വയനാട്: ഫോണില്‍ അശ്ലീലച്ചുവയോടെയും സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിക്കുകയും ചെയ്ത നടന് വിനായകനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
യുവതിയോട് താന്‍ മോശമായി സംസാരിച്ചതായി നടന് സമ്മതിച്ചെന്നും കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. പരാതിയില്‍ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിക്കുക, സ്ത്രീത്വത്തെ അധിക്ഷേപിക്കുകയുള്പ്പെടെ പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിലില്‍ കല്പറ്റയില് നടന്ന പരിപാടിക്കു ക്ഷണിക്കാനായി വിനായകനെ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം ലൈംഗികച്ചുവയോടെയും അശ്ലീലവാക്കുകളോടെയും സംസാരിച്ചുവെന്ന് കോട്ടയം സ്വദേശിയും ദലിത് ആക്ടിവിസ്റ്റുമായ യുവതി പാമ്പാടി സ്റ്റേഷനില്‍ പരാതിപെട്ടിരുന്നു. എന്നാല്‍, സംഭവം നടന്നത് കല്പറ്റ പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ പിന്നീട് കേസ് കല്പറ്റയിലേക്കു കൈമാറി. സംഭവത്തെ തുടര്‍ന്ന് ജൂണില്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഉപാദികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: