മൂന്നാം അദ്ധ്യായം നാലാം പാദം
അനാവിഷ്കാരാധികരണം
ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.
സൂത്രം – അനാവിഷ്കുര് വന്നന്വയാത്
തന്റെ ജ്ഞാന, അധ്യയന, ധര്‍മ്മം മുതലായ പ്രഭാവങ്ങളെ പ്രകടമാക്കാത്തവനാകണം.
ബൃഹദാരണ്യകത്തില്‍ ‘തസ്മാദ് ബ്രാഹ്മണഃ
പാണ്ഡിത്യം നിര്‍വിദ്യ ബാല്യേന തിഷ്ഠാസേത് ‘ അതിനാല്‍ ബ്രാഹ്മണന് പാണ്ഡിത്യത്തെ മറച്ച് ബാല ഭാവത്തിലിരിക്കണം എന്ന് പറയുന്നുണ്ട്. ഇവിടെ ബാലഭാവം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
കുട്ടികളില്‍ പൊതുവെ രാഗം, ദ്വേഷം, അഹങ്കാരം തുടങ്ങിയ ദോഷങ്ങളൊന്നും ഉണ്ടാകില്ല. ഇത്തരത്തില്‍ കുട്ടികളെപ്പോലെ സരള ഹൃദയമുള്ള ആളാകണം ബ്രഹ്മ വിദ്യയെ അഭ്യസിക്കുന്ന സാധകന്.
എന്നാല്‍ സാധാരണ കുട്ടികളില്‍ അറിവില്ലായ്മ മൂലം ഉണ്ടാകുന്ന അശുദ്ധവും ശുചിയില്ലാത്തതുമായ ഭക്ഷണം കഴിക്കല്‍, ഒന്നും വേണ്ട പോലെ കഴിക്കാതിരിക്കല്‍ തുടങ്ങിയ ദോഷങ്ങളൊന്നും ബ്രഹ്മവിദ്യ സാധകന് ഉണ്ടാകില്ല. ബ്രഹ്മവിദ്യയുടെ സഹകാരിയായാണ് ബാലഭാവത്തെ ശ്രുതി സ്വീകരിക്കുന്നത് അതിലെ ഗുണഭാവങ്ങളെ മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. ദോഷവശങ്ങളെ സ്വീകരിക്കുന്നില്ല. ബ്രഹ്മവിദ്യയെ അഭ്യസിക്കുന്ന സാധകനായ ആള് ഒരു കൊച്ചു കുട്ടിയെപ്പോലെ ഉള്ളം തെളിഞ്ഞ് നിഷ്കളങ്കനായിരിക്കണം.
ഐഹികാധികരണം
ഇതിലും ഒരു സൂത്രം മാത്രം.
സൂത്രം – ഐഹികമപ്യപ്രസ്തുത പ്രതിബന്ധേതദ്ദര്ശനാത്
തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഈ ലോകത്തിലും വിദ്യാഫലമായ മുക്തി ലഭിക്കാം. ശ്രുതി സ്മൃതികളില്‍ അങ്ങനെ കാണാം.
സാധനാനുഷ്ഠാനം ചെയ്യുന്നയാള്‍ക്ക് വിദ്യയുടെ ഫലമായുള്ള മുക്തി എപ്പോള്‍ കിട്ടും എന്നതാണ് ഇവിടത്തെ ചോദ്യം. ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ പരലോകത്തോ മുക്തി ഉണ്ടാകുമോ?
ആത്മവിദ്യയെ ഉപാസിക്കുന്നയാള്‍ ചെയ്യുന്ന മറ്റ് കര്‍മ്മങ്ങളെ കൊണ്ട് ഫലപ്രാപ്തിയ്ക്ക് തടസ്സം ഉണ്ടാകുന്നില്ല എങ്കില്‍ മുക്തി ലഭിക്കും. അജ്ഞാനവും അജ്ഞാന കാര്യങ്ങളും മുഴുവന്‍ ഇല്ലാതാക്കിയാല്‍ ഈ ലോകത്തില്‍ ഈ ജന്മത്തില് തന്നെ മുക്തി ലഭിക്കും. കര്‍മ്മങ്ങള്‍ക്ക് കാരണമായ അജ്ഞാനം ഇനിയും ശേഷിക്കുന്നുണ്ടെങ്കില്‍ ഫലപ്രാപ്തി അടുത്ത ജന്മത്തിലാകും. എങ്ങനെയായാലും സാധകന് ചെയ്യുന്ന സാധനകളുടെ ഫലം നശിക്കില്ല. അത് പരലോകത്തും അയാളുടെ കൂടെയുണ്ടാകും.
ഭഗവദ് ഗീതയില്‍ ഈ ജന്മത്ത് യോഗ സിദ്ധി നേടാനാകാത്തയാളുടെ സ്ഥിതിയെക്കുറിച്ച് ഭഗവാന് പറയുന്നുണ്ട്. അയാള്‍ക്ക് ദുര്ഗതിയുണ്ടാകില്ല. പരലോകത്ത് പുണ്യം അനുഭവിച്ച ശേഷം സത്യദര്‍ശികളുടെ കുലത്തില്‍ ജനിക്കും. പിന്നീട് സത്യബുദ്ധി നേടി മുക്തനാവും. ഇങ്ങനെ വിദ്യോപാസന ഒരിക്കലും നിഷ്ഫലമാകില്ല.
മുക്തിഫലാധികരണം
അവസാനത്തേതായ ഈ അധികരണത്തിലും ഒരു സൂത്രമേ ഉള്ളൂ.
സൂത്രം – ഏവം മുക്തി ഫലാനിയമസ്തദവസ്ഥാവധൃതേ സ്തദവസ്ഥാവധൃതേഃ
ഇങ്ങനെ മോക്ഷമാകുന്ന ഫലം സിദ്ധിക്കുന്നതില്‍ നിയമമില്ല. എന്തെന്നാല്‍ സാഹചര്യമാണ് മുക്തിക്ക് കാരണമായിരിക്കുന്നത്.
വിദ്യയുടെ ഫലമായ മോക്ഷം എപ്പോഴുണ്ടാകും എന്ന് ചോദിച്ചാല്‍ അതിന് ഇല്ല എന്നാണ് ഉത്തരം. കാരണം മുക്തിയ്ക്ക് പറ്റിയ സാഹചര്യമുണ്ടാകുമ്പോള്‍ ഒരാള്‍ മുക്തനാകും. അതിന് ബ്രഹ്മചാരി, ഗൃഹസ്ഥന്, വാനപ്രസ്ഥന് ,സന്ന്യാസി എന്ന വ്യത്യാസമില്ല. ഈ ജന്മത്തിലോ വരും ജന്മത്തിലോ ആകാം. എങ്ങും നിറഞ്ഞ ബ്രഹ്മത്തെ സാക്ഷാത്കരിച്ചാല്‍ മുക്തനാവും. അത് എപ്പോള്‍ വേണമെങ്കിലുമാകാം. അറിവില്ലായ്മ മൂലമാണ് സര്‍വന്തര്യാമിയായ ബ്രഹ്മത്തെ നാം അറിയാത്തത്. ജ്ഞാനത്താല്‍ അജ്ഞാനം നശിക്കും. അപ്പാള്‍ മുക്തി കരഗതമാകും. അദ്ധ്യായത്തിന്റെ അവസാനത്തെ കാണിക്കാനാണ് സൂത്രത്തിന്റെ ഒടുക്കം ആവര്‍ത്തിച്ച് പറഞ്ഞത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: