ചങ്ങനാശേരി: സംവരണേതര ഹൈന്ദവ സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സംവരണം നിലവില്‍ വന്നെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ അവ്യക്തതയുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലാര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫിസര്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് സംവരണം പാലിച്ചു തയാറാക്കിയ ആദ്യ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുമെന്നു പ്രസ്താവനയിലുണ്ട്. എന്നാല്‍ പുതുക്കിയ ചട്ടം നിലവില്‍ വന്നതിനു ശേഷമിറങ്ങുന്ന വിജ്ഞാപനപ്രകാരമുള്ള അപേക്ഷകളില്‍ നിന്നല്ലേ പുതിയ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാനാകൂ എന്ന സംശയമുണ്ട്. പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കാനും സംശയങ്ങള്‍ക്കു വിശദീകരണം നല്‍കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ശതമാനം പോലും സംവരണം ഇല്ലാതിരുന്ന ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ ഹൈന്ദവരിലെ സംവരണ വിഭാഗങ്ങള്‍ക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം 40 ശതമാനം ഇപ്പോഴുണ്ട്. ബാക്കി 10 ശതമാനം സംവരണം ഹൈന്ദവരിലെ സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്കാന് തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ നിയമപരമായി നേരിടുമെന്ന ചിലരുടെ പ്രഖ്യാപനമാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: