ആന ഭാരതത്തിന്റെ പ്രതീകമാണ്. വ്യാളി ചൈനയുടേയും. വ്യാളിയും ആനയും ചേര്‍ന്നുള്ള നൃത്തമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള വഴി എന്നുപറയുന്നത് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ആണ്. ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു പിങ്ങിന്റെ പ്രതികരണം. ഇരുരാജ്യങ്ങുടെയും വ്യത്യസ്തതകള്‍ ശരിയായ രീതിയില്‍ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി അതില്‍ വെള്ളം ചേര്‍ക്കരുത്. ആശയവിനിമയത്തിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. എന്നൊക്കെ പിങ് പറയുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും മൗലികമായ താല്പര്യം പരസ്പരം സഹകരിക്കലാണെന്ന് ബോധ്യപ്പെട്ടു എന്നുവ്യക്തം. ഇന്ത്യയുടെ ആതിഥ്യമര്യാദ വല്ലാതെ കീഴ്പ്പെടുത്തിയെന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഭാരതസന്ദര്‍ശനം സമ്മാനിച്ചതെന്നും തുറന്നുപറയുവാനും ചൈനീസ് പ്രസിഡന്റ് തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ സീ ജിന്‍ പിങ്ങിനെ പാട്ടും നൃത്തവുമായാണ് വരവേറ്റത്. ബംഗാള്‍ ഉള്‍ക്കടലിന്റെ ഓരംചേര്‍ന്നുകിടക്കുന്ന പല്ലവരാജവംശം ഏഴാംനൂറ്റാണ്ടില്‍ പടുത്തുയര്‍ത്തിയ മാമല്ലപുരം എന്ന മഹാബലിപുരം നഗരമായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അനൗപചാരികചര്‍ച്ചകള്‍ക്ക് വേദിയായത്്. ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ മഹാബലിപുരത്തെ ശില്പവിസ്മയങ്ങള് ഒരുമിച്ച് കണ്ടതിനുശേഷമായിരുന്നു ചര്‍ച്ച. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനന്റെ തപസ് ഇതിവൃത്തമാക്കിയ വലിയ കരിങ്കല്ശില്പം, കൃഷ്ണന്റെ വെണ്ണക്കല്ല് എന്നറിയപ്പെടുന്ന ചെരിവില്‍ താങ്ങൊന്നുമില്ലാതെ നില്ക്കുന്ന കൂറ്റന്‍ ഉരുളന്‍കല്ല്, സമുദ്രത്തില്‍നിന്ന് വീണ്ടെടുത്ത തീരക്ഷേത്രം എന്നിവയെക്കെ നരേന്ദ്ര മോദിക്കൊപ്പം സീജിന്‍ പിങ് ചുറ്റിനടന്നുകണ്ടു.
ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയക്ക്ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയും ചൈനയും പരസ്പരസഹകരണത്തിന്റെ പുതിയ അധ്യായം തുറക്കുമെന്നാണ്. അയല്‍ക്കാരായ നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്കിയിരിക്കുന്നു എന്ന മോദിയുടെ അഭിപ്രായത്തിന് അടിവര ഇടുന്നതാണ് ചൈനയില്‍ തിരിച്ചെത്തി പിങ് നടത്തിയ പ്രതികരണം. ചര്‍ച്ചകള്‍ അനൗപചാരികം ആയിരുന്നുവെങ്കിലും നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതലസംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചത് ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കും ഗുണമാകുന്ന ചില തീരുമാനങ്ങള്‍ ഉണ്ടായി. അടുത്ത ഉച്ചകോടിക്കായി നരേന്ദ്രമോദിയെ സീ ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി ക്ഷണംസ്വീകരിച്ചു. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല എന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രത്തലവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അതിന് താന്‍ കഴിഞ്ഞേ ആളുള്ളൂ എന്നും ഒരിക്കല്‍കൂടി ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിക്കാഴ്ചകൊണ്ട് നരേന്ദ്രമോദിക്ക് കഴിഞ്ഞു. അമേരിക്കയില്‍ചെന്ന് അവിടുത്തെ പ്രസിഡന്റിന്റെ മനസ്സ് കീഴടക്കിയതുപോലെതന്നെ ഇവിടെയെത്തിയ ചൈനീസ് പ്രസിഡന്റിനേയും മനസ്സുകൊണ്ട് കീഴടക്കി. നയതന്ത്രം എന്നത് ഔദ്യോഗിക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ മാത്രമല്ല രാഷ്ട്രതലവന്മാരുടെ വ്യക്തിബന്ധവും കൂടിയാണെന്ന് ഊട്ടി ഉറപ്പിക്കാനും മോദിക്കായി. ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ കളിയാക്കിയവര്‍ സീ ജിന്‍ പിങ്ങുമായുള്ള കൂട്ടിനെ കണ്ടില്ലന്നു വെയ്ക്കുകയാണ്. കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ തലവനായിട്ടുപോലും ചൈനീസ് പ്രസിഡന്റ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാന്‍പോലും കൂട്ടാക്കിയില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്. 1954ല്‍ നെഹ്റുവിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ചൈനയുടെ ആദ്യപ്രധാനമന്ത്രി സിയോ എന്‍ ലായി മുതല്‍ ഇവിടെ എത്തിയ ചൈനീസ് നേതാക്കള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാന്‍ സമയം നീക്കിവെച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ എംപിമാരുള്ളതും പാര്‍ട്ടിതലവന്റെ ജന്മനാടുമായ തമിഴ്നാട്ടില്‍ എത്തിയിട്ടും അവഗണിച്ചു എന്നത് എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ മോദിയുടെ വിദേശയാത്രയുടെ ഫലമെന്തെന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കണം. വ്യാളിയും ആനയും ചേര്‍ന്നുള്ള നൃത്തം ഭാവനയില്‍ കാണാനുള്ള മനസ്സെങ്കിലും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: