ഭാരതത്തിലെ നാഗാരാധനാ കേന്ദ്രങ്ങളില്‍ ബൃഹത്തും പുരാതനുമായ സങ്കേതമാണ് ഹരിപ്പാടുള്ള മണ്ണാറശാല. മന്ദാരശാലയെന്നാണ് ഈ ക്ഷേത്രത്തിന്റെ പൂര്‍വനാമം. ക്ഷേത്രത്തിന്റെ നാലുദിക്കിലും കാടാണ്. ചെറുജലാശയങ്ങളാലും ഫലവൃക്ഷങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും പ്രശോഭിതമായിട്ടുള്ള ഈ കാനനത്തിലെ ക്ഷേത്രവും അതിനുചുറ്റും ഭയഭക്തി ഉണര്‍ത്തിക്കൊണ്ട് അസംഖ്യം നാഗശിലകളും ചേര്‍ന്ന പ്രശാന്തവും പ്രകൃതി രമണീയവുമായി ഈ പുണ്യ സങ്കേതം ഭക്തരില്‍ ശാന്തി നിറയ്ക്കുന്നു.
മണ്ണാറശാല ക്ഷേത്രത്തിന്റെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യം മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനുമായും അദ്ദേഹത്തിന്റെ കേരളോത്ഥാനവുമായി ബന്ധപ്പെട്ടതാണ്. കഠിന തപസ്സിനെത്തുടര്‍ന്ന് പരശുരാമന് നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി. വരഫലമായി സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത ഭൂപ്രദേശത്തിന്റെ തീഷ്ണമായ ക്ഷാരാംശത്തെ ഇല്ലാതാക്കി അവിടെ ഫലഭൂയിഷ്ടമായ അധിവാസകേന്ദ്രമാക്കി തീര്‍ത്തു.
വരലബ്ധിയില് സന്തുഷ്ടനായ പരശുരാമന് ഈ മണ്ണില്‍ സകല ജീവജാലങ്ങള്‍ക്കും നാഗരാജാവിന്റെ നിത്യസാന്നിദ്ധ്യവും അനുഗ്രഹവും ഉണ്ടാകണമെന്ന് അപേക്ഷിച്ചു. പരശുരാമന്റെ അഭിലാഷം സഫലമാകുമെന്ന് അരുളപ്പാടുണ്ടായി. നാഗാധിനാഥന്റെ അധിവാസത്തിന് അനുയോജ്യമായ ഇടംതേടിയിറങ്ങിയ പരശുരാമന് നിറയെ മന്ദാരങ്ങള്‍ പൂവിട്ടു നില്ക്കുന്ന ഒരു കാനന പ്രദേശത്തെത്തി. അവിടെ രൂപസൗകുമാര്യം തുളുമ്പുന്ന നാഗരാജ വിഗ്രഹവും ഇടതുവശത്തായി സര്‍പ്പയക്ഷിയേയും പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നുള്ള പണ്ഡിതോത്തമനായ ഒരു ബ്രാഹ്മണനെ നാഗപൂജയ്ക്കായി നിയോഗിക്കുകയും ചെയ്തു. പരശുരാമന്റെ ഉപദേശപ്രകാരം ആ ബ്രാഹ്മണ ശ്രേഷ്ഠന് തന്റെ ജീവിതത്തെ ഭഗവത് പൂജയ്ക്കായി സമര്‍പ്പിച്ചു. പരശുരാമന് നിശ്ചയിച്ച മന്ത്രങ്ങളും പൂജാക്രമങ്ങളുമാണ് ഇവിടെ ഇന്നും പരിപാലിച്ച് പോരുന്നത്.
മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ് ക്ഷേത്രത്തിലെ മുഖ്യപൂജാരിണി. വലിയമ്മ എന്നാണ് സ്ഥാനപ്പേര്. വലിയമ്മയെ ദര്‍ശിക്കുന്ന മാത്രയില്‍ നാഗ ദോഷങ്ങളകലുമെന്നാണ് വിശ്വാസം. 15 മണിക്കൂറോളം നീളുന്ന ആയില്യത്തിന്റെ ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതും വലിയമ്മയാണ്.
കരിങ്കല്ലില്‍ കൊത്തിയെടുത്ത, നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ് ഇവിടെയുള്ള നാഗരൂപങ്ങള്. പത്തിവിടര്‍ത്തിയവയും തലയുയര്‍ത്തി പിടിച്ചവയും ശാന്തസ്വരൂപക്കാരും കൂട്ടത്തിലുണ്ട്. മണ്ണാറശാലക്കാവിന് ഇവര്‍ കാവലാളാകുന്നു. ആയില്യത്തോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തി ഇവരെ പ്രീതിപ്പെടുത്തുന്നു. കേരളത്തിലളങ്ങോമിങ്ങോളം ഉണ്ടായിരുന്ന കാവുകളില്‍ നിന്നും മണ്ണാറശാലയിലേക്ക് പറിച്ച് നടപ്പെട്ടവയില്‍ ഭക്തര്‍ സമര്‍പ്പിച്ചതും ക്ഷേത്രത്തിലുണ്ടായിരുന്നതും അടക്കം പതിനായിരക്കണക്കിന് നാഗരൂപങ്ങളാണ് ഉള്ളത്.
കാവുമാറ്റംവഴി ഇവിടെ എത്തിക്കുന്ന നാഗങ്ങളെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ കാവിലാണ് പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠാക്കാവ് എന്നാണ് ഇതിന് പേര്. ക്ഷേത്രത്തിലും കാവുകളിലുമുള്ള നാഗങ്ങള്‍ക്കായി ആയില്യത്തിന് മുമ്പുള്ള വിശേഷാല്‍ പൂജകള്‍ പുണര്‍തം നാളിലാണ് പൂര്‍ണ്ണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: