പുനലൂര്‍: തമിഴ്നാട്ടിലെ മഴക്കെടുതി പൂ വിപണിക്ക് തിരിച്ചടിയായി. ഏറ്റവും വലിയ പൂ വിപണിയായ ശങ്കരന്‍കോവിലിലും പരിസരഗ്രാമങ്ങളിലും ഇപ്പോഴും ഒന്നിടവിട്ടുള്ള മഴയാണ്. ആവശ്യക്കാര്‍ ഏറിയതോടെ മുല്ലയുടെ വില കിലോഗ്രാമിന് 3000 രൂപ കടക്കുമെന്നാണ് സൂചന.
പൂവിന്റെ സീസണല്ലെന്നിരിക്കെ ഓരോ ദിവസവും തോന്നുംപടിയാണ് വില ഈടാക്കുന്നത്. നേരത്തെ കിലോക്ക് വില 2100 രൂപയായിരുന്ന മുല്ലപ്പൂ കഴിഞ്ഞ ദിവസം 2700 കടന്നു. നാളെ ഞായറാഴ്ച കൂടിയായതിനാല്‍3000നും മുകളില്‍ വില എത്തുമെന്നാണ് പൂക്കച്ചവടക്കാരുടെ പക്ഷം.
ഞായറാഴ്ച കല്യാണങ്ങള്‍ നിരവധി ഉള്ളതിനാല്‍ ഓര്‍ഡറെടുക്കും മുന്‍പ് തന്നെ ഇക്കാര്യം പാര്‍ട്ടികളോട് ചെറുകിട കച്ചവടക്കാര്‍ പറഞ്ഞിട്ടുണ്ട്. മുല്ലപ്പൂവിന്റെ വില വര്‍ധനക്ക് പിന്നില്‍ ചില വന്‍കിട കച്ചവടക്കാരുടെ കളികളുണ്ടെന്നും സൂചനയുണ്ട്. ബന്തി 140 (ഒസുര്ബന്തി-160), പിച്ചി-1200, അരളി-450 എന്നിങ്ങനെയാണ് ഇന്നലെ വില. എന്നാല്‍ ജമന്തി, കോഴിപ്പൂ മുതലായവ വിലക്കെടുത്ത് മാലകെട്ടിയാല്‍ അഴുകി പോകുമെന്നതിനാല്‍ കച്ചവടക്കാര്‍ എടുക്കാറില്ല എന്നും പൂക്കച്ചവടക്കാര്‍ പറയുന്നു. ശങ്കരന്‍കോവിലിന് സമീപത്തെ വീരുരുപ്പ്, ശിങ്കിലിപ്പെട്ടി, ശെവല്പ്പെട്ടി തുടങ്ങിയ ഗ്രാമങ്ങളിലെ വയലേലകളില്‍ ആണ് മുല്ലക്കൃഷി ചെയ്യുന്നത്. കേരളത്തില്‍ ഓണവും കല്യാണസീസണും വരുമ്പോഴാണ് മുല്ലയുടെ വില കൂട്ടുന്നത്. എന്നാല്‍ മഴയില്‍ കുറ്റുമുല്ല നശിക്കുന്നതും പൂവിന്റെ ലഭ്യതക്കുറവിലേക്ക് നയിക്കുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: