ജെഎന്‍യു രാജ്യത്തു മാത്രമല്ല ലോകത്തില്‍ തന്നെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ്. അതിന്റെ പകിട്ടും പ്രൗഢിയും ഉത്തരോത്തരം ഉയര്‍ന്നു വരുമ്പോള്‍ അഭിമാനത്തോടെ അത് നോക്കിക്കാണുന്നതില്‍ ഭാരതീയര്‍ മുന്‍പന്തിയിലുമാണ്. ലോകപ്രശസ്തരും പ്രഗല്ഭരുമായ ഒട്ടേറെ പേര് ഈ സ്ഥാപനത്തിന്റെ അഭിമാന ഭാജനങ്ങളുമാണ്. നളന്ദ -തക്ഷശില സര്‍വകലാശാലകളുടെ ഗരിമക്കൊപ്പം ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന ഈ സ്ഥാപനം നിലനില്‍ക്കണമെന്നാണ് സകലരുടെയും ആഗ്രഹം. എന്നാല്‍ അതിന് കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി ഒളിയജണ്ടക്കാര് രംഗത്തുണ്ട്.
സംഗതിവശാല്‍ ആ കലാലയത്തെ മുച്ചൂടും തകര്‍ത്തേ അടങ്ങൂ എന്ന് ആഗ്രഹിക്കുന്ന ദുഷ്ടശക്തികള്‍ അനവധിയാണ്. അതിനവര്‍ ഓരോരോ അവസരമുണ്ടാക്കുന്നു. അത്തരക്കാര്‍ക്കൊപ്പം ദേശവിരുദ്ധരും കൈകോര്‍ക്കുന്നു എന്നതത്രേ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. അനുദിനം അവിടെ സംഘര്‍ഷവും അക്രമവും പടര്‍ത്തുക എന്നതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. ഈ സര്‍വകലാശാല കാമ്പസില്‍ നിന്ന് ക്രിയാത്മകമായ ഒന്നും പുറത്തു വരരുതെന്ന് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നു. അവര്‍ക്ക് വിടുപണി ചെയ്യുന്ന തരത്തിലേക്ക് ദേശീയ കക്ഷികള്‍ എന്നഭിമാനിക്കുന്നവരും തരം താഴുന്നു. കേന്ദ്രഭരണകൂടത്തിനെതിരെ എന്തും ആയുധമാക്കാമെന്ന അവരുടെ നിലപാട് ആപല്‍ക്കരമാണ്.
ഏറ്റവും ഒടുവില്‍ അവിടത്തെ ഫീസ് വര്‍ധനയുടെ പേരിലാണ് വിദ്യാര്‍ഥികള്‍ രംഗത്തു വന്നിരിക്കുന്നത്. കാലങ്ങളായി തുച്ഛമായ പണം നല്‍കിയാണ് ഒട്ടുമിക്ക സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ ഉപയോഗിച്ചു വന്നത്. ചിലത് തികച്ചും സൗജന്യമായിരുന്നു. അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളുടെ കൈകളിലെത്തിച്ചേരേണ്ട സൗജന്യങ്ങളും സൗകര്യങ്ങളും അനുഭവിക്കുകയായിരുന്നു ബഹുഭൂരിപക്ഷവും. അത് നിയന്ത്രിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ക്രിയാത്മകമായ നടപടികളുമായി മുന്നിട്ടിറങ്ങിയത് ചിലരെ പൊള്ളിച്ചു. അവര്‍ വരുത്തിക്കൂട്ടുന്ന പ്രശ്നങ്ങളാണിപ്പോള്‍ ഈ മഹത്തായ സ്ഥാപനത്തെ തകര്‍ക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നത്. സ്ഥാപനത്തെക്കാളുപരി തങ്ങളുടെ രാഷ്ട്രീയ വിജയമാണ് അവര്‍ ലക്ഷ്യമിടുന്നത്.
പുതുക്കിയ ഹോസ്റ്റല്‍ഫീസ് ഉള്‍പ്പെടെയുള്ളവ നിലവില്‍ വന്നാല്‍ ഏറ്റവും ചെലവേറിയ കേന്ദ്ര സര്‍വകലാശാലയാവും ജെഎന്‍യു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കാലങ്ങളായി നാമമാത്ര ഫീസും സൗജന്യ നിരക്കിലുള്ള മറ്റു സംവിധാനങ്ങളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിന് മാറ്റം വരുമെന്നത് വസ്തുതയാണ്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത് പ്രശ്നമാവില്ല. കാരണം അത്തരം അര്‍ഹരെ നേരാംവണ്ണം കണ്ടെത്തി സഹായിക്കാനാണ് അധികൃതര്‍ തയാറായിരിക്കുന്നത്. എന്നാല്‍ അനര്‍ഹരായവര്‍ക്കും സൗജന്യ നിരക്കും ആനുകൂല്യങ്ങളും വേണമെന്നത്രേ നിക്ഷിപ്ത താല്പര്യക്കാരുടെ പക്ഷം. അതിന് സംഘര്‍ഷവും അക്രമവും പൊതുമുതല്‍ നശീകരണമുള്പ്പെടെയുളളവ നടത്തി ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.
കേന്ദ്രഭരണത്തില്‍ മാറ്റം വന്നതുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും ജെഎന്‍യുവില്‍ സംഘര്‍ഷം പത്തി വിടര്‍ത്തുന്നുണ്ട്. അത് സ്വാഭാവികമാണ്. കമ്യൂണിസ്റ്റ് – മാവോയിസ്റ്റ് – വിഘടനവാദക്കാര്ക്ക് സൈ്വരവിഹാരം നടത്താനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ വിദ്വേഷം അവര്‍ പല രീതിയില്‍ പ്രകടിപ്പിക്കുന്നു. ഈ കലാലയത്തിലെ സംഭവഗതികള്‍ ഇവിടെ മാത്രമല്ല, ലോകമെങ്ങും ചര്‍ച്ചയാവുമെന്നതിനാല്‍ അവസരം ഫലപ്രദമായി ഉപയോഗിക്കുകയാണ്. കമ്യൂണിസ്റ്റുകള്‍ക്ക് എല്ലായിടത്തും പിടിവള്ളി നഷ്ടമായതോടെ യുവാക്കളെ വെച്ചൊരു രാഷ്ട്രീയക്കളിക്ക് ഒരുങ്ങിയിറങ്ങിയിരിക്കുകയാണവര്. പാക് നിലപാടിനൊപ്പം നിന്ന് ജെഎന്‍യുവില്‍ കാട്ടിക്കൂട്ടിയതൊന്നും ആരും മറക്കാനിടയില്ല. നഷ്ടപ്പെട്ട തങ്ങളുടെ രാഷ്ട്രീയമുഖം എങ്ങനെയും മിനുക്കിയെടുക്കാനുള്ള ചില രാഷ്ട്രീയ ദുഷ്ടശക്തികളുടെ കൈയിലെ പാവകളാവുകയാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍ എന്ന് നിഷ്പക്ഷ നിരീക്ഷകര്‍ പോലും സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ കുന്തമുനയായി ജെഎന്‍യുവിനെ മാറ്റുമ്പോള്‍ ഒരു പാരമ്പര്യത്തെയാണ് ഇത്തരക്കാര്‍ തവിടുപൊടിയാക്കുന്നത്. ഇത് രാജ്യത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശക്തികള്‍ക്ക് ഊര്‍ജം പകരും.
മഹത്തായ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഒരു തന്ത്രത്തിനും അധികൃതര്‍ വശംവദരാവരുത്.ജെഎന്‍യു രാജ്യത്തിന്റെ സ്വത്തും സ്വകാര്യ അഹങ്കാരവുമാണ്. അവിടത്തെ സംസ്കാരത്തില്‍ നഞ്ചുകലക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ശക്തികളുടെ മുഖംമൂടി വലിച്ചു കീറി പൊതുസമൂഹത്തിനു മുമ്പില്‍ നിര്‍ത്തണം. കഴിവും കരുത്തുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തില്‍ അര്‍ഹതയുള്ള സകലരെയും കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരാനാവണം. അതിന് തടസ്സം നില്ക്കുന്ന ദുഷ്ടശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ടി വരും.ജെഎന്‍യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിന് സമാധാനകാംക്ഷികളും ജനാധിപത്യ വിശ്വാസികളും കലവറയില്ലാതെ പിന്തുണ നല്കുമെന്നതില് തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: