ഡോക്ടറാകാന്‍ കൊതിക്കുന്നവര്‍ക്ക് മെഡിക്കല്‍ ബിരുദ പഠനത്തിലേക്ക് തിരിയാം. ജീവശാസ്ത്രം ഉള്‍പ്പെടെ ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. രാജ്യത്തെ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ 2020 വര്‍ഷം നടത്തുന്ന എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി 2020) മേയ് മൂന്ന് ഞായറാഴ്ച നടത്തും. പരീക്ഷാ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്.
കേന്ദ്രസര്‍ക്കാരിന് കീഴിലെ പ്രമുഖ മെഡിക്കല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ എയിംസും ജിപ്മെറും പ്രത്യേക ്രപവേശന പരീക്ഷ നടത്തില്ല. ‘നീറ്റ്-യുജി 2020’ റാങ്ക്തന്നെയാകും പ്രവേശന മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാല്‍ അഖിലേന്ത്യാ തലത്തില്‍ മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം നീറ്റ് യുജിയുടെ ഓള് ഇന്ത്യാ റാങ്ക് അടിസ്ഥാനമാക്കിയാണ്.
ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളില്‍ നീക്കിവച്ചിട്ടുള്ള 15% അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലും സ്റ്റേറ്റ് ഗവണ്മെന്റ് ക്വാട്ടാസീറ്റുകളിലും കേന്ദ്ര സര്‍വ്വകലാശാലകള്‍/സ്ഥാപനങ്ങള്‍, കല്പിത സര്‍വ്വകലാശാലകള്‍, സ്വകാര്യ മെഡിക്കല്‍/ഡന്റല്‍ കോളേജ്/വാഴ്സിറ്റി മാനേജ്മെന്റ്/എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകള്‍, സെന്‍ട്രല്‍ പൂള് ക്വാട്ടാ സീറ്റുകള്‍ എന്നിവയിലെല്ലാം ‘നീറ്റ് യുജി 2020’ റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്.
മികച്ച റാങ്ക് നേടിയാല്‍ ദേശീയ നിലവാരമുള്ള എയിംസിലും ജിപ്മെറിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുമൊക്കെ ചുരുങ്ങിയ ഫീസ് നിരക്കില്‍ മെഡിക്കല്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവും. പൂനെ സായുധസേനാ മെഡിക്കല്‍ കോളേജില്‍ സൗജന്യമായി എംബിബിഎസ് പഠനം നടത്തി സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസില്‍ ഓഫീസറാകാനുംഅവസരമുണ്ട്. നീറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരെ സ്ക്രീനിംഗ് ടെസ്റ്റും വൈദ്യപരിശോധനയും നടത്തിയാവും എഎഫ്എംസി-എംബിബിഎസ് സെലക്ഷന്.
15 ശതമാനം ഓള് ഇന്ത്യാ ക്വാട്ടാ സീറ്റുകളിലും കല്പിത സര്‍വ്വകലാശാലകള്‍/കേന്ദ്ര സര്‍വ്വകലാശാലകള്‍/ഇഎസ്ഐ മെഡിക്കല്‍ കോളേജുകള്‍, സായുധസേ മെഡിക്കല്‍ കോളേജ്, ദല്‍ഹി/ബനാറസ് ഹിന്ദു/അലിഗര്‍ മുസ്ലിം വാഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള സീറ്റ് അലോട്ട്മെന്റ് കേന്ദ്ര ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മറ്റിയുടെ (എംസിസി) ഏകജാലക അഡ്മിഷന് കൗണ്‍സലിംഗ് മുഖാന്തിരമാണ്.
സംസ്ഥാനതല മെഡിക്കല്‍ പ്രവേശനം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നല്കുന്ന ‘നീറ്റ്-യുജി 2020’ അഖിലേന്ത്യാ റാങ്കടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രത്യേക മെരിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറാണ് സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ സ്വീകരിക്കുക.മിനിമം യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ (ഒബിസി/എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മതി) പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 45% മാര്‍ക്ക് വേണം. 2020 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായം 2020 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം.
ബിഎസ്സി ബിരുദക്കാരെയും പരിഗണിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി/സുവോളജി)/ബയോടെക്നോളജി എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങളില്‍ കുറയാതെ ബിരുദതലത്തില്‍ പഠിച്ചിരിക്കണം. മാത്രമല്ല പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് നിശ്ചിത ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിട്ടുള്ളവരാകണം.
വിശദവിവരങ്ങളടങ്ങിയ ‘നീറ്റ്-യുജി 2020’ ഔദ്യോഗിക വിജ്ഞാപനം ഡിസംബര്‍ ആദ്യം ംംം.ിമേിലല.േിശര.ശി, ംംം.ിമേ.മര.ശി എന്നീ വെബ്പോര്‍ട്ടലുകളില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് ഡിസംബര്‍ 2 മുതല്‍ സൗകര്യമൊരുക്കും. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളുമൊക്കെ അടങ്ങിയ 2020 ലെ നീറ്റ്-യുജി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് യഥാസമയം ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ മനസ്സിലാക്കി അപേക്ഷിക്കേണ്ടതാണ്.
പരീക്ഷ: ‘നീറ്റ്-യുജി 2020’ ഇക്കുറിയും പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒാഫ്ലൈന്‍ രീതിയിലായിരിക്കും. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 180 ചോദ്യങ്ങളടങ്ങിയ ഒറ്റപേപ്പറാണ് പരീക്ഷയ്ക്കുണ്ടാവുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്‍ഡ് സുവോളജി) വിഷയങ്ങളിലാവും ചോദ്യങ്ങള്‍. ശരി ഉത്തരത്തിന് നാല് മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയും.
മൊത്തം 720 മാര്‍ക്കിനാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചോദ്യപേപ്പറുണ്ടാവും. അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 27 ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ സിലബസ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.ഭാരത പൗരന്മാര്ക്കും പ്രവാസി ഭാരതീയര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ലക്ഷദ്വീപില്‍ കവരത്തിയും. പരീക്ഷാഫലം ജൂണ്‍ നാലിന് പ്രസിദ്ധപ്പെടുത്തും. നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നവര്ക്കാണ് അഖിലേന്ത്യാ റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന സ്ഥാനം പിടിക്കാനാവു. ‘നീറ്റ് യുജി’ സ്കോറിന് 2020 വര്‍ഷത്തെ പ്രവേശനത്തിന് മാത്രമേ പ്രാബല്യമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: