മൂന്നാം അദ്ധ്യായം നാലാം പാദം
സൂത്രം -സ്തുതയേ നുമതിര്വാ
വിദ്യയെ സ്തുതിക്കാന്‍ വേണ്ടിയാണ്, അല്ലെങ്കില്‍ വിദ്വാന് കര്‍മ്മം ചെയ്യാനുള്ള അനുവാദമാണ്. ബ്രഹ്മവിദ്യയെ സ്തുതിക്കാനുള്ള അനുമതിയായി ഇതിനെ കരുതാം. 100 കൊല്ലം കര്‍മ്മം ചെയ്ത് ജീവിക്കണമെന്ന് പറയുമ്പോള്‍ ജ്ഞാനിയും അതില്‍ ഉള്‍പെടുന്നതായി പറയാം. എന്നാല്‍ അത് ജ്ഞാനിയെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കാനല്ല. ജ്ഞാനം നേടിയ ശേഷം ലോക നന്മക്കായി കര്‍മം ചെയ്യുമെങ്കിലും അത് ബന്ധനുമുണ്ടാക്കില്ല. അതുകൊണ്ടാണ് ‘ന കര്‍മ്മ ലിപ്യതേ നരേ’ എന്ന് പറയുന്നത്. ഇത്തരത്തില്‍ വിദ്യയെ സ്തുതിക്കുകയോ ജ്ഞാനിയ്ക്ക് കര്‍മ്മം ചെയ്യാനുള്ള അനുമതി നല്‍കുകയോ ആണ്.
സൂത്രം -കാമകാരേണ ചെകേ
ചിലര്‍ സ്വന്ത ഇഷ്ടപ്രകാരം കര്‍മ്മം വെടിയുകയോ സ്വീകരിക്കുകയോ ചെയ്യുന്നു. ജ്ഞാനികളായവര്‍ സ്വന്തം ഇഷ്ടപ്രകാരം ലോക നന്മയ്ക്കായി കര്‍മം ചെയ്യുന്നു. ചിലര്‍ കര്‍മ്മം ചെയ്യാതെ തപസ്സനുഷ്ഠിക്കുന്നു. കര്‍മം ചെയ്യാനോ ചെയ്യാതിരിക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ടിനേയും ഒരു പോലെ കാണുന്നവരാണ്. അതിനാല്‍ വിദ്യ ഒരിക്കലും കര്‍മത്തിന്റെ അംഗമല്ല.
സൂത്രം -ഉപമര്ദ്ദം ച
കര്‍മങ്ങളുടെ നാശവും പറഞ്ഞിട്ടുണ്ട്.ബ്രഹ്മവിദ്യകൊണ്ട് കര്‍മങ്ങള്‍ മുഴുവനായും നശിക്കുമെന്നാണ് പറയുന്നത്. എല്ലാം ബ്രഹ്മമായി കാണുന്ന ബ്രഹ്മജ്ഞാനിക്ക് തന്നില്‍ നിന്ന് വേറെയായി മറ്റൊന്നില്ല എന്നതിനാല്‍ കര്‍മവും ഉണ്ടാകില്ല. ബൃഹദാരണ്യക ത്തില്‍ ‘യത്ര വാ സര്വമാത്മൈവാഭൂത് തത് കേനകം പശ്യേത് തത് കേനകം ജിഘ്രേത്’ എല്ലാം ആത്മാവാണെന്ന് അനുഭവമായ ജ്ഞാനി എന്തിനെ കാണും? എന്തുകൊണ്ട് എന്തിനെ മണക്കും? എന്ന് ചോദിക്കുന്നു. ആത്മാവല്ലാതെ മറ്റൊന്നുമില്ലാത്തതിനാലാണ് ശ്രുതി ഇങ്ങനെ പറയുന്നത്. മുണ്ഡകത്തില്‍ ‘ ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന് ദൃഷ്ടേ പരാവരേ’ പരാവരമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ അയാളുടെ കര്‍മ്മങ്ങളെല്ലാം ക്ഷയിക്കുന്നു. ഇങ്ങനെ കര്‍മ്മത്തിന്റെ വിരോധിയായ വിദ്യ ഒരിക്കലും കര്മ്മത്തിന് അംഗമാകില്ല.
സൂത്രം -ഊര്ധ്വരേതസ്തു ച ശബ്ദേ ഹി
ഊര്ധ്വ രേതസ്സുകളായ നൈഷ്ഠിക ബ്രഹ്മചാരികളിലും കാണുന്നുണ്ട്. എന്തെന്നാല്‍ ശ്രുതികളിലും ഇത് പറയുന്നു. വീര്യ സംരക്ഷണം ചെയ്യുന്ന ഗൃഹസ്ഥന്മാരല്ലാത്ത മറ്റു മൂന്ന് ആശ്രമങ്ങളിലുള്ളവര്‍ക്കും ബ്രഹ്മവിദ്യയ്ക്ക് അധികാരമുണ്ട് എന്ന് പറയാം. ഇത് ശ്രുതിയില്‍ കാണാം. വിദ്യയോട് കൂടി കര്‍മത്തെ പറയുന്നത് നൈഷ്ഠിക ബ്രഹ്മചാരികള്ക്കാണ്. ഛാന്ദോഗ്യത്തിലെ ‘യേ ചേമേ അരണ്യേ ശ്രദ്ധാത പ ഇത്യുപാസതേ’, മുണ്ഡ കത്തിലെ ‘തപശ്രദ്ധേ യ ഹ്യുപവസന്ത്യരണ്യേ ‘ബൃഹദാരണ്യകത്തിലെ ‘ഏതമേവ പ്രവ്രാജിനോ ലോകമിച്ഛന്തഃ പ്രവ്രജന്തി’ തുടങ്ങിയ ശ്രുതികള്‍ ഇതിനെ കാണിക്കുന്നു. ജ്ഞാനികള്‍ക്ക് കര്‍മത്തിനോട് ബന്ധമുണ്ടാകില്ല എന്ന് ഉറപ്പിക്കുന്നു. വിദ്യ കര്മാംഗമല്ല എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നു.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: