ശബരിമലയുടെ പേരില്‍ വിമാനത്താവളം നിര്‍മ്മിക്കുമെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കം തനി വസ്തു കച്ചവടമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനം. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ആരുടേതെന്ന കാര്യത്തില്‍ തര്‍ക്കമുള്ളതിനാല്‍ പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റ്, സംസ്ഥാന സര്‍ക്കാരിന്റെ വകയായിരുന്നു. ഹാരിസണ്‍ മലയാളത്തിന് അത് നിശ്ചിത വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു. പാട്ടഭൂമി കൈമാറ്റംചെയ്യരുത് എന്ന വ്യവസ്ഥ ലംഘിച്ച് വസ്തു അവര്‍ ബിഷപ്പ് കെ.പി. യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന് വിറ്റു. തികച്ചും നിയമവിരുദ്ധമായ നടപടി, കോടതിയും കയറി. ബിലിവേഴ്സ് ചര്‍ച്ചിനെ സഹായിക്കാന്‍ മാറിമാറിവന്ന ഇടത്, വലത് സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നഗ്നമായ നിയമലംഘനം ആയതിനാല്‍ കേസ്, നീട്ടിക്കൊണ്ടു പോകുകയെന്ന തന്ത്രം മാത്രമേ, വിജയത്തിലെത്തിക്കാനായുള്ളൂ. ഇതിനിടയില്‍ വനംവകുപ്പ് സ്പെഷ്യല്‍ ഓഫീസറായിരുന്ന എം.ജി. രാജമാണിക്യം മുന്‍കൈയെടുത്ത് 2015ല്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. ബിലിവേഴ്സിന് വിറ്റ 2,264 ഏക്കര്‍ ഉള്‍പ്പെടെ 38,171 ഏക്കറാണ് ഏറ്റെടുത്തത്. ഇതില്‍ ബിലിവേഴ്സിന് പുറമേ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സ്ഥലം കൈവശപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ കൈവശം വച്ചിരിക്കുന്നവര്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ അലംഭാവം കാണിച്ചെങ്കിലും കൈവശക്കാര്‍ക്ക് അനുകൂലവിധി വരാന്‍ സാധ്യതകുറവാണ്. അത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വളഞ്ഞവഴിയിലൂടെ ബിലിവേഴ്സ് ചര്‍ച്ച് ഉള്‍പ്പെടെയുള്ള അനധികൃത ഉടമകളെ സഹായിക്കാന്‍ നീക്കം നടത്തിയത്. സര്‍ക്കാരിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന ചില ഉന്നതരാണ് ഇടനിലക്കാര്‍. കോടതിയില്‍ പണം കെട്ടിവെച്ച് വസ്തു ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗ്യാസ് പോകും എന്ന നിയമോപദേശത്തിന്റെകൂടി സഹായത്താലാണ് നീക്കം. ഭൂമി സര്‍ക്കാരിന്റെ സ്വന്തമെന്ന നിലയിലാണ് കേസ് കോടതിയിലെത്തിയിരിക്കുന്നത്. പണം കൊടുത്ത് വാങ്ങുന്നതോടെ ഈ വാദത്തിന് ശക്തി കുറയും. ഭൂമി തര്‍ക്കഭൂമിയാണെന്ന മറുവാദം ഉന്നയിക്കാന്‍ കൈയേറ്റക്കാര്‍ക്കും കൈവശക്കാര്‍ക്കും അവസരം ലഭിക്കും. ഉടമസ്ഥാവകാശം സര്‍ക്കാരിന് ഇല്ല എന്ന് പരസ്യമായി സമ്മതിക്കലാണിത്.
ശബരിമലയുടെ പേരില്‍ വിമാനത്താവളം എന്നതില്‍ തന്നെയുണ്ട് ചില ദുഷ്ടലാക്ക്. കാനനവാസനായ അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിമാനത്തില്‍ എത്തി, മല ചവുട്ടി പുണ്യം നേടാന്‍ ആഗ്രഹിക്കുന്ന ഭക്തരല്ല ശബരിമലയിലെത്തുന്നത്. കാടുംമേടും താണ്ടി കാനനവാസനെ കാണുക എന്നതാണ് ഓരോ അയ്യപ്പന്റെയും ആഗ്രഹം. വിമാനത്താവളമല്ല മറ്റ് അടിസ്ഥാനസൗകര്യ വികസനമാണ് ശബരിമലയില്‍ വേണ്ടത്. അത് ചെയ്യാതെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി ശബരിമലയെ മാറ്റാനുള്ള ഉദ്ദേശ്യമാണ് വിമാനത്താവള വാദത്തിനു പിന്നില്‍. നേരത്തെ ആറന്മുളയില് വിമാനത്താവളത്തിനായുള്ള ശ്രമവും ഇതോടൊപ്പം കൂട്ടിവായിക്കണം. വിമാനത്താവളം നിര്‍മിക്കുക എന്നതായിരുന്നില്ല അന്ന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ ലക്ഷ്യമെന്ന് പിന്നീട് വ്യക്തമായിരുന്നു. വിമാനത്താവളത്തിന്റെ പേര് പറഞ്ഞ് 2000ത്തോളം ഏക്കര്‍ വയല്‍ നികത്തി കരഭൂമിയാക്കുക, അത് വലിയവിലയ്ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുക എന്നതായിരുന്നു ആറന്മുള വിമാനത്താവളത്തിനു പിന്നില്‍. സമാന നീക്കമാണ് ഇപ്പോള്‍ ശബരിമല വിമാനത്താവളത്തിന്റെ പേരിലും നടക്കുന്നത്. ബിലിവേഴ്സ് ചര്‍ച്ച് കൈവശം വച്ചിരിക്കുന്ന 2000ല്‍ അധികം ഏക്കര്‍ സ്ഥലംവിറ്റ് നല്കുന്ന, വസ്തു ബ്രോക്കറായി സര്‍ക്കാര്‍ മാറുന്ന കാഴ്ചയാണ് ഇവിടെ. കേന്ദ്രത്തില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. പരിസ്ഥിതി, വനം, വ്യോമയാനം, പ്രതിരോധം തുടങ്ങി വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിക്കണം. ആറന്മുളയുടെ കാര്യത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക താത്പര്യം കാണിച്ച് ചട്ടങ്ങളും നിയമങ്ങളും മറികടന്ന് വിവിധ വകുപ്പുകളുടെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരില്‍നിന്നും അതുണ്ടാകുന്നില്ലെന്ന് ഉറപ്പ്. അതുകൊണ്ടുതന്നെ വിമാനത്താവളമല്ല, ശബരിമലയുടെ പേരില്‍ അനധികൃത വസ്തുക്കച്ചവടമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: