1934 ഫെബ്രുവരി 12ന് ജവഹര്‍ലാല്‍ നെഹ്റു ജയിലിലായിരുന്നു. രണ്ടുവര്‍ഷത്തെ കഠിനതടവായിരുന്നു അദ്ദേഹത്തിന് വിധിച്ചത്. 1934 ആഗസ്റ്റില്‍ 12 ദിവസം പരോള്‍ ലഭിച്ചു. ഭാര്യക്ക് സുഖമില്ലാത്തതിനെ തുടര്‍ന്നായിരുന്നു പരോള്‍. സുഖമില്ലാത്ത ഭാര്യക്കൊപ്പം താമസിക്കുന്നതിനായി അദ്ദേഹത്തെ രണ്ടുവര്‍ഷം പൂര്‍ത്തിയാകും മുന്‍പ് 1935 സെപ്റ്റംബര്‍ 3ന് ബ്രിട്ടീഷുകാര്‍ വിട്ടയച്ചു. അങ്ങനെ അദ്ദേഹം ജര്‍മ്മനിയില്‍ പോയി ഭാര്യയ്ക്കൊപ്പം താമസിച്ചു. 1936 ഫെബ്രുവരി 28ന് കമല നെഹ്റു അന്തരിക്കുന്നതുവരെ ഇരുവരും ഒരുമിച്ച് താമസിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരെ സത്യഗ്രഹ, സഹനസമരം നടത്തുന്ന നേതാക്കള്‍ക്ക് ഇങ്ങനെയൊക്കെ ചില സൗകര്യങ്ങളുണ്ടായിരുന്നു. തടവുകാലത്തിനിടെയാണ് നെഹ്റു വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ വിഖ്യാത പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയത്. സുഖമില്ലാതെ വന്നപ്പോള്‍ താന്‍ അടുത്തുണ്ടായത് കമല നെഹ്റുവിന് ഒരുപാട് സന്തോഷവും ആശ്വാസവും സമ്മാനിച്ചിട്ടുണ്ടെന്നത് നെഹ്റു പറഞ്ഞിട്ടുമുണ്ട്. നെഹ്റുവിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഇതൊരു കുറവായി കണക്കാക്കണമെന്ന് ആരെങ്കിലും അഭിപ്രായപ്പെടാന്‍ സാദ്ധ്യതയില്ല. അത് ശരിയുമല്ല.
ഭര്‍ത്താവിനെ ഇടയ്ക്കിടയ്ക്ക് കാണാന്‍ കമല നെഹ്റുവിന് കിട്ടിയ ഭാഗ്യം നാസിക്കിലെ ജമുനാബായിക്ക് ലഭിച്ചിരുന്നില്ല. 1906ല്‍ വിപ്ലവം തലയ്ക്കുപിടിച്ച ഭര്‍ത്താവ് ഇംഗ്ലണ്ടില്‍ പോയതിനുശേഷം പിന്നെ അദ്ദേഹത്തെ അവര്‍ കണ്ടത് 1911ല്‍ ആണ്. ത്രയംബകേശ്വറില്നിന്ന് കിലോമീറ്ററുകള്‍ക്കിപ്പുറം നാസിക്കില്‍ ബ്രിട്ടീഷ് പിടിയിലായ ഭര്‍ത്താവിനെ കാണാന്‍ ചെന്നപ്പോള്‍ ജമുനാബായ് പക്ഷേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു. നാസിക്കില്‍ താമസിക്കാന്‍ ആരും ഒരു മുറിപോലും നല്‍കിയില്ല അവര്‍ക്ക്. വിപ്ലവകാരിയുടെ ഭാര്യ ആയതായിരുന്നു അവരുടെ തെറ്റ്. നാസിക്കിലെ അമ്പലത്തില്‍ അഗതിയെപ്പോലെ അവര്‍ ഒരുരാത്രി തങ്ങി.
പിന്നെ ഏകദേശം എട്ടുവര്‍ഷത്തോളമെടുത്തു അവര്തമ്മില് കാണാന്‍. കൃത്യമായി പറഞ്ഞാല്‍ 1919 മെയ് 30ന്. അന്നവര്‍ക്ക് മറ്റൊരു വിവരംകൂടി ഭര്‍ത്താവിനോടും അവിടെത്തന്നെ തടവില്‍ കഴിഞ്ഞിരുന്ന ഭര്‍തൃസഹോദരനോടും അറിയിക്കാനുണ്ടായിരുന്നു. ഭര്‍തൃസഹോദരന്റെ ഭാര്യ യശോദാബായ് മരിച്ചുപോയിരിക്കുന്നു. 1910ല്‍ ആന്‍ഡമാന്‍ ജയിലിലായ ഭര്‍ത്താവിനെ ഒരു നോക്കുകാണാന്‍ അന്നുമുതല്‍ യശോദാബായ് മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ 1919 ഏപ്രില്‍ 20ന് ജീവന് വെടിയുന്നതുവരെ അവര്‍ക്കതിന് കഴിഞ്ഞില്ല.
ഇതിലെ ജമുനാബായി വിനായക ദാമോദര സവര്‍ക്കറുടെ ഭാര്യയാണ്. മരിക്കുമ്പോള്‍ ഭര്‍ത്താവ് അടുത്തില്ലാതിരുന്ന ഹതഭാഗ്യയായ യശോദയാകട്ടെ വിനായകന്റെ സഹോദരന് ഗണേഷ് ദാമോദര്‍ സവര്‍ക്കറുടെ ഭാര്യയും. വിനായക ദാമോദര്‍ സവര്‍ക്കര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് നല്കിയ സംഭാവനകളും അതിന് അനുഭവിച്ച യാതനകളും കണക്കിലെടുക്കുമ്പോള്‍ ഭാരതരത്നം എന്ന പദവിയാണ് സത്യത്തില്‍ ബഹുമാനിക്കപ്പെടുക. അസാധാരണമായ ആര്‍ജ്ജവം, അപൂര്‍വ്വ പ്രതിഭ, കൂര്‍മ്മബുദ്ധി, ആകര്‍ഷകമായ വ്യക്തിത്വം, കല്ലിനെ ദ്രവിപ്പിക്കാനും മൃതനായവനെ പോരാടാന്‍ എഴുന്നേല്‍പ്പിക്കാനും കഴിയുന്ന എഴുത്തുകാരന്. അതായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍.
കേവലം 14 വയസ്സുള്ളപ്പോള്‍ എഴുതിയ പടപ്പാട്ട് മുതല്‍ ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷം എഴുതിത്തീര്‍ത്ത മൈ ട്രാന്സ്പോര്ട്ടേഷന് ഓഫ് ലൈഫ് എന്ന പുസ്തകം വരെ വെളിച്ചം കാണാന്‍ സ്വാതന്ത്ര്യം കിട്ടുന്നതുവരെ സവര്‍ക്കറിനു കാത്തിരിക്കേണ്ടിവന്നു. ദേശാഭിമാന പ്രചോദിതങ്ങളായ അദ്ദേഹത്തിന്റെ ഒറ്റപ്പുസ്തകം പോലും പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ 1857ലെ വിഖ്യാതമായ പോരാട്ടത്തെക്കുറിച്ച് ലണ്ടനിലിരുന്ന് എഴുതിത്തീര്‍ത്ത 1857 ഒന്നാം സ്വാതന്ത്ര്യസമരമെന്ന പുസ്തകം പ്രസിദ്ധീകരിക്കുകതന്നെ ചെയ്തു സവര്‍ക്കര്‍. ലോകപ്രശസ്ത കുറ്റാന്വേഷകരായ സ്കോട്ലന്റ് യാര്‍ഡ് പോലും അതിന്റെ കയ്യെഴുത്തുപ്രതി അന്വേഷിച്ച് പരക്കം പായുമ്പോള്‍ വി.വി.എസ്. അയ്യര്‍ എന്ന വിപ്ലവകാരി പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വ്വഹിച്ച് അത് ഹോളണ്ടില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മാഡം ബിക്കാജി കാമ ആ പുസ്തകം യൂറോപ്പില്‍ പ്രസിദ്ധീകരിച്ചു. ഖദര്പാര്ട്ടി നേതാവ് ലാലാ ഹര്‍ദയാല്‍ അത് അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ഭഗത്സിംഗ് അടക്കമുള്ള വിപ്ലവകാരികളുടേയും സുഭാഷ് ബോസിന്റെ ഐഎന്‍എ ഭടന്മാരുടേയും പാഠപുസ്തകമായി അതുമാറി. ശിപായിലഹളയെന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ അവഹേളിച്ചിരുന്ന 1857ന്റെ സായുധപോരാട്ടം ഒന്നാം സ്വാതന്ത്ര്യസമരം എന്ന്
ഉദ്ഘോഷിക്കാന്‍ കാരണമായത്
സവര്‍ക്കറുടെ ഈ പുസ്തകമായിരുന്നു. നാസിക് കളക്ടറെ അഭിനവ് ഭാരതാംഗങ്ങള് വധിച്ച കേസില്‍ 1909ല്‍ ആയിരുന്നു സവര്‍ക്കര്‍ ലണ്ടനില്‍ അറസ്റ്റുചെയ്യപ്പെട്ടത്. ഇന്ത്യയിലേക്ക് കപ്പലില്‍ കൊണ്ടുവരുന്നതിനിടെ കപ്പലില്‍നിന്ന് ചാടി ഫ്രാന്‍സ് തീരത്തേക്ക് നീന്തിയെത്തിയെങ്കിലും വീണ്ടും പിടിയിലായി. അന്താരാഷ്ട്ര കോടതിയില്‍വരെ ആ കേസെത്തിയെങ്കിലും നിയമം ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു. ഇന്ത്യയിലെത്തി അമ്പതുവര്‍ഷത്തെ ശിക്ഷയാണ് വിധിക്കപ്പെട്ടത്.
പിന്നീട് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ യാതനയുടെ പതിനൊന്ന് വര്‍ഷങ്ങള്‍. കൈകാല്‍ ബന്ധിച്ച് ചങ്ങലക്കിട്ട് മാസങ്ങളോളം. എണ്ണച്ചക്കാട്ടാന് കാളയ്ക്ക് പകരമായി എത്രയോ ദിവസങ്ങള്‍. മരണത്തെ മുഖാമുഖം കണ്ട നിരവധിസന്ദര്‍ഭങ്ങള്‍. മഹാത്മാഗാന്ധി ഉള്‍പ്പെടെ നിരവധിപേരുടെ ശ്രമഫലമായി ആന്‍ഡമാനില്‍നിന്ന് 1921ല്‍ രത്നഗിരി ജയിലിലേക്ക് മാറ്റി. അതിനുശേഷം യെര്‍വാദയില്‍. 1924ല്‍ ജയില്‍ മോചനത്തിനുശേഷം പതിമൂന്ന് വര്‍ഷം മനുഷ്യാവകാശങ്ങളില്ലാതെ രത്നഗിരിയില്‍ വീട്ടുതടങ്കലില്‍. അങ്ങനെ ആയുസ്സിന്റെ 27 വര്‍ഷങ്ങളാണ് വിപ്ലവകാരിയായതിന്റെ പേരില്‍ മാത്രം സവര്‍ക്കര്‍ തടങ്കലില്‍ കിടന്നത്. ആന്‍ഡമാന്‍ ജയിലിലെ എല്ലാതടവുകാരും കൊടുക്കുന്ന ഹര്‍ജിയാണ് സവര്‍ക്കറും നല്‍കിയതെന്ന് വിപ്ലവകാരിയായ സചീന്ദ്ര സന്യാല്‍ അദ്ദേഹത്തിന്റെ ബന്ദി ജീവന് എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടുപോലും സവര്‍ക്കറെ വിടാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായിരുന്നില്ല. ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും ചെയ്ത കാര്യങ്ങളില്‍ സവര്‍ക്കര്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നായിരുന്നു ബ്രിട്ടീഷുകാര്‍ കണ്ടെത്തിയത്. ഒടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മഹാത്മാഗാന്ധിയുടേയും ഒക്കെ ശ്രമഫലമായിട്ടായിരുന്നു ആന്‍ഡമാന്‍ ജയിലില്‍നിന്ന് സവര്‍ക്കറെ രത്നഗിരി ജയിലിലേക്ക് മാറ്റിയത്. രത്നഗിരിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കപ്പെട്ട് ജീവിച്ചപ്പോഴും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹം വിട്ടുനിന്നില്ല. പതിതപാവന മന്ദിര്‍ സ്ഥാപിച്ച് എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കും പ്രവേശനം നല്കി. സമൂഹത്തിന്റെ താഴേക്കിടയില്പ്പെട്ടവരെന്ന് കരുതിപ്പോന്നിരുന്നവരില് ഒരാളെ പൂജാരിയാക്കി. ഒരു ഹിന്ദുവും പതിതനല്ലെന്ന് ഉറക്കെപ്രഖ്യാപിച്ചു. അങ്ങനെ സ്വാതന്ത്ര്യസമരത്തില്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനങ്ങളിലും കരുത്തുറ്റ വിപ്ലവകാരിയായി. 1966ല്‍ മരണം വരിക്കുന്നതുവരെ രാഷ്ട്രത്തിന്റെ വൈഭവമല്ലാതെ മറ്റൊന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സവര്‍ക്കറെ എന്നും എതിര്‍ത്തിരുന്ന ശത്രുക്കള്‍ അദ്ദേഹത്തെ ഗാന്ധിവധത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒടുവില്‍ സത്യംതന്നെ വിജയിച്ചു. അദ്ദേഹത്തെ കോടതി വെറുതെവിട്ടു.
കശ്മീരില്‍ പാക്കിസ്ഥാന് പ്രശ്നമുണ്ടാക്കുമെന്നും അവിടുത്തെ ഹിന്ദുക്കളുടെ സ്ഥിതി ദയനീയമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ചൈന അപകടകാരിയാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനായിരുന്ന സവര്‍ക്കറുടെ ഓരോവാക്കും പില്ക്കാലത്ത് സത്യമായി മാറി. സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് വിപ്ലവകാരികളുടെ തലമുറകളെത്തന്നെ സമര്‍പ്പിക്കാനാകും വിധം പ്രോജ്ജ്വലമായിരുന്നു സവര്‍ക്കറുടെ ജീവിതം. കാരിരുമ്പാണികളെ തൂലികയാക്കി ആന്‍ഡമാന്‍ ജയിലിലെ കരിങ്കല്‍ ഭിത്തികളില്‍ കോറിയിട്ട സ്വാതന്ത്ര്യ ഗീതങ്ങള്‍ ദേശീയാഭിമാനത്തിന്റെ ദിവ്യസൂക്തങ്ങളായി. ആ സൂക്തങ്ങള്‍ ഭാരതമാതാവിന് അര്‍പ്പിച്ച് പതിനായിരങ്ങള്‍ സ്വാതന്ത്ര്യ ബലിത്തീയിലേക്ക് നടന്നടുത്തു. മദന്‍ലാല്‍ ധിംഗ്ര മുതല്‍ അനന്ത ലക്ഷ്മണ് കാന്ഹരെയും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ഒടുവില്‍ സുഭാഷ് ബോസ് വരെയുള്ളവര്ക്കുപോലും ആ സ്വാതന്ത്ര്യഗീതങ്ങള്‍ പ്രേരണാദായകമായി. ആര്‍ക്കുണ്ട് ഇത്ര മഹത്തായ വിപ്ലവചരിത്രം? ഇത്രയും പോരാളികളെ സ്വാധീനിച്ച മറ്റേതൊരു വിപ്ലവനേതാവാണുള്ളത്? ഭാരതരത്നം ഇതുവരെ നല്‍കിയില്ലെങ്കില്‍ അതല്ലേ ഏറ്റവും വലിയ തെറ്റ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: