തന്ത്രം, യോഗം, പാശുപതം, ജൈനം, ബൗദ്ധം എന്നിവയെപ്പോലെ ഈ പാഞ്ചരാത്രസമ്പ്രദായത്തെയും അവൈദികമായിട്ടാണ് വൈദികമതാവലംബികള്‍ കരുതിവന്നത്. യാമുനാചാര്യരുടെ ആഗമപ്രാമാണ്യം എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ദാസ്ഗുപ്ത ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വൈദികസമ്പ്രദായത്തിന്റെ മൗലികഗ്രന്ഥങ്ങളായി കരുതി വരുന്നത് ആകെ പതിന്നാലെണ്ണമാണ്- നാലു വേദങ്ങള്‍ (ഋഗ്യജുസ്സാമാഥര്വങ്ങള്), ആറു വേദാംഗങ്ങള്‍ (ശിക്ഷാ, കല്‍പ്പം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം, നിരുക്തം), മീമാംസാ,
ന്യായം, ധര്‍മശാസ്ത്രം (വേദവിരുദ്ധങ്ങളായ ഭാഗങ്ങള്‍ നീക്കിയ ദൈ്വതതന്ത്രത്തെ കര്‍മകാണ്ഡവുമായി ബന്ധപ്പെട്ട ധര്‍മശാസ്ത്രത്തിലും അദൈ്വതതന്ത്രത്തെ ജ്ഞാനകാണ്ഡപരമായ ധര്‍മശാസ്ത്രത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു ഭാസ്കരരായമഖി ചൂണ്ടിക്കാണിക്കുന്നു), പുരാണം (പതിനെട്ടു പുരാണങ്ങളും ഉപപുരാണങ്ങളും). ഇതില്‍ പാഞ്ചരാത്രഗ്രന്ഥങ്ങളെ ഒഴിവാക്കിയിരിക്കുന്നതായി ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
ഭാരതത്തിന്റെ ചില ഭാഗങ്ങളിലെ ഹിന്ദുഗോത്രങ്ങളില്‍ മാത്രം പ്രചരിച്ചിരുന്ന ഈ വൈദികസമ്പ്രദായത്തെ ആംഗ്ളോ-ബ്രിട്ടീഷ് പണ്ഡിതന്മാര് ദുരുദ്ദേശത്തോടെ ഹിന്ദുമതമെന്ന നിലക്കും (സെമിറ്റിക്ക് മതങ്ങളെപ്പോലെ) അവൈദികസമ്പ്രദായങ്ങളെ അഹിന്ദു എന്ന നിലക്കും പ്രചരിപ്പിച്ചു. സന്ജോയ് ചക്രവര്‍ത്തി തന്റെ ‘ദ ട്രൂത്ത് എബൗട്ട് അസ്’ എന്ന പുസ്തകത്തില്‍ (2019) ഈ അസത്യപ്രചരണത്തെ തെളിവുകള്‍ സഹിതം വിവരിക്കുന്നുണ്ട്. ഭരണസംവിധാനത്തിന്റെ ദുരുപയോഗത്തിലൂടെ നടത്തപ്പെട്ട ആ കുപ്രചരണം ഭാരതീയരുടെ ഉപബോധത്തെ ആഴത്തില്‍ സ്വാധീനിച്ചു എന്നു പില്ക്കാലചരിത്രം വെളിവാക്കുന്നു. ഇത് പില്ക്കാല ഭാരതത്തിലെ സാമൂഹ്യ-സൈദ്ധാന്തികതലങ്ങളെ ആ വിദേശികളുദ്ദേശിച്ചതു പോലെ മാറ്റി മറിച്ചു. ഇന്നും പല പണ്ഡിതന്മാരും ഈ അശാസ്ത്രീയമായ, വികലമായ തരം തിരിവിനെ, അതായത് ഇത്തരം ഹിന്ദു- അഹിന്ദു വിഭജനത്തെ, സത്യമായി കരുതുന്നു. അവര്‍ വേദമാണ് ഇവിടെ ആദ്യം നിലനിന്നിരുന്നതെന്നും മറ്റെല്ലാം വേദത്തില്‍ നിന്നുണ്ടായതാണെന്നും മറ്റുമുള്ള തെറ്റിദ്ധാരണയും പുലര്‍ത്തുന്നു. സിന്ധു- സരസ്വതീ നാഗരികതയോ ഭാരതീയസംസ്കൃതിയോ കേവലം വൈദികമായിരുന്നു എന്നു സ്ഥാ
പിക്കാനുതകുന്ന തെളിവുകള്‍ ഇല്ല എന്നും അത്തരം മുന്‍വിധികള്‍ യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കാനേ ഉപകരിക്കൂ എന്നും പ്രസിദ്ധ ആര്‍ക്കിയോളജിസ്റ്റായ ദിലീപ് കെ. ചക്രവര്‍ത്തി (ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി) പ്രസ്താവിക്കുന്നു.
വൈദികവും അവൈദികവുമായ ധാരകളെല്ലാം തന്നെ ആധ്യാത്മികഅനുഭൂതി എന്ന പൊതു ലക്ഷ്യമുള്ള സ്വതന്ത്രങ്ങളും വ്യത്യസ്തങ്ങളുമായ സമ്പ്രദായങ്ങളാണെന്നതും അവ എല്ലാം തന്നെ ഹൈന്ദവമാണ് എന്നതുമാണ് യാഥാര്‍ത്ഥ്യം. വൈദികം, തന്ത്രം, യോഗം, പാശുപതം, പാഞ്ചരാത്രം, ജൈനം, ബൗദ്ധം തുടങ്ങിയ നിരവധി ദര്‍ശന- അനുഷ്ഠാനപദ്ധതികളും അവയുടെ ഉപവിഭാഗങ്ങളും ഇവിടുത്തെ വ്യത്യസ്തഹിന്ദുഗോത്രങ്ങളെ കാലങ്ങളായി സ്വാധീനിച്ചുപോന്നു. സിന്ധു-സരസ്വതീ തടങ്ങളിലെ ഉത്ഖനനങ്ങള്‍ ഇതാണ് കാണിക്കുന്നത്. അവിടെ യാഗവേദികള്‍ മാത്രമല്ല ശൈവ- തന്ത്രങ്ങളിലെ ലിംഗയോനിരൂപങ്ങളും ജൈനബൗദ്ധസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട ശ്രമണകരൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 400 ബി. സി. ഇ. യില്‍ പാലിയില്‍ എഴുതപ്പെട്ട നിദ്ദേശം എന്ന ബൗദ്ധഗ്രന്ഥത്തിലെ വിവരണവും അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നില്‍ വെക്കുന്നത്. കേരളത്തില്‍ ആദ്യകാലത്ത് അയിത്താചരണങ്ങള്‍ ഒട്ടും ഇല്ലായിരുന്നു എന്നും ഒരേ കുടുംബത്തില്‍ തന്നെ വൈദികരും ജൈനരും ബൗദ്ധരും മറ്റും ഉണ്ടായിരുന്നു എന്നും ആറ്റൂര്‍ കൃഷ്ണപിഷാരടി (കേരളചരിത്രം, 1933) ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു സമാനമായ ജീവിതത്തെ വര്‍ണ്ണിക്കുന്ന ഒരു ഋഗ്വേദസൂക്തം തന്നെയുണ്ട്. അംഗീകൃതമാര്ക്സിയന് ചിന്തകനായ ദേബീപ്രസാദ് ചട്ടോ
പാധ്യായ (ലോകായത) ഇതുദ്ധരിക്കുന്നുണ്ട്. ഇന്ത്യയുടെ ആത്മാവ് എന്ന പുസ്തകം എഴുതിയ സഖാവ് കെ. ദാമോദരനും ഈ സൂക്തത്തെ പരാമര്‍ശിക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് ഭാരതീയഗ്രാമങ്ങളില്‍, ഒരേ ആധ്യാത്മികലക്ഷ്യം മുന്നില്‍ വെക്കുന്ന നിരവധിസമ്പ്രദായങ്ങളെ
പിന്തുടരുന്ന, വ്യത്യസ്ത സമൂഹങ്ങളുടെ കൂട്ടായ ജീവിതം നിലനിന്നിരുന്നു എന്നും മുസഌം സമുദായവും ഇതിലിഴുകിച്ചേര്ന്നിരുന്നു എന്നും പ്രസിദ്ധ മാര്‍ക്സിയന്‍ പണ്ഡിതനായ എസ്. ആര് ദേശായി (ദി സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ നാഷണലിസം) പറയുന്നു. ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സെന്‍സസ്സിലും (1985-92) ഇക്കാലത്തും സവിശേഷമായ ഈ ഭാരതീയ സാമൂഹ്യ- ആധ്യാത്മികഘടന തുടരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. വൈദേശികങ്ങളായ സെമിറ്റിക്ക് മതങ്ങളില്‍ വിശ്വസിച്ചുപോരുന്ന ഹിന്ദുക്കളും പൊതുവേ ഈ ഘടനയോടു താത്പര്യമുള്ളവരാണെന്നും ഈ സെന്‍സസ്സ് വ്യക്തമാക്കുന്നു. വൈദികമാര്‍ഗം ഭരണപരമായും സാമ്പത്തികമായും മേല്‍ക്കോയ്മ പുലര്‍ത്തി വന്ന ഇടങ്ങളില്‍ വേദത്തിന്റെ പ്രാമാണികതയേയും അപ്രമാദിത്വത്തേയും അംഗീകരിക്കാത്ത ഇതര സമ്പ്രദായങ്ങളെ അവൈദികങ്ങളെന്നും നാസ്തികങ്ങളെന്നും പറഞ്ഞിരുന്നു. അവിടങ്ങളിലെ ഇതരസമൂഹങ്ങള്‍ ബ്രാഹ്മണ്യത്തെ മാതൃകയായി കരുതുകയും ബ്രാഹ്മണരാകാന്‍ ആശിക്കുകയും അതിനായി സ്വയം നവീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു പോന്നു എന്നും പ്രസിദ്ധസോഷ്യോളജിസ്റ്റായ എം. എന്‍. ശ്രീനിവാസന് (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ) പറയുന്നുണ്ട്. വെസ്റ്റേണൈസേഷന്‍ പോലുള്ള ഈ പ്രവണതയ്ക്ക് അദ്ദേഹം സാന്‍സ്ക്രിറ്റൈസേഷന്‍ എന്ന പേരു നല്കിയിരിക്കുന്നു. ഭാരതത്തിലെ അതാതു ഗ്രാമങ്ങളില്‍ ഇതുപോലെ
പ്രാമാണ്യമുള്ള വിഭാഗം ഏതാണോ അതിനെ ഇതരവിഭാഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചുപോന്നു എന്നും ഉദാഹരണസഹിതം അദ്ദേഹം പ്രസ്താവിക്കുന്നു.
ഭാരതീയസമൂഹം അത്ഭുതാവഹമായ സാമൂഹ്യചലനാത്മകത (സോഷ്യല്‍ മൊബിലിറ്റി) പുലര്‍ത്തിയിരുന്നു എന്ന് എം. എന്‍. ശ്രീനിവാസന് (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ) പറയുന്നു. അതായത് സാമൂഹ്യഘടനയുടെ വിഭിന്നശ്രേണികളിലേക്ക് യോഗ്യരായ ആര്‍ക്കും ഏതു കുലത്തില്‍ ജനിച്ചു എന്ന പരിഗണന കൂടാതെ തന്നെ എത്തിപ്പെടുവാന്‍ കഴിയുമായിരുന്നു എന്നര്‍ത്ഥം. ആധ്യാത്മികസമ്പ്രദായങ്ങളുടെ കാര്യത്തിലും ഈ ചലനാത്മകത ഇവിടെ നില നിന്നിരുന്നു. വിവിധസമ്പ്രദായങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ അത്ര പ്രകടമായിരുന്നില്ല, പ്രബലമായിരുന്നില്ല. ലക്ഷ്യം, ധാര്മികചര്യകള് മുതലായവയില്‍ പൊതുഘടകങ്ങളുമുണ്ടായിരുന്നു എന്നു സുരേന്ദ്രനാഥ് ദാസ്ഗുപ്ത (എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ഫിലോസഫി) പറയുന്നു. വൈദികരില്‍ ചിലര്‍ അവര്‍ക്കു പ്രാമാണ്യം കൈവന്ന ഇടങ്ങളില്‍
പില്ക്കാലത്ത് വൈദികകര്‍മ്മപരമായ ശുദ്ധാശുദ്ധകല്പ്പന (റിച്വല്‍ പ്യൂരിറ്റി) യെ ദുര്‍വ്യാഖ്യാനം ചെയ്ത് നടപ്പാക്കിയതും അത് കുലമഹിമ മുതലായ ഇടുങ്ങിയ ആശയങ്ങളുമായി ഇടകലര്‍ന്ന് എല്ലാ സമുദായങ്ങളും തമ്മില്‍തമ്മില്‍ തന്നെ അയിത്താചരണത്തില്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങിയതും ബ്രിട്ടീഷ് ഭരണാധികാരികള്‍ സെന്സസ്സിനു വേണ്ടി നടപ്പാക്കിയ ജാതിമതാദിഅടിസ്ഥാനത്തിലുള്ള തെറ്റായ തരംതിരിക്കലും സെമിറ്റിക്ക് മതങ്ങളുടെ നിഷ്ഠുരവും നിര്‍ബന്ധിതവുമായ മതംമാറ്റശ്രമങ്ങളും മറ്റും ആണ് ആ തലങ്ങളിലെ ചലനാത്മകത നിലയ്ക്കാനും ജഡിലമാകാനും കാരണം എന്നു പല പണ്ഡിതരും ഇന്ന് അഭിപ്രായപ്പെടുന്നുണ്ട്.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: