കോട്ടയം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ വികസന പദ്ധതികള്‍ സ്തംഭനത്തിലേക്ക്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രം അവശേഷിക്കെ 2019-20 വര്‍ഷത്തെ പദ്ധതി ചെലവ് ഡിസംബറായപ്പോള്‍ 33.25 ശതമാനം മാത്രം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 53.28 ശതമാനമായിരുന്നു. ഇരുപത് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖജനാവ് പൂട്ടാതെയിരിക്കാന് ശമ്പള ബില്ലുകള്‍ ഒഴികെയുള്ളവ മടക്കി അയയ്ക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ വരെ പരമാവധി വച്ചു താമസിപ്പിക്കാനാണ് ധന വകുപ്പ് വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ബില്ലുകള്‍ അതാത് ദിവസം വൈകുന്നേരത്തോടെ സ്പാര്‍ക്ക് മുഖേന പാസാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം കൂടി പണം ട്രഷറിയില്‍ കിടക്കുമെന്നാണ് ധനവകുപ്പ് കണക്ക് കൂട്ടുന്നത്. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതും സജീവ പരിഗണനയിലാണ്. 2019- 20 വര്‍ഷം 6,882.97 കോടിയുടെ പദ്ധതിയാണ് അംഗീകരിച്ചത്. ഇതുവരെ 2288 കോടി മാത്രമാണ് ഇതുവരെ ചെലവാക്കിയത്. പദ്ധതി ചെലവിനെ ബാധിച്ചത് ട്രഷറി നിയന്ത്രണമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ചെലവുകള്‍ 20 ശതമാനത്തിലേറെ വെട്ടിക്കുറച്ചിട്ടും ഇതാണ് അവസ്ഥ.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ട്രഷറിയിലേക്ക് പോകുന്ന ഒരു ബില്ലും എടുക്കുന്നില്ല. മാര്‍ച്ചില്‍ പഞ്ചായത്ത് പാസാക്കിയ വ്യക്തിഗത ആനുകൂല്യങ്ങളുടെ അടക്കമുളള ബില്ലുകള്‍ പാസാകുന്നില്ല. വീട് നിര്‍മാണത്തിന് ഒന്നാം ഗഡു പ്രതീക്ഷിച്ചിരുന്നവരും വെട്ടിലായി. മുന്‍ വര്‍ഷം ഒന്നാം ഗഡു ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കളും കിട്ടാതെ വന്നിട്ടുണ്ട്. ട്രഷറികളില്‍ ബില്ലുകള്‍ മാറാത്തതിനാല്‍ നിര്‍മാണങ്ങളത്രയും സ്തംഭനാവസ്ഥയിലാണ്. സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കാന്‍ ശേഷിയുള്ള കരാറുകാര്‍ മാത്രമാണ് പ്രവൃത്തി ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക നിലയും പരുങ്ങലിലാണ്. തനത് ഫണ്ടുള്ള പഞ്ചായത്തുകളില്‍ മാത്രമാണ് പ്രവൃത്തികള്‍ നടക്കുന്നത്. സാമുഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകള്‍ വാങ്ങി നല്കാന് പോലും കഴിയാതെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പഞ്ചായത്തുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: