‘ഭൂരഹിത കേരളം പദ്ധതി: അപേക്ഷിച്ചവര്‍ കാത്തിരിപ്പ് തുടരുന്നു’ എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ആകെ ‘കണ്ഫ്യൂഷന്’. ഭൂരഹിതകേരളം ലക്ഷ്യമാക്കി പദ്ധതി ആവിഷ്കരിച്ചവരെയും അതിന്റെ ആനുകൂല്യത്തിന് കാത്തിരിക്കുന്നവരെയുമോര്‍ത്ത് വിഷമം തോന്നി. വാര്‍ത്ത തയ്യാറാക്കിയവര്‍ക്ക് പേരുതെറ്റിയതാണോ?
‘ഭൂരഹിതകേരളം’ എന്നാല്‍ ഭൂമിയില്ലാത്ത കേരളം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. പദ്ധതി ആവിഷ്കരിച്ചവര്‍ക്കും പേരിട്ടവര്‍ക്കും അധികൃതര്‍ക്കും പേരിന്റെ അര്‍ത്ഥം പ്രശ്നമല്ലായിരിക്കാം.
ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. 2013ല്‍ യുഡിഎഫ് ഭരണകാലത്തുതന്നെയാവണം ഈ സുന്ദരമായ പേരുമിട്ടത്. മിക്ക ജില്ലകളിലും അപേക്ഷകരില്‍ നാലിലൊന്ന് പേര്‍ക്ക് നല്‍കാനുള്ള ഭൂമിപോലും കണ്ടെത്തിയിട്ടില്ല. പട്ടയം ലഭിച്ചവരില്‍ പലരും വാസയോഗ്യമല്ലാത്ത സ്ഥലം വേണ്ടെന്നുവെച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
‘ഭൂരഹിതരല്ലാത്ത കേരളം’ എന്നാവാം പേരിട്ടവര്‍ ഉദ്ദേശിച്ചത്- ഭൂരഹിതരഹിതകേരളം’. ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ ഒരു ‘രഹിത’ ഉപേക്ഷിച്ചതാവാം. പദ്ധതിയെക്കുറിച്ചറിയുമ്പോള് അര്‍ത്ഥശങ്ക മാറിക്കൊള്ളുമമെന്നും അവര്‍ കരുതിയിരിക്കാം.
പേരിലെന്തിരിക്കുന്നു എന്ന് ആരോ പണ്ട് ചോദിച്ചിട്ടുണ്ടല്ലോ. പേരില്‍ ഒന്നും ഇരിക്കുന്നില്ല എന്ന് ‘ഭൂരഹിതകേരള’വും തെളിയിക്കുന്നു. പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ത്രശേഖരന്‍ വ്യക്തമാക്കിയിരുന്നുവത്രെ. അപ്പോള്‍ പേരും അതേപടി നിലനിര്ത്തുമെന്നുകരുതാം!
മലയാളത്തെ രക്ഷിക്കാന്‍ ഭരണാധികാരികളും സാംസ്കാരിക നായകന്മാരുമെല്ലാം കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പേരുകളും പ്രയോഗങ്ങളും പ്രചരിക്കുന്നത്.
നവീനകേരളത്തെ സംബന്ധിച്ചിടത്തോളം ഭൂരഹിതകേരളം എന്നപേര് സാര്‍ത്ഥകമാണെന്ന് ചിലര്‍ പറയുന്നു. കേരളത്തില്‍ ഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഫ്ളാറ്റുകളടക്കമുള്ള പാര്‍പ്പിടങ്ങളും ഇങ്ങനെ പെരുകിയാല്‍ സമീപഭാവിയില്‍തന്നെ ‘ഭൂരഹിതകേരളം’ യാഥാര്‍ത്ഥ്യമാകും.
വനരഹിത കേരളം, ഹരിതരഹിത കേരളം തുടങ്ങിയ ലക്ഷ്യങ്ങളിലേക്കും ചിലര്‍ കേരളത്തെ അതിവേഗം അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.
‘ഭൂരഹിതകേരളം’ ആലങ്കാരികപ്രയോകമാണെന്ന വിശദീകരണവും താമസിക്കാതെ ഉണ്ടായേക്കാം. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും മാത്രമല്ല കൊടും കുറ്റവാളികളും ആലങ്കാരികപ്രയോഗങ്ങളില്‍ രസിക്കുന്ന കാലമാണിത്. ഏത് പ്രയോഗത്തെയും ആലങ്കാരികമാക്കാന്‍ കഴിവുള്ള മന്ത്രിമാരും നേതാക്കളും നമുക്കുണ്ട്. പക്ഷേ, അലങ്കാരം പ്രയോഗിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവരാണ് കേരളീയരിലധികവും. ആലങ്കാരിക പ്രയോഗങ്ങള്‍ കൂടുന്തോറും അവരുടെ കഷ്ടതയും കൂടും. അവര്‍ക്കായി എത്രയും വേഗം ‘ആലങ്കാരിക പ്രയോഗ രഹിത ഭാഷാപദ്ധതി’ ആവിഷ്കരിക്കുന്നത് നന്നായിരിക്കും.
പിന്കുറിപ്പ്:
കളര്‍പ്പൊടി വിതറിയുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്-വാര്‍ത്ത
ആഘോഷങ്ങള്‍ക്ക് എപ്പോഴും ‘വര്‍ണം വിതറാ’തിരിക്കാന്‍ പത്രലേഖകരും ശ്രദ്ധിച്ചാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: