ഇന്ന് ലോകത്തിന്റെ നാനാകോണുകളില്‍ പ്രചലിതമായിരിക്കുന്ന നാഗരികസംസ്കൃതിയുടെ ആദിമൂലം ഭാരതമാണെന്നതില്‍ പക്ഷാന്തരമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഈ സാംസ്കാരിക പ്രവാഹം അനസ്യൂതമായിരുന്നോ എന്നു ചോദിച്ചാല്‍ അല്ലെന്ന് ഭാരതചരിത്രം നമുക്ക് ചൂണ്ടിക്കാണിച്ചുതരും. സംസ്കാരത്തിന്റെ ഭാരതീയചരിത്രം പരിശോധിച്ചാല്‍ നിമ്നോന്നതമായ ഒരു ശ്രേണിയാണ് അതെന്ന് സ്പഷ്ടമാകും. ഇങ്ങനെ ഓരോ താഴ്ച സംഭവിക്കുമ്പോഴും നമ്മെ സമുത്കര്ഷത്തിലേക്ക് നയിക്കുവാന്‍ കെല്പുള്ള ഒരു യുഗപുരുഷനുണ്ടാവുക എന്നത് അഴിവില്ലാനിയമമാണ്. ഏതെല്ലാം അവസരത്തില്‍ നാം ധര്മ്മഗ്ലാനിയെ നേരിട്ടുവോ അപ്പോഴെല്ലാം ആ ച്യുതിയില്‍നിന്ന് നമ്മെ കര കയറ്റിയവരെ നാം ഋഷീശ്വരന്മാരെന്നോ യോഗേശ്വരന്മാരെന്നോ വിളിക്കുന്നു.
ഈ ശ്രേണിയിലേക്ക് ചേര്‍ത്തുവെക്കാവുന്ന, പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹായോഗിയായിരുന്നു മഹര്‍ഷി ദയാനന്ദ സരസ്വതി. ഈ നാമം നമ്മുടെ കാതുകളില്‍ പതിക്കുമ്പോള്‍ ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന സിംഹ ഗര്‍ജ്ജനമാണ് നാം ആദ്യം ഓര്‍ക്കുക. ഈ അടിസ്ഥാന തത്ത്വത്തില്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ആദര്‍ശ പ്രക്രിയകള്‍ ഭാരത നവോത്ഥാനത്തിന് നാന്ദികുറിച്ചു. കാറല്‍ മാര്‍ക്സ്, മാര്‍ക്സ് പ്ലാങ്ക്, ഡാര്വിന്, ജെ.ജെ.തോംസണ്‍ തുടങ്ങിയ മഹാരഥികളാല് യൂറോപ്യന്‍ തത്ത്വചിന്താമണ്ഡലം പ്രകമ്പനം കൊള്ളുമ്പോള്‍ ഇങ്ങ് കിഴക്ക് ഭാരത ചിന്താപദ്ധതിയെ അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുചെല്ലാന്‍ ദയാനന്ദ സരസ്വതിക്ക് സാധിച്ചു. തന്റെ കാവ്യാത്മക ഭാഷയില്‍ അരവിന്ദ മഹര്‍ഷി ദയാനന്ദസരസ്വതിയെ നിരീക്ഷിക്കുന്നതിങ്ങനെയാണ്.
‘ദയാനന്ദനും അദ്ദേഹത്തിന്റെ കൃതികളും ഭാരതനവോത്ഥാനത്തിന്റെ ശിരോമകുടത്തില്‍ പ്രസ്ഫുടമായിരിക്കുന്നു. വസ്തുനിഷ്ഠമായും ആത്മനിഷ്ഠമായും അദ്ദേഹത്തിന്റെ കൃതികള്‍ പരിശോധിക്കുമ്പോള്‍ സത്യത്തിന്റെ അമൂല്യദര്ശനം നമുക്ക് കണ്ടെത്താനാവും. അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതിയുടെ പേരുതന്നെ സത്യാര്ത്ഥപ്രകാശമെന്നാണല്ലോ. ഈ സത്യാര്‍ത്ഥപ്രകാശത്തിന്റെ വെളിച്ചത്തില്‍ ഗ്രഹിക്കപ്പെട്ട ദര്‍ശനമാണ് ഭാരതനവോത്ഥാനത്തിന് വഴിതെളിയിച്ചത്. എന്നാല്‍ ഇതിന് കേവലം മതപരമായ ഒരു പരിവേഷമല്ല ഉള്ളത്. പ്രത്യേക കൂര്‍മ്മബുദ്ധിയുടേയും സൂക്ഷ്മശക്തിയുടേയും സങ്കലനമാണ്. ഈ ചിന്താഗതിയാണ് പിന്നീട് പല വിപ്ലവകാരികളേയും പ്രചോദിപ്പിച്ചതെന്ന് നിസ്തര്‍ക്കം പറയാം.
ഈ സത്യ അപഗ്രഥനം എങ്ങനെ സ്വാമിജി ഒരുക്കൂട്ടിയെന്ന് കെ.പി.ജയ്സ്വാള്‍ വിവരിക്കുന്നതിങ്ങനെയാണ്. ‘യൂറോപ്പിന് മാര്ട്ടിന് ലൂഥര്‍ നല്കിയതുപോലെ മഹര്‍ഷി ദയാനന്ദന് ഹൈന്ദവ ആത്മാവിന് സര്വസ്വാതന്ത്ര്യമെന്ന ബോധത്തെയാണ് നല്‍കിയത്. അതാകട്ടെ ഭാരതീയശാസ്ത്ര സംഹിതകളില്നിന്നുതന്നെ ഉരുത്തിരിഞ്ഞതുമാണ്.’ ഈ ശാസ്ത്രങ്ങളില്‍ പരമപ്രധാനം വേദങ്ങളായിരുന്നു. വേദങ്ങളില്‍ എല്ലാ ജ്ഞാനത്തിന്റെയും ബീജമടങ്ങിയിരിക്കുന്നു. അതില്‍ വിവേചനത്തിന്റെയോ വിദ്വേഷത്തിന്റെയോ ചിത്രണങ്ങളില്ല, മറിച്ച് അറിവിന്റെയും സമഷ്ടിസ്നേഹത്തിന്റെയും ചിന്തകള്‍ മാത്രമേയുള്ളൂ.
വേദങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മഹര്‍ഷി ജാതീയതയ്ക്ക് എതിരായി പോരാടുവാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. അതിനായി അദ്ദേഹത്തിന്റെ ശിഷ്യന്മാര് ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തി. അദ്ദേഹത്തിന്റെ ശിഷ്യന്മാരില് ഒരാള്‍ കേരളത്തിലും എത്തി. ആ ശിഷ്യനെ അറിയുന്നവര്‍ പക്ഷേ ചുരുങ്ങും. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ, പില്ക്കാലത്ത് ഒരു മുസ്ലീം തീവ്രവാദിയാല്‍ കൊലചെയ്യപ്പെട്ട, അങ്ങനെ മതപരിവര്ത്തനത്തിന്റെതന്നെ രക്തസാക്ഷിയായ ശ്രദ്ധാനന്ദസ്വാമികളായിരുന്നു അത്. വിധവാവിവാഹം, ശൈശവവിവാഹനിരോധനം, സ്ത്രീവിദ്യാഭ്യാസം, ഗോസംരക്ഷണം തുടങ്ങി ബഹുവിധങ്ങളായ സാമൂഹികവിഷയങ്ങളില്‍ മഹര്‍ഷിയുടെ പ്രാമാണികശബ്ദമുയര്ന്നു.
ലോകം കണ്ട മഹാന്മാരായ ദാര്‍ശനികരില്‍ ഒരാളാണ് മഹര്‍ഷി ദയാനന്ദസരസ്വതി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരമപ്രമാണങ്ങളായ വേദങ്ങളില്‍നിന്ന് അടര്‍ത്തി എടുത്തിട്ടുള്ളതാകയാല് നിത്യനൂതനമാണ്. അതുകൊണ്ടുതന്നെയാവണം ഭാരതത്തിലെ മഹാന്മാരായ മഹര്‍ഷി അരവിന്ദന്, ലാലാ ലജ്പത് റായ്, ഗുരുജി ഗോള്‍വള്‍ക്കര്‍, ശ്യാംജി കൃഷ്ണവര്‍മ്മ, ബാലഗംഗാധര തിലകന്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, വീര്‍ സാവര്‍ക്കര്‍, മഹാദേവ് ഗോവിന്ദ് റാനഡേ, ഡോ. എസ്. രാധാകൃഷ്ണന്, ലാലാ ഹര്‍ദയാല്‍, മദന്‍ ലാല്‍ ഢീംഗ്റ, രാംപ്രസാദ് ബിസ്മില്‍, മഹാത്മാ ഹന്‍സരാജ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാര്‍ത്ഥി തുടങ്ങിയവരെ സ്വാമിജിയുടെ ആദര്‍ശങ്ങള്‍ ആകര്‍ഷിച്ചത്.
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മഹര്‍ഷിയെക്കുറിച്ച് അഭിപ്രായപ്പെട്ടത് കാണുക: ”നിസ്സഹായതയുടെ ചതുപ്പുനിലങ്ങളിലേക്ക് വീഴുന്നതില്‍നിന്നും ഭാരതത്തെ രക്ഷിച്ചത് സ്വാമി ദയാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അടിത്തറയിട്ടത്. പില്ക്കാലത്ത് ഗാന്ധിജി അനുവര്‍ത്തിച്ച തൊട്ടുകൂടായ്മക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വിത്തുവിതച്ചതും, നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുജനതയെ സ്വധര്‍മ്മത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. ധര്‍മ്മത്തിനു പകരം അധര്‍മ്മത്തെ കൊണ്ടാടുക വഴി ലോകത്തിന് മുമ്പില്‍ ഹിന്ദുധര്‍മ്മം പരിഹാസപാത്രമാകുന്ന പതിവിന് പൂര്‍ണ്ണവിരാമമിടാന്‍ അദ്ദേഹത്തിനായി. ഹിന്ദുധര്‍മ്മത്തിനുമേല്‍ പറ്റി
പിടിച്ചിരുന്ന കറകളും അഴുക്കുകളും അദ്ദേഹം തുടച്ചുനീക്കി. ഇന്ന്, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തൊട്ടുകൂടായ്മ ഒരു കുറ്റമായും, ഹിന്ദി രാഷ്ട്രഭാഷയായും സ്വീകരിച്ചിരിക്കുന്ന ഈ അവസരത്തില്‍, ഇത്തരം ആശയങ്ങള്‍ ആദ്യമായും ആധികാരികമായും മുന്നോട്ട്വെച്ച സ്വാമിജിയെ വിസ്മരിക്കാനാവില്ല.” (1950 നവംബര്‍ 9ന് സെന്‍ട്രല്‍ ആര്യന് അസോസിയേഷന് സംഘടിപ്പിച്ച യോഗത്തില്‍ ചെയ്ത പ്രസംഗത്തില്‍നിന്ന്, ദ ഹിന്ദുസ്ഥാന്‍ ടൈംസ് 11111950)
ഗുരുജി ഗോള്‍വള്‍ക്കര്‍ മഹര്‍ഷിയെക്കുറിച്ച് ഇപ്രകാരമെഴുതി, ”മഹര്‍ഷി ദയാനന്ദന് ഈ ലോകത്ത് അദ്വിതീയമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തത്. ഇതിലൂടെ നമ്മുടെ രാഷ്ട്രജീവിതം ഉയിര്‍ത്തെഴുന്നേറ്റു. തേജസ്വിയായ രാഷ്ട്രജ്യോതിയുടെ പ്രഭാവം എങ്ങും കാണപ്പെട്ടു. രാഷ്ട്രം, മതം, ഏകതാബോധം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് അഭിപ്രായം പറയുക വിഷമമായിരുന്ന കാലഘട്ടത്തില്‍ മഹര്‍ഷി ദയാനന്ദന് തേജോമയമായ രാഷട്രജീവിതത്തെ ഉണര്‍ത്തി. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അത്യന്തം പ്രശംസനീയമായ രീതിയില്‍ ആര്യസമാജത്തിന്റെ കൊടിക്കീഴില്‍ ത്യാഗതപസ്സുകളോടെ നിര്‍വഹിച്ച ആ മഹാകര്മ്മം നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്. ഇതിലേറ്റവും സവിശേഷമായ കാര്യം അദ്ദേഹം രാഷ്ട്രത്തിനായി ആവാഹിച്ചത് തന്റെ സമ്പൂര്‍ണ ജീവശക്തിയേയുമായിരുന്നു.” (ശ്രീഗുരുജിസാഹിത്യസര്വസ്വം, ദിശാദര്‍ശനം, ഭാഗം5, പേജ് 37)
ആധുനികഭാരതത്തിലെ ദീര്‍ഘദര്‍ശികളും ധര്മാത്മാക്കളുമായ മഹാരഥന്മാര് മഹര്‍ഷി ദയാനന്ദനില്‍നിന്നും പ്രചോദനമുള്ക്കൊണ്ടവരായിരുന്നു. വൈകാരികമോ, ഉപരിപ്ലവമായോ അല്ലാതെ, ചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, സത്യത്തെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജീവിതവും ദര്‍ശനവും അവര്‍ക്ക് ഒട്ടേറെ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ഒരു വിശേഷ അധ്യായംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: