ശബരിമല: ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്കയെണ്ണി തിട്ടപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന. ദിവസവും ലഭിക്കുന്ന നാണയങ്ങള്‍ അതാതു ദിവസം എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.
പഴയ ഭണ്ഡാരം ഒഴിവാക്കി കൂടുതല്‍ സൗകര്യങ്ങളുള്ള കൗണ്ടര്‍ വടക്കേനടയില്‍ നേരത്തെ നിര്‍മിച്ചിരുന്നു. നൂറുകണക്കിന് ഭക്തര്‍ മഴയും വെയിലുമേല്‍ക്കാതെ വിരിവച്ചു വിശ്രമിച്ചിരുന്ന കെട്ടിടത്തിന്റെ താഴ്ഭാഗം പൂര്‍ണമായി കെട്ടിയടച്ചാണ് ഇതിന് സൗകര്യമൊരുക്കിയത്. ഇത് ഏറെ ദോഷമുണ്ടാക്കി. ഇത് പാളിയതോടെയാണ് ദേവസ്വം പുതിയ പദ്ധതിയുമായെത്തിയത്.
കാണിക്കപ്പണം കുന്നുകൂടിയതോടെ തീരെ സ്ഥലമില്ലാത്ത സ്ഥിതിയാണ് ഭണ്ഡാരത്തില്. ശ്രീകോവിലിന് മുന്നിലുള്ള വലിയ കാണിക്ക മുതല്‍ സന്നിധാന പരിസരത്തെ 145 വഞ്ചികളില്‍ നിന്നുള്ള പണമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറേണ്ടത്.
തിരുപ്പതി മോഡല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങുമ്പോള്‍ അതിന്റെ മറവില്‍ കുറെ പണം കൂടി നഷ്ടപ്പെടുമെന്നല്ലാതെ മറ്റ് പ്രയോജനമില്ല. ശബരിമലയില്‍ ദിവസവും കാണിക്കപ്പണം എണ്ണുന്ന രീതിയില്ല, മണ്ഡല-മകരവിളക്ക് ഉത്സവത്തിന് മാത്രമാണ് തീര്‍ഥാടകരുടെ ബാഹുല്യം. എന്നാല്‍ തിരുപ്പതിയില്‍ ദിവസേന തീര്‍ഥാടകരെത്തുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ അവിടെ ഈ സംവിധാനം അത്യാവശ്യമാണ്. നാണയങ്ങള്‍ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതേരീതിയില്‍ നാണയം തൂക്കി തുക നിശ്ചയിക്കുന്ന രീതി ശബരിമലയുടെ സാഹചര്യത്തില്‍ ആവശ്യമില്ല. ഈ രീതിക്കുള്ള അംഗീകാരത്തിനാണ് ദേവസ്വം ബോര്‍ഡ് രൂപരേഖ തയ്യാറാക്കുന്നത്. എന്നാല്‍, ഇങ്ങനെ മൂല്യം തിട്ടപ്പെടുത്തുന്നതിന് ആര്‍ബിഐയുടെ അംഗീകാരമില്ല.
നാണയങ്ങള്‍ തരംതിരിക്കാന്‍ നാല് യന്ത്രങ്ങളാണ് സന്നിധാനത്തെ ഭണ്ഡാരത്തിലുള്ളത്. എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമുള്ളത് തകരാറിലായി കിടക്കുന്നു. യന്ത്രം നിര്‍മിച്ച കമ്പനി ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിനോ ഇതേ രീതിയിലുള്ള പുതിയ യന്ത്രം വാങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: