ഖാദിയും ഗാന്ധിത്തൊപ്പിയും ധരിച്ചാല്‍ ഗാന്ധിസം നടപ്പാകുമെന്നു ധരിച്ചുവശായ ആധുനിക ഗാന്ധിയന്മാര്‍ക്കുള്ള മറുപടി, ആര്‍എസ്സ്എസ്സ് സ്ഥാപകന്‍ ഡോ. കേശവ ബലറാം ഹെഡ്ഗേവാര്‍ നേരത്തേതന്നെ പറഞ്ഞുവച്ചിരുന്നു. അപദാനങ്ങള്‍ പാടിയതുകൊണ്ടുമാത്രം ഗാന്ധിജിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകില്ലെന്നാണ് 1922ലെ പ്രസംഗത്തില്‍ ഡോക്ടര്‍ജി പറഞ്ഞത്. ദീര്‍ഘവീക്ഷണത്തോടെയുള്ള വാക്കുകളായിരുന്നു അത്. ഗാന്ധിജിയുടെ പിന്മുറക്കാരെന്നു സ്വയം വിളിച്ചുപറയുന്ന കോണ്‍ഗ്രസ്സിന്, പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ചിട്ടും ഗാന്ധിജിയുടെ സന്ദേശങ്ങളിലേയ്ക്ക് നാടിനെ നയിക്കാന്കഴിഞ്ഞില്ല. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും കഴിഞ്ഞില്ല. ആ വഴിക്കു കാര്യമായ ശ്രമം നടത്താന്‍പോലും ആ പാര്‍ട്ടിയും അതിനെ നയിച്ചവരും തയ്യാറായില്ല. ഇന്നിപ്പോള്‍, ഗാന്ധിജിയെ ചിലര്‍ ഹൈജാക്ക് ചെയ്യുന്നു എന്നു കോണ്‍ഗ്രസ്സുകാരടക്കം വെപ്രാളപ്പെടുമ്പോള്‍, ഇക്കാലമത്രയും തങ്ങള്‍ എന്തുചെയ്യുകയായിരുന്നു എന്ന് അവര്‍ തിരിഞ്ഞുനിന്നു ചിന്തിക്കുന്നതു നന്നായിരിക്കും. ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം ആര്എസ്സ്എസ്സിനുമേല് കെട്ടിവയ്ക്കാനും അതിന്റെ പേരില്‍ കണ്ണീരൊഴുക്കി ജനസമ്മതി നേടാനുമല്ലാതെ ഗാന്ധിയന്‍ ആശയങ്ങളെ തിരിച്ചറിയാന്‍ ഒരു നേതാവും മുന്ഭരണകര്ത്താവും ശ്രമംനടത്തിയതായി കാണാനില്ല. ഗാന്ധിവധത്തിന്റെ പേരില്‍ കണ്ണീരൊഴുക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും ആ അവകാശം ചിലര്‍ തട്ടിപ്പറിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ജീവിച്ചിരുന്ന കാലത്തു ഗാന്ധിജിയെ എതിര്‍ക്കുകയും ഭല്‍സിക്കുകയും ചെയ്തുപോന്ന കമ്യൂണിസ്റ്റുകളും ഇപ്പോള്‍ ഗാന്ധിഭക്തര്‍ ചമഞ്ഞ് കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം കൂടിയിട്ടുമുണ്ട്.
ശുചിത്വഭാരതമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. സംശുദ്ധ ഭരണമാണദ്ദേഹം വിഭാവനം ചെയ്തത്. ഗ്രാമങ്ങള്‍ വികസിച്ചാലേ രാജ്യം വികസിക്കൂ എന്ന് വിശ്വസിച്ചിരുന്ന ഗാന്ധിജി, ആദ്യം ഗ്രാമങ്ങളിലേയ്ക്കു ചെല്ലണം എന്ന വിശ്വാസക്കാരനായിരുന്നു. പാവങ്ങളുടെ കണ്ണീരുണങ്ങുകയും പട്ടിണിയില്ലാത്ത നാളുകള്‍ എത്തുന്നതുമായിരുന്നു അദ്ദേഹം മനസ്സില്‍ കണ്ടിരുന്നത്. ഖാദിയിലൂടെ സ്വദേശി പ്രസ്ഥാനവും സ്വദേശചിന്തയും വളര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഈ ദിശയിലേയ്ക്കു കര്യങ്ങളെ നയിക്കാന്‍ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയും ബിജെപിയുടെ കേന്ദ്ര സര്‍ക്കാരും വരേണ്ടിവന്നു. അസാധ്യമെന്ന് ഏവരും വിധിയെഴുതിയ കാര്യം നടപ്പാക്കി രാജ്യത്തെ ശുചിത്വത്തിന്റെ പാതയിലെത്തിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞത് ലക്ഷ്യബോധമുള്ള ചിട്ടയായ പ്രവര്‍ത്തനംകൊണ്ടാണ്. ഖാദി മേഖലയ്ക്കു പുതുജീവന്‍ കൈവന്നു. ഗ്രാമങ്ങളില്‍ വികസനമെത്തി. പുകയില്‍നിന്നും മോചനം നല്കി കുടിലുകളില്പ്പോലും പാചകവാതക അടുപ്പുകളെത്തി. അവിടൊക്കെ വൈദ്യുതിവിളക്കു തെളിഞ്ഞു. മുന്‍ഭരണക്കാര്‍ വരുത്തിവച്ച വമ്പന്‍ കടങ്ങളില്‍നിന്നു രാജ്യത്തെ രക്ഷിച്ചു. സംശുദ്ധഭരണത്തിലൂടെ, ഇതിനൊക്കെയുള്ള ആസ്തി കണ്ടെത്തിയത് ഈ രാജ്യത്തുനിന്നു തന്നെയാണ്. ചോര്‍ച്ച തടയുന്നതാണ് ഏറ്റവും മികച്ച സംഭരണം എന്നത് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കാണിച്ചു. അഴിമതിയെ ജീവിതചര്യയാക്കിയവര്‍, ഈ പഴുതടച്ച ഭരണത്തില്‍ അസ്വസ്ഥരാകുന്നതു സ്വാഭാവികം. അഴിമതിയുടെ പേരില്‍ അഴിയെണ്ണുന്നവര്ക്കും ജാമ്യത്തിലിറങ്ങി വിലസുന്നവര്‍ക്കും അവര്‍ക്കു ശിങ്കിഡി പാടുന്നവര്‍ക്കും അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. നിലനില്ക്കത്തക്ക ഒരു ആരോപണത്തിനുപോലും ഇടനല്‍കാതെ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഈ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ഗാന്ധിജി സ്വപ്നം കണ്ട സംശുദ്ധഭരണം തന്നെയാണ്. അതിനുനേരേ കൊഞ്ഞനംകാണിച്ചിട്ടു കാര്യമില്ല.
ഗാന്ധിജിയുടെ പേരില്‍ ഒരു അവകാശവാദവും ഇതുവരെ മോദിയില്‍ നിന്നോ അദ്ദേഹത്തിന്റെ സര്‍ക്കാരില്‍നിന്നോ ഉണ്ടായിട്ടുമില്ല. ഗാന്ധിയന്മാരെന്നു സ്വയം നടിക്കുന്നവര്‍ക്ക് ഇതൊന്നും നടപ്പാക്കാന്‍ ഏഴുപതിറ്റാണ്ടിനിടെ കഴിയാതെ പോയതിന് മോദിവിരോധവും മോദിഭത്സനവും പരിഹാരമാവില്ല. സ്വജീവിതംകൊണ്ടു കുറേയെറെ സന്ദേശങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കിയാണു ഗാന്ധിജി കടന്നുപോയത്. അവ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ചെളിപുരളാത്ത, ഉടയാത്ത ഖാദിക്കുപ്പായങ്ങള് മാത്രം മതിയാകില്ല. ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും സേവനമനോഭാവവും ത്യാഗബുദ്ധിയും വേണം. അത് ഇന്നത്തെ സര്‍ക്കാരിനും ആ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കും ഉണ്ടെന്നുള്ളത് കപട ഗാന്ധിഭക്തരെ വിറളി പിടിപ്പിക്കുന്നുണ്ടെങ്കില്‍, സ്വന്തം പ്രവര്‍ത്തികളില്‍ അവര്‍തന്നെ അപാകതകാണുന്നു എന്നാണര്‍ത്ഥം. ഗാന്ധിജി രാഷ്ട്രപിതാവാണ്. ചിലവിഭാഗത്തിന്റെ മാത്രമല്ല. അദ്ദേഹത്തെ അറിയാനും ആദരിക്കാനും ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: