സമൂഹത്തില്‍ ക്യാന്‍സര്‍ വ്രണം ഉണ്ടായാല്‍ കടുത്ത കീമോതെറാപ്പിതന്നെ വേണ്ടിവരുമെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. സുഖസൗകര്യങ്ങളും സാമ്പത്തിക ഉന്നതിക്കുംവേണ്ടി എന്തും ചെയ്യാമെന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിയുന്നു.
കോഴിക്കോടു ജില്ലയിലെ മലയോര ഗ്രാമമായ കൂടത്തായിയില്‍നിന്ന് അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഒരു സാധാരണ വീട്ടമ്മ അടുത്തതും അകന്നതുമായ ആറുപേരെ അതിവിദഗ്ധമായി കൊലപ്പെടുത്തിയെന്നാണ് കേസ് ഉയര്‍ന്നിരിക്കുന്നത്. മറ്റൊരു മധ്യവയസ്ക്കന്റെ മരണത്തിലും ജോളിയെന്ന വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന സംശയവും ഉന്നയിക്കപ്പെട്ടു കഴിഞ്ഞു.
സാധാരണ ഗതിയില്‍ ഗ്രാമങ്ങളിലെ ജീവിതം നഗരങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ദൃഢതരവും ഇഴയടുപ്പവുമുള്ളതാണെന്ന് പറയാറുണ്ട്. അതുതന്നെയാണല്ലോ നഗര-ഗ്രാമങ്ങള്‍ തമ്മിലുള്ള വ്യത്യാസവും. അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്നു കൂടത്തായിയിലെ സംഭവഗതികള്‍. വര്‍ഷങ്ങളുടെ ഇടവേളയിലാണെങ്കില്‍ പോലും ഇങ്ങനെ ഒരേരീതിയില്‍ മരണങ്ങള് സംഭവിക്കുമ്പോള്‍ സംശയമുന്നയിക്കാന്‍ പോലും ആരും തയാറാവുന്നില്ല എന്നു വരുന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്.
അതേസമയം സദാചാര പോലിസ് ചമഞ്ഞ് സാമൂഹികദ്രോഹങ്ങള്ക്കായി പലരും രംഗത്തിറങ്ങുന്നുണ്ടെന്ന് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. കൂടത്തായിയില്‍നിന്ന് അധികം ദൂരെയല്ലാത്തിടത്തുവെച്ചാണ് ഒരു പാവം ചെറുപ്പക്കാരനെ സദാചാര പോലിസ് ചമഞ്ഞ് തെങ്ങില്‍ കെട്ടിയിട്ട് തല്ലിക്കൊന്നത്. വ്യാജ സദാചാരത്തിന്റെ കെട്ടുകാഴ്ചയുമായി നടക്കുന്നവര്‍ കെട്ട സംസ്കാരം തങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ടെന്ന് തിരിച്ചറിയാത്തതാണ് കൂടത്തായി കൂട്ടക്കൊലകളുടെ മൂലകാരണം. ഇപ്പോള്‍ എല്ലാം ഞെട്ടലോടെ ഓര്‍ക്കുന്നവര്‍ ഒരുനിമിഷം ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ എത്രയോ വിലപ്പെട്ട ജിവിതങ്ങളെ രക്ഷിക്കാമായിരുന്നു.
സമൂഹ ജാഗ്രതയുടെയും ഇഴയടുപ്പത്തിന്റെയും കരുതലിന്റെയും അഭാവമാണ് കൂടത്തായി ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. എല്ലാവരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റ രീതിക്കപ്പുറത്ത് കൊടും വിഷത്തിന്റെ തീനാമ്പുകളുണ്ടെന്നറിയണം. സംശയലേശമന്യേ പെരുമാറുമ്പോള്‍ ജാഗ്രതയുടെ ചെറിയ കണ്ണോട്ടം വേണമെന്നതിലേക്കാണ് ദുരന്ത സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
മനുഷ്യസമൂഹം പുരോഗതിയിലേക്കും പുതുവഴിയിലേക്കും കുതിക്കുമ്പോള്‍ മൃഗീയ വാസനകളില്‍ ഒരു മാറ്റവും ഉണ്ടാവുന്നില്ലെന്നത് ഞെട്ടിക്കുന്നതല്ലേ? ആധ്യാത്മിക വെളിച്ചവും സദാചാര ബോധവും സ്നേഹവും കരുണയും കൊണ്ട് സമാധാനത്തിന്റെ ഉത്തുംഗഗോപുരം കെട്ടിപ്പൊക്കാമെന്നിരിക്കെ അതിന്റെയൊക്കെ ആണിക്കല്ലുകളിളക്കാനാണ് പലരും ഉത്സാഹിക്കുന്നത്. അത് തടയാനും അത്തരക്കാരിലെ വിഷാംശമനോഗതി ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്. ഒരു വീട്ടമ്മ ക്രിമിനലായിട്ടുണ്ടെങ്കില് അതിന് പല കാരണങ്ങളുണ്ടാവാം; സാഹചര്യങ്ങളുണ്ടാവാം; സഹായികളുണ്ടാവാം. ഇതിന്റെയെല്ലാം ആകെത്തുകയായി വീട്ടമ്മ മാറി എന്നതാണ് വസ്തുത.
സദാചാര പൊലീസിങ് എന്ന ദുര്മനോഗതിയില്നിന്ന് സദാചാര സ്നേഹമെന്ന ശുദ്ധ മനോഗതിയിലേക്ക് സമൂഹം മാറണം. അന്യന്റെ കണ്ണീര് തുടയ്ക്കാനാവണം ഓരോരുത്തരുടെയും കൈ ഉയരേണ്ടത്. കുറ്റവാസനയുടെ ചെറിയൊരു മുനമ്പ് കാണുന്ന വേളയില്‍ ഒത്തൊരുമയോടെ അത് നിശ്ശേഷം ഇല്ലാതാക്കാന്‍ ശ്രമിക്കണം. മനുഷ്യന് എന്ന ആത്യന്തിക സത്യം ഉദ്ഘോഷണം ചെയ്യുന്ന സ്വഭാവരീതികളും പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കിലേ ഇതിനൊക്കെ കഴിയൂ. അത് കൈവരിക്കാനുള്ള ശ്രമത്തില്‍ കൂടത്തായ് പോലുള്ളയിടങ്ങളിലെ സംഭവഗതികള്‍ നമുക്ക് പാഠമാകണം. കുറ്റപ്പെടുത്തി ഒഴിച്ചുനിര്ത്തുന്നതിനെക്കാള് എന്തുകൊണ്ടും നന്നാണല്ലോ കൂടെച്ചേര്‍ന്ന് നല്ല വഴി കാണിച്ചു കൊടുക്കല്‍. ധാര്‍മിക പാരമ്പര്യവും സദാചാര മൂല്യങ്ങളും അതിന് കരുത്തായി നമുക്കൊപ്പം തന്നെയുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: