ഇന്ത്യയില്‍ എംബിബിഎസ്/ബിഡിഎസ്/അണ്ടര്‍ ഗ്രാഡുവേറ്റ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി 2020) മേയ് മൂന്ന് ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതല്‍ 5 മണിവരെ നടത്തും. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ആയുഷ് ബിരുദ കോഴ്സുകളില്‍ (ബിഎഎംഎസ്/ബിഎച്ച്എംഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ്) പ്രവേശനമാഗ്രഹിക്കുന്നവരും നീറ്റ് യോഗ്യത നേടണം.
അര്‍ഹത: ഭാരതീയര്‍ക്കും നോണ്‍ റസിഡന്റ് ഇന്ത്യന്‍, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പേഴ്സണ്‍സ് വിത്ത് ഇന്ത്യന്‍ ഒറിജിന്‍, വിദേശ വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പ്രായം 2020 ഡിസംബര്‍ 31 ന് 17 വയസ്തികയണം.ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷ് ഉള്‍പ്പെടെ ഇതേ വിഷയങ്ങള്‍ പ്രത്യേകം പാസായിരിക്കുകയും വേണം. എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40 ശതമാനവും ഓപ്പണ്‍/ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 45 ശതമാനവും മാര്‍ക്ക് മതിയാകും. 2020 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ബിഎസ്സിക്കാരെയും പരിഗണിക്കും. ഫിസിക്സ്, കെമിസ്ട്രി. ബയോളജി (ബോട്ടണി-സുവോളജി)ബയോടെക്നോളജി വിഷയങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ കുറയാതെ പഠിച്ച് നിശ്ചിത ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തിരിക്കണം. പ്ലസ്ടു തലത്തിലും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം നിശ്ചിത ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ‘നീറ്റ്-യുജി 2020’ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
ഫീസ്: ജനറല്‍ വിഭാഗത്തിന്-1500 രൂപ. ജനറല്‍ ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍-1400 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ്ജെന്‍ഡര്‍- 800 രൂപ. പ്രോസസിങ് ചാര്‍ജ്/സേവനനികുതി കൂടി നല്‍കേണ്ടതുണ്ട്. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ജനുവരി ഒന്നിനകം ഫീസ് അടയ്ക്കണം.
ആദ്യമാദ്യം അപേക്ഷിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം ലഭിക്കും. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും.അപേക്ഷാ സമര്‍പ്പണത്തിന് ആധാര്‍ നമ്പര്‍/ഇലക്ഷന് കാര്‍ഡ്/പാസ്പോര്‍ട്ട്/റേഷന്‍ കാര്‍ഡ്/ബാങ്ക് അക്കൗണ്ട് നമ്പര്‍/പ്രാബല്യത്തിലുള്ള ഗവണ്മെന്റ് ഐഡി നമ്പര്‍, ജനനതീയതി, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവ ആവശ്യമാണ്. ഫോട്ടോഗ്രാഫും സിഗ്നേച്ചറും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍േദ്ദശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ജനുവരി 15 മുതല്‍ 31 വരെ സമയമുണ്ട്. അപേക്ഷ പൂര്‍ത്തിയാക്കി കണ്ഫര്മേഷന് പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം. അപേക്ഷയുടെ സ്റ്റാറ്റസ്, അപ്ഡേറ്റുകള് അറിയുന്നതിന് ംംം.ിമേിലല.േിശര.ശി നിരന്തരം സന്ദര്‍ശിക്കണം.
പരീക്ഷ: ഒബ്ജക്റ്റീവ് മാതൃകയിലുള്ള ‘നീറ്റ്-യുജി’ക്ക് ഒറ്റ ചോദ്യപേപ്പറാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്‍ഡ് സുവോളജി) വിഷയങ്ങളിലായി 180 ചോദ്യങ്ങളുണ്ടാവും. ആകെ 720 മാര്‍ക്കിനാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയാണ്. വിശദമായ പരീക്ഷാ സിലബസ്സും റാങ്കിംഗ് രീതിയുമൊക്കെ വെബ്പോര്‍ട്ടലിലുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍: കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. സൗകര്യാര്‍ത്ഥം നാല് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് അപേക്ഷയില്‍ രേഖപ്പെടുത്താം.അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 27 നും ഏപ്രില്‍ 10 നും ഇടയില്‍ ഡൗണ്‍ലോഡ് ചെയ്യാം. മേയ് മൂന്നിന് ഉച്ചയ്ക്ക് 2 മുതല്‍ 5 മണിവരെയാണ് പരീക്ഷ. ഒന്നേകാല്‍ മണിക്ക് മുമ്പ് പരീക്ഷാ ഹാളില്‍ എത്തിയിരിക്കണം. ഒന്നര മണിക്കുശേഷം പ്രവേശനമില്ല. ഡ്രസ്കോഡ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പരീക്ഷാര്‍ത്ഥികള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. പരീക്ഷ കഴിഞ്ഞ് ഉത്തരസൂചിക വെബ്പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. ഫലം ജൂണ്‍ 4 ന് പ്രഖ്യാപിക്കും.
നീറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍, ജനറല്‍ ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 പെര്‍സെന്റൈലില്‍ കുറയാതെയും എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് 40, ജനറല്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 45 പെര്‍സെന്റൈലില്‍ കുറയാതെയും കരസ്ഥമാക്കണം. നീറ്റ് സ്കോര്‍ അടിസ്ഥാനത്തിലാണ് ഓള് ഇന്ത്യാ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്.അഡ്മിഷന് കൗണ്‍സലിംഗ്: എംബിബിഎസ്/ബിഡിഎസ് കോഴ്സുകളില്‍ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കും, എയിംസുകള്‍, ജിപ്മെര്‍, എഎഫ്എംസി, ഇഎസ്ഐ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്/സ്ഥാപനങ്ങളിലേക്കും ദല്‍ഹി വാഴ്സിറ്റി/ബനാറസ് ഹിന്ദു വാഴ്സിറ്റി/അലിഗര്‍ മുസ്ലിം വാഴ്സിറ്റി, കല്പിത സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലേക്കും മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം നീറ്റ് ഓള് ഇന്ത്യാ റാങ്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മറ്റി (എംസിസി) നടത്തുന്ന ഓണ്‍ലൈന്‍ കൗണ്‍സലിംഗ് വഴിയാണ്. അഡ്മിഷന് കൗണ്‍സലിംഗ്/സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകള്‍ ംംം.ാരര.ിശര.ശി ല്‍ പ്രത്യേകം പിന്നീട് പ്രസിദ്ധീകരിക്കും.
ആയുഷ് ബിരുദ കോഴ്സുകളില്‍ (ബിഎഎംഎസ്/ബിഎച്ച്എംഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ്) 15% അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള അഡ്മിഷന് കൗണ്‍സലിംഗ് ആയുഷ് സെന്‍ട്രല്‍ കൗണ്‍സലിംഗ് കമ്മറ്റിയാണ് (എഎസിസിസി) നടത്തുന്നത്. കൗണ്‍സലിംഗ്/സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകള്‍ യഥാസമയം ംംം.മമരരര.ഴീ്.ശി ല്‍ പ്രസിദ്ധീകരിക്കും.സ്റ്റേറ്റ് ക്വാട്ടാ പ്രവേശനം: കേരളത്തില്‍ മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദം, ഹോമിയോ, സിദ്ധ മുതലായ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനും ‘നീറ്റ് യുജി’യില്‍ പങ്കെടുത്ത് യോഗ്യത നേടണം. ഇവിടെ മെഡിക്കല്‍ ബിരുദ കോഴ്സുകളിലെ പ്രവേശന നടപടികള്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറാണ് നിര്‍വഹിക്കുന്നത്. നീറ്റ് യുജി അഖിലേന്ത്യാ റാങ്ക്ലിസ്റ്റിലുള്ളവരില്നിന്നും പ്രത്യേകം അപേക്ഷകള്‍ സ്വീകരിച്ച് മെരിറ്റ് ലിസ്റ്റുകള്‍ തയ്യാറാക്കി അഡ്മിഷന് നല്‍കും. പ്രവേശന വിജ്ഞാപനം യഥാസമയം ംംം.രലലസലൃമഹമ.ീൃഴ ല്‍ പ്രസിദ്ധപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: