വിരുദ്ധാഹാരങ്ങള്‍ കഴിക്കുക വഴി ഉദരത്തില്‍ കോപിച്ചിരിക്കുന്ന ദഹനരസം പിത്തരസവുമായി ചേര്‍ന്ന് വന്‍കുടലില്‍ മലം കട്ടിയാക്കും. അതോടെ വന്‍കുടലിലൂടെ മലം നീങ്ങുന്നത് തടസ്സപ്പെടുകയും പിത്തകോപത്താല് കുടല് പേശികളില്‍ സമ്മര്‍ദം ഏറുകയും തന്മൂലം കുടലിലെ ചെറുഞരമ്പുകള്‍ (മാന്യ) പൊട്ടി രക്തസ്രാവമുണ്ടായി കുടല് പേശികളുടെ ഇലാസ്തികത കുറയുന്നു. തന്മൂലം മലത്തിന്റെ, മലാശയത്തിലേക്കുള്ള യാത്ര തടസ്സപ്പെട്ട് മലം വരണ്ടു പോകുകയും കുടല് ഭിത്തികളില്‍ വ്രണങ്ങളുണ്ടാക്കുകയും തന്മൂലം ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യും. നീര്വീക്കവുമുണ്ടാകും. ഇക്കാരണത്താല്‍ പൃഷ്ഠഭാഗത്തും വസ്തി പ്രദേശത്തും വേദനയും കാല്ത്തുടകള്ക്ക് ഭാരമനുഭവപ്പെടുകയും ചെയ്യും. മലവിസര്‍ജനം ഏറെ ക്ലേശകരമായിരിക്കും. ശക്തമായ വയറുവേദനയുമുണ്ടാകും. ഇതാണ് അര്‍ശസ്.
ചില അര്ശസുകളില് വന്‍കുടല്‍ (മൂലം) വീക്കത്തോടു കൂടി പുറത്തേക്ക് തള്ളിവരുന്നു. ഇത്തരം രോഗികള്‍ക്ക് നടക്കാനും ഇരിക്കാനും പ്രയാസമായിരിക്കും. ചിലര്‍ക്ക് അതിശക്തമായ പനിയും രക്തസ്രാവവുമുണ്ടായിരിക്കും.
അര്‍ശസിനുള്ള ചികിത്സ:
കള്ളിപ്പാലയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര്, ഗുദത്തില്‍ നിര്‍ത്തുകയോ, പഞ്ഞിയില്‍ വെച്ച് വീക്കമുള്ളിടത്ത് കെട്ടുകയോ ചെയ്താല്‍ തള്ളി വന്ന മൂലം അകത്തേക്ക് കയറി നീരും വേദനയും കുറയും. കാട്ടപ്പയുടെ ഇല അരച്ച് വീക്കമുള്ളിടത്ത് തേച്ചാലും ഇതേ ഫലം ലഭിക്കും. കാട്ടപ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍, എള്ളെണ്ണ ഒരു ലിറ്റര്‍ കിള്ളിപ്പാലയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍ എന്നിവയെടുത്ത് ഇതില്‍ കാട്ടപ്പയുടെ വേര് 30 ഗ്രാം അരച്ച് ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ അര്‍ശസിന്റെ വേദനയും വീക്കവും രക്തം പുറത്തേക്ക് ഒഴുകുന്നതും ഗുദഭാഗത്തെ ചൊറിച്ചിലും പൂര്‍ണമായും ശമിക്കും.
സേവിക്കാനുള്ള മരുന്ന്:
ഒമ്പത് മുക്കുറ്റി പറിച്ച് സമൂലം വെട്ടിയറഞ്ഞ് ഒരു താറാവു മുട്ടയില്‍ അടിച്ചു ചേര്‍ത്ത് ശുദ്ധി ചെയ്ത ആവണക്കെണ്ണയില്‍ ഓംലെറ്റുണ്ടാക്കി കഴിച്ചാല്‍ അര്‍ശസ് പ്രാരംഭദശയില്‍ തന്നെ ശമിക്കും.
കാട്ടുചേന മോരില്‍ പുഴുങ്ങി ഉണക്കി ശുദ്ധിചെയ്തെടുത്തത് 16ഭാഗം, കൊടുവേലിക്കിഴങ്ങ് കൊത്തിയറഞ്ഞ് ചുണ്ണാമ്പു വെള്ളത്തില്‍ മൂന്നു പ്രാവശ്യം കഴുകിയ ശേഷം ശുദ്ധജലത്തില്‍ കഴുകി ഉണക്കിയത് എട്ട് ഭാഗം, ചുക്ക് നാല് ഭാഗം, കുരുമുളക് രണ്ട് ഭാഗം, മുത്തങ്ങ ഒരു ഭാഗം എന്ന ക്രമത്തിലെടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി രണ്ട് സ്പൂണ്‍ ശര്‍ക്കരയില്‍ കുഴച്ച് ദിവസം രണ്ടു നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി 15 ദിവസം സേവിച്ചാല്‍ അര്‍ശസ് ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: