മൂന്നാം അധ്യായം മൂന്നാം പാദം
ലിംഗഭൂയസ്ത്വാധികരണം തുടരുന്നു.
സൂത്രം ദര്‍ശനാച്ച
ശ്രുതിയില്‍ കാണുന്നതുകൊണ്ടും
യജ്ഞം മുതലായ കര്മ്മക്കളുടെ ഫലമായി സ്വര്‍ഗം തുടങ്ങിയ ലോകങ്ങളില്‍ പോയി പുണ്യഫലമനുസരിച്ച് വീണ്ടും ഭൂമിയിലേക്ക് പതിക്കും. ജ്ഞാനത്തിന്റെ ഫലമായി മാത്രമാണ് മുക്തനായിത്തീരുക. മുണ്ഡകോപനിഷത്തിലും മറ്റ് ശ്രുതികളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കര്‍മ്മത്തിന്റെ ഫലമായി മുക്തനാകുമെന്ന് എവിടെയും പറയുന്നുമില്ല.അതിനാല്‍ അഗ്നികള്‍ ജ്ഞാനാംഗങ്ങള് തന്നെയെന്ന് ഉറപ്പിക്കുന്നു.
സൂത്രം ശ്രുത്യാദിബലീയസ്ത്വാച്ച ന ബാധഃ
ശ്രുതി സ്മൃതികള്‍ക്ക് പ്രകരണങ്ങളേക്കാള് ബലമുള്ളതിനാല്‍ ഈ സിദ്ധാന്തത്തിന് ബാധ വരുന്നില്ല. ശ്രുതി വാക്യങ്ങളുടെ അര്‍ത്ഥത്തേയും ഭാവത്തേയും പ്രകാശിപ്പിക്കുന്നവയാണ് പ്രകരണങ്ങള്‍. അവയില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനെ നിഷേധിക്കാന്‍ ശ്രുതിയ്ക്ക് അധികാരമുണ്ട്.ശ്രുതി വാക്യങ്ങളെ നിഷേധിക്കാന്‍ പ്രകരണത്തിന് കഴിയില്ല.അതിനാല്‍ ശ്രുതിയില്‍ പറയുന്നതിനെ പ്രധാന പ്രമാണമായി കരുതണം. ജ്ഞാനത്തെ പോലെ കര്‍മ്മവും മുക്തിയ്ക്ക് കാരണമാകും എന്ന പൂര്‍വ്വ പക്ഷത്തിന്റെ അഭിപ്രായം പ്രകരണത്തില്‍ കണ്ടാലും ശ്രുതി വിരുദ്ധമായതിനാല്‍ സ്വീകരിക്കാനാവില്ല. ഇക്കാരണത്താല്‍ കല്പിതാഗ്നികള് കര്മ്മാംഗങ്ങളാകുകയില്ല. അവ സ്വതന്ത്രങ്ങളും വിദ്യാംഗങ്ങളുമാണ് എന്നതിന് ബാധയില്ല .
സൂത്രം അനുബന്ധാദിഭ്യഃ പ്രജ്ഞാന്തര പൃഥക്ത്വവത് ദൃഷ്ടശ്ച തദുക്തം
മനസ്സുമായുള്ള സംബന്ധം മുതലായതു കൊണ്ട് മറ്റ് ഉപാസനകളിലുള്ള ഭേദം പോലെ കാണുന്നുണ്ട്. അത് പൂര്‍വ്വമീമാംസയില്‍ പറയുന്നുമുണ്ട്. മനഃ കല്പിത അഗ്നികള്‍ സ്വതന്ത്രങ്ങളാണെന്ന് ഈ സൂത്രത്തില്‍ സമര്‍ത്ഥിക്കുന്നു. അവ ഒരേ ഫലത്തെ തരുന്നവയാണ്.അനുഷ്ഠിക്കുന്നയാളുടെ മനസ്സിലെ ഭാവ വ്യത്യാസമനുസരിച്ച് ഫലത്തില്‍ വ്യത്യാസം ഉണ്ടാകും. ധ്യാനം മുതലായ ക്രിയകള്‍ മോഷത്തെ നല്‍കാനുള്ളവയാണ്. അവ സ്വര്‍ഗ്ഗപ്രാപ്തി തുടങ്ങിയ ഫലങ്ങളെ നല്കുന്നുണ്ടെങ്കില് അത് ഉപാസകന്റെ മനോഭാവമനുസരിച്ചാണ്.
ഭഗവദ് ഗീതയില്‍ ‘യേ യഥാ മാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം ‘ എന്നെ ഏത് തരത്തില്‍ സമീപിക്കുന്നുവോ അതുപോലെ തന്നെ ഞാന്‍ അവരെ അനുഗ്രഹിക്കുമെന്ന് ഭഗ വാന്‍ പറയുന്നു. മാനസ ക്രിയകളില്‍ മനസ്സിനോടുള്ള ബന്ധത്താല്‍ ഫലത്തിലെ അനുഭവത്തിലും മാറ്റമുണ്ടാകും. ഭാവനയ്ക്കനുസരിച്ചാണ് ഫലസിദ്ധി. അതിനാല്‍ ജ്ഞാനത്തിന്റെ ഫലമായ മുക്തി നല്‍കാനുള്ള ശക്തിയില്‍ വ്യത്യാസമില്ല.ഇങ്ങനെ കാണുമ്പോഴും അഗ്നികള്‍ സ്വതന്ത്രങ്ങളാണ്.ക്രിയാംഗങ്ങളല്ല എന്ന് അറിയണം.
സൂത്രം ന സാമാന്യാദ പ്യുപലബ്ധേര് മൃത്യുവന്ന ഹി ലോകോ പത്തിഃ
അഗ്നി എന്ന് പൊതുവായ പേരുണ്ടെങ്കിലും കിയാംഗത്വമില്ല.ശ്രുതിയില്‍ അങ്ങനെ പറയുന്നത്. മൃത്യുവിനെപ്പോലെ അഗ്നി ലോകമായിത്തീരുന്നില്ല. ലോകത്തില്‍ സാധാരണ കാണുന്ന അഗ്നിയ്ക്കും മന: കല്പിതങ്ങളായ അഗ്നികള്ക്കും പൊതുവെയുള്ളയുള്ള ചില ധര്‍മ്മങ്ങള്‍ ഉണ്ടാകുമെങ്കിലും പുരുഷാര്‍ത്ഥത്തെ നേടുന്ന കാര്യത്തില്‍ ഒരു പോലെയല്ല
മന:കല്പിതങ്ങളായ അഗ്നികളുടെ ഫലം പരമമായ പുരുഷാര്‍ത്ഥത്തെ നേടലാണ്.ഇത് സാധാരണമായ ഒന്നല്ല. ഈ അഗ്നികള്‍ക്ക് ക്രിയയോട് ബന്ധമില്ല. മനോമയ അഗ്നി ചയനം ചെയ്ത് ജീവന് മുക്തരായവര്‍ക്ക് സൂക്ഷ്മ ശരീരത്തോടും കാരണ ശരീരത്തോടും ബന്ധമില്ല. അതിനാല്‍ മറ്റൊരു ലോകത്തേക്ക് പോകേണ്ടതുമില്ല. അവര്‍ ബ്രഹ്മമായിത്തീരുന്നു.
സൂത്രം പരേണ ച ശബ്ദസ്യ താദ്വിദ്ധ്യം ഭൂയസ്ത്വാത്ത്വനുബന്ധഃ
പിന്നീട് വരുന്ന ശ്രുതി ശബ്ദങ്ങളിലും വിദ്യയെ വിധിക്കുന്നതായി കാണുന്നു. കല്പിത അഗ്നികള്‍ കൂടുതലുള്ളതിനാലാണ് വിദ്യയ്ക്ക് അഗ്നി സംബന്ധം ഉപദേശിക്കുന്നത്.
ഈ ലോകം ചയനം ചെയ്ത അഗ്നിയാണെന്ന് ബ്രാഹ്മണത്തില്‍ കാണാം.ഇത് വിദ്യയുടെ ഭാവത്തെയാണ് കാണിക്കുന്നത്. കര്മ്മാംഗ ഭാവമല്ല.
വിദ്യകൊണ്ട് മാത്രമേ മുക്തിയുണ്ടാകൂ എന്ന് പിന്നീട് പറയുന്നുമുണ്ട്.
‘വാക്ചിതഃപ്രാണചിതശ്ചക്ഷുശ്ചിത: ശ്രോത്ര ചിതഃ കര്മ്മചിതഃ അഗ്നി ചിതഃ എന്നിങ്ങനെ വേറെ പറഞ്ഞ കല്പിതാഗ്നികള് എല്ലാം വിദ്യയെ നേടാനും സഹായകമാണ്. ഇവയെ കര്മ്മാംഗമായി കാണാനാകില്ല. മനശ്ചിതാഗ്നികളെ അനേകമായി കല്പിച്ചതിനാലാണ് അഗ്നി സംബന്ധം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: