മമത ബാനര്‍ജിക്കാണ് എന്നതായിരുന്നു സിപിഎമ്മിന്റെ പഠനം. അന്ന് ഇത്തരമൊരു ‘അവിഹിത രാഷ്ട്രീയ സഖ്യത്തെ’ ചൊല്ലി സിപിഎമ്മില്‍ വലിയ പോര് തന്നെ നടന്നിരുന്നു. കേരളാ നേതാക്കള്‍ ആ സഖ്യത്തെ എതിര്‍ത്ത് നിലകൊണ്ടത് ചരിത്രത്തിന്റെ ഭാഗമാണ്.
എന്നിട്ടും അതില്‍ നിന്ന് പാഠം പഠിക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സഖ്യനീക്കവുമായി സിപിഎം കോണ്‍ഗ്രസിന്റെ പിന്നാലെ ഇറങ്ങി. രാഹുല്‍ ഗാന്ധി അതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. പക്ഷെ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് അത് വിചാരിച്ചതുപോലെ സാധ്യമായില്ല. ബിജെപിയെ തോല്പ്പിക്കാനായി രഹസ്യമായി ചില നീക്കങ്ങള്‍ക്ക് ശ്രമം നടത്തുകയും ചെയ്തിരുന്നു. അന്ന് കോണ്‍ഗ്രസിന് 5.67 ശതമാനം വോട്ടും രണ്ട് സീറ്റും കിട്ടി. സിപിഎമ്മിന് ലഭിച്ചത് വെറും 6.34 ശതമാനം വോട്ട്. ഒരൊറ്റ എംപിയെപ്പോലും വിജയിപ്പിക്കാനായില്ല താനും. ഒരൊറ്റ നിയമസഭാ മണ്ഡലത്തില്‍ പോലും അന്ന് ഒന്നാമതെത്താന്‍ യെച്ചൂരിയുടെ പാര്‍ട്ടിക്കായില്ല.
കൊഴിഞ്ഞുപോയ സാരഥികള്യഥാര്ഥത്തില് തങ്ങളുടെ നില പരിതാപകരമാണ് എന്നത് നിയമസഭാ തെരഞ്ഞെടുപ്പിന് വളരെ മുന്‍പേ ബംഗാളിലെ സിപിഎം നേതാക്കള്‍ക്കും യെച്ചൂരിക്കും അറിയാമായിരുന്നു. ഇക്കാര്യം വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തതുമാണ്. 2015 ഏപ്രില്‍ മാസത്തിലായിരുന്നല്ലോ പാര്‍ട്ടി കോണ്‍ഗ്രസ്. അതുകൊണ്ടാണ് മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസെങ്കിലും കൂടെ ഉണ്ടായേ തീരൂ എന്നൊക്കെ തീരുമാനിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പായി ഏറ്റവുമധികം പാര്‍ട്ടി അംഗങ്ങള്‍ കൊഴിഞ്ഞുപോയത് ബംഗാളിലാണ്. 39,996 പേര്. പാര്‍ട്ടി അംഗത്വത്തില്‍ മാത്രമല്ല, ട്രേഡ് യൂണിയന് രംഗത്തും അത് പ്രകടമാണ്. 2008ല്‍ ബംഗാളിലെ അവരുടെ തൊഴിലാളി സംഘടനകള്‍ക്ക് 17,96,420 അംഗങ്ങളുണ്ടായിരുന്നു. 2012 ആയപ്പോള്‍ അത് 12,18,213 ആയി കുറഞ്ഞു. അഞ്ചുവര്‍ഷത്തിനകം ഏതാണ്ട് അഞ്ചര ലക്ഷത്തിലേറെ തൊഴിലാളികള്‍ ചുവപ്പ് പതാകയെ തള്ളിപ്പറഞ്ഞു എന്നര്‍ത്ഥം. കര്‍ഷക മേഖലയില്‍ അതിലേറെ കൂടുതലാണ്. അഞ്ചുവര്‍ഷക്കാലത്ത് അവിടെ ചെങ്കൊടി ഉപേക്ഷിച്ചുപോയത് ഏതാണ്ട് 45 ശതമാനം പേരാണ്. കൃത്യമായി പറഞ്ഞാല്‍ 71.94 ലക്ഷം പേര്. ബംഗാള്‍ പോലുള്ള ഒരു സംസ്ഥാനത്ത്, കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ എന്ന് പറയാറുള്ള തൊഴിലാളികള്‍ സിപിഎമ്മിനെ വിശ്വസിക്കാത്ത അവസ്ഥയിലായി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പേ പാര്‍ട്ടി ഇക്കാര്യം മനസിലാക്കിയിരുന്നു. അവിടെനിന്ന് അവര്‍ പിന്നെയും പിറകോട്ട് പോയി എന്നതാണ് ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പുകള്‍ കാണിച്ചുതരുന്നത്.
ഖരഗ്പൂര്‍ സദര്‍, കാലിയാഗഞ്ച്, കരിമ്പൂര് എന്നിവയാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങള്‍. അതിലെ വോട്ടിന്റെ കണക്കുകള്‍ ഒന്ന് പരിശോധിക്കാം. അതില്‍ ആദ്യ രണ്ടു മണ്ഡലങ്ങളില്‍, ഖരഗ്പൂര്‍ സദര്‍, കാലിയാഗഞ്ച് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് മത്സരിച്ചത്. 2016ല്‍ ഖരഗ്പൂര്‍ സദറില്‍ കോണ്‍ഗ്രസിന് കിട്ടിയത് 35.8% വോട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 14.8% ആയി ചുരുങ്ങി. കാലിയാഗഞ്ചില്‍ 2016ല്‍ കോണ്‍ഗ്രസ് നേടിയത് 53.46% വോട്ടായിരുന്നത് ഇന്ന് 8.64% ആയി ചുരുങ്ങി. ഇനി സിപിഎം മത്സരിച്ച കരിമ്പൂര് മണ്ഡലത്തിലെ അവസ്ഥ പരിശോധിക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ സിപിഎമ്മിന് ലഭിച്ചത് 37.56% ആയിരുന്നു. ഇപ്പോഴത് വെറും 9.09 ശതമാനമായി. 2016ലും ഇപ്പോഴും കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുകെട്ടുണ്ടാക്കിയാണ് മത്സരിച്ചത് എന്നത് ഓര്‍ക്കുക. അന്ന് കോണ്‍ഗ്രസിനും സിപിഎമ്മിനും ലഭിച്ചത് 12% വോട്ടാണ്. അത് യഥാക്രമം 5.67 ശതമാനവും 6.34 ശതമാനവും ആയി കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഇത്രക്ക് കുറഞ്ഞതെന്നും രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായിരുന്നില്ല എന്നുമൊക്കെയാണ് അന്ന് ആ രണ്ടു പാര്‍ട്ടികളും പറഞ്ഞുനടന്നത്. എന്നാല്‍ അതിനേക്കാള്‍ അവരിപ്പോള്‍ പിന്നാക്കം പോയിരിക്കുന്നു. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലും പിന്നീട് നടന്ന പ്ലീനത്തിലും ബംഗാളിനെ രക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയ പാര്‍ട്ടിയുടെ ഗതികേടാണിത്. ഇനിയും അവര്‍ക്ക് അവിടെ താഴെ പോകാനില്ല. 34 വര്‍ഷക്കാലം ബംഗാള്‍ ഭരിച്ച പാര്‍ട്ടി ഇന്നിപ്പോള്‍ കേരളത്തിലെ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ.
ഇതിനേക്കാള്‍ മോശമാണ് മറ്റ് പല സംസ്ഥാനങ്ങളിലും സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥ. ലോക്സഭയില്‍ വെറും മൂന്ന് അംഗങ്ങളുള്ള പാര്‍ട്ടിയായി അത് മാറിക്കഴിഞ്ഞല്ലോ. തൃപുരയിലും സ്ഥിതി വളരെ മോശമായിക്കഴിഞ്ഞു. അത് വിശദമായി പരിശോധിക്കപ്പെടേണ്ട വിഷയവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: