മട്ടാഞ്ചേരി: മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധനം എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ആക്കുന്നു. 2021ല്‍ എല്‍എന്‍ജി മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കാനാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരും കേരള ഡെവലപ്മെന്റ് ഇന്നൊവേഷന് സ്ട്രാറ്റജിക്കും (കേ-ഡാക്ക്) മത്സ്യഫെഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടം കൊച്ചി കേന്ദ്രീകരിച്ചാണ്. പ്രാരംഭ നടപടികള്‍ ഒക്ടോബറില്‍ തുടങ്ങി. കൊച്ചിക്ക് പിന്നാലെ ഫില്ലിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കേരളത്തിലെ ഇതര ഹാര്‍ബറിലെ ബോട്ടുകളിലും ഇന്ധനമാറ്റം വ്യാപിപ്പിക്കും. ഒപ്പം മറ്റ് തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കും.
നിലവിലെ ഡീസല്‍ ഇന്ധനത്തോടോപ്പം എല്‍എന്‍ജിയും ചേര്‍ന്നുള്ള ഇരട്ട ഇന്ധന എന്ജിന് സംവിധാനമാണ് ബോട്ടിലൊരുക്കുക. എഞ്ചിനില്‍ ചെറുമാറ്റം വരുത്തുന്നതോടെ ഇന്ധന മാറ്റവും നടക്കും. എല്‍എന്‍ജി സംഭരണത്തിന് ബോട്ടില്‍ പ്രത്യേക അറയുണ്ടാക്കും. സിഎന്‍ജി ഓട്ടോ, എല്‍എന്‍ജി ബസ് എന്നിവയ്ക്ക് പിന്നാലെ മത്സ്യബന്ധന മേഖലയും ദ്രവീകൃത പ്രകൃതി വാതകത്തിലേയ്ക്ക് മാറുകയാണ്.
സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത 3800 മത്സ്യബന്ധനബോട്ടുകളാണ്. ഇവയുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം തൊഴിലാളികളുമുണ്ട്. പ്രതിവര്‍ഷം ശരാശരി ഒന്‍പത് ലക്ഷം ടണ്‍ മത്സ്യമാണ് ലഭിക്കുന്നത്.
മീന്‍പിടിത്ത ചെലവ് കുറയ്ക്കാനും മലിനീകരണം കുറയ്ക്കലും ഇതുമൂലം സാധ്യമാകും. സമുദ്രമേഖലയിലെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യവുമായി ചരക്ക് യാത്രാ കപ്പലുകളിലെ ഇന്ധനം 2020 ഓടെ പ്രകൃതി വാതകത്തിലേയ്ക്ക് മാറ്റാനുള്ള ആഹ്വാനമുള്‍ക്കൊണ്ടാണ് മത്സ്യ മേഖലയിലെ ഈ നടപടി.
നോര്‍വീജിയന്‍ മാതൃകയില്‍ നാലു സ്ട്രോക്ക് എഞ്ചിന് സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഒരു ഡീസല്‍ മത്സ്യ ബന്ധന ബോട്ടിന് ദിവസം 300 മുതല്‍ 400 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗമുണ്ട്. കാല് ലക്ഷം രൂപയാണ് ഈയിനത്തില്‍ ചെലവ്. ഒരാഴ്ച മുതല്‍ 15 ദിവസം വരെ കടലില്‍ തങ്ങുന്ന ബോട്ടുകള്‍ക്ക് ഇന്ധനത്തിനുള്‍പ്പെടെ രണ്ടുമൂന്നു ലക്ഷം രൂപ ചെലവു വരും.
ബോട്ടുകള്‍ എല്‍എന്‍ജിയിലേയ്ക്ക് മാറുന്നതോടെ 60 ശതമാനം വരെ ചെലവ് കുറയ്ക്കാം. ഒപ്പം എഞ്ചിന്റെ കാര്യക്ഷമത കൂടും, അറ്റകുറ്റപ്പണിച്ചെലവും കുറയും. കൊച്ചി പുതുവൈപ്പിനിലെ എന്‍എന്‍ജി ടെര്മിനലിനിന്റെ വികസനത്തിനും ഇതിടയാക്കുമെന്നും വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: