വ്യക്തമായ നിലപാടുകളെടുക്കാതെ വെറും ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിനോട് കൃത്യമായ ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത്. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യം ശരിക്കും വെല്ലുവിളിതന്നെയാണ്. അവര്‍ ആരോപിക്കുന്നതുപോലെ, ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണ് അതെങ്കില്‍ പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ രണ്ടാമത് ആലോചിക്കേണ്ടതില്ലല്ലോ. അതിന് ധൈര്യം കാണിക്കുന്നില്ലെങ്കില്‍ അതിന് അര്‍ഥം, തങ്ങള്‍ പറയുന്നതില്‍ കഴമ്പില്ലെന്ന് ആരോപിക്കുന്നവര്ക്കുതന്നെ ബോധ്യമുണ്ടെന്നാണ്. അതുതന്നെയാണ് കോണ്‍ഗ്രസ്സിന്റെ പരാജയവും. മര്‍മ്മത്തുള്ള അടിയാണ് മോദിയുടേത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ പൂര്‍ണ സന്തുഷ്ടരാണ് എന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഇതിനോട് കൂട്ടിവായിക്കാം.
ഭൂരിപക്ഷം ലോകരാജ്യങ്ങള്‍പോലും അംഗീകരിച്ച നടപടിയെയാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. എതിര്‍പ്പിന് വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കാവുന്നുമില്ല. ചിലരുടെ സ്വന്തം താല്പര്യത്തിനായി മാത്രം, പൊതുവികാരത്തിന് വിരുദ്ധമായി നിലനിര്‍ത്തിപ്പോന്ന ആ വകുപ്പ് എടുത്തുമാറ്റാന്‍ ഏഴു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ആത്മാര്‍ഥതയും തന്റേടവും കാഴ്ചപ്പാടുമുള്ള ഭൂരിപക്ഷസര്‍ക്കാര്‍ ഭരണത്തിലെത്താന്‍ വേണ്ടിവന്ന കാലതാമസമായിരുന്നു അത്. മാറിമാറിവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും മുന്നണി സര്‍ക്കാരുകള്‍ക്കും വോട്ടുരാഷ്ട്രീയത്തിനിടെ തന്റേടമുള്ള നടപടിയെടുക്കാന്‍ നട്ടെല്ല് ഇല്ലാതെപോയി. വാജ്പേയി സര്‍ക്കാരിന് നട്ടെല്ലുണ്ടായിരുന്നു. പക്ഷെ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലായിരുന്നു. 2014ല്‍ ആണ് എല്ലാം ഒത്തുചേര്‍ന്നത്. അന്നുമുതല്‍, ജനങ്ങളോട് പറഞ്ഞകാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിവരുകയായിരുന്നു മോദിസര്‍ക്കാര്‍. അതിന്റെ ഭാഗമാണ് കശ്മീര്‍ നടപടിയും മുത്തലാഖ് നിരോധനവും മറ്റും. വാക്കുപാലിച്ച് ശീലമില്ലാത്തവര്‍ക്ക് അതൊന്നും മനസ്സിലാക്കാനാവില്ല.
ശരിയായ വികസനവും മതസൗഹാര്‍ദ്ദവും എന്തെന്ന് തിരിച്ചറിഞ്ഞുവരുന്ന, കശ്മീരികള്‍ അടക്കമുള്ള മുസ്ലിംസമൂഹത്തിന് മുന്നിലേക്ക് പൊള്ളയായ വാഗ്ദാനങ്ങളും ആരോപണങ്ങളുമായി ചെല്ലാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനോ മറ്റു പ്രതിപക്ഷകക്ഷികള്‍ക്കോ ഇല്ല. ഉണ്ടെങ്കില്‍ അവരത് കാണിച്ചുതരേണ്ട സമയമാണിത്. അവരതില്‍ പരാജയപ്പെടുന്നതോടെ അവരുടെ വാക്കുകളിലെ പൊള്ളത്തരം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കപ്പെടും. ചില മതവിഭാഗങ്ങള്‍ എക്കാലവും തങ്ങളുടെ കുത്തകയാണെന്ന ചിലരുടെ കണക്കുകൂട്ടലുകള്‍ പരാജയപ്പെടുന്നു എന്നതിന്റെ സൂചനയാണിത്. ആരും ആരുടെയും കുത്തകയല്ലാത്ത, ആര്‍ക്കും വോട്ടുബാങ്കുകളില്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യ മാറുന്നു. തങ്ങളെ തിരിച്ചറിയുകയും തങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നവരോടൊപ്പം ജനങ്ങളും നില്ക്കും. ജനസേവകരെ തിരിച്ചറിയാന്‍ സാധാരണക്കാര്‍ പഠിച്ചു. മോദിയും ബിജെപിയും വിഭാവനം ചെയ്യുന്ന ഇന്ത്യ ഉരുത്തിരിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: