മൂന്നാം അദ്ധ്യായം മൂന്നാം പാദം
ആധ്യാനിധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്
സൂത്രം- ആധ്യാനായ പ്രയോജനാഭാവാത്
ഇന്ദ്രിയങ്ങള്‍, മനസ്സ് മുതലായവയെ ശ്രേഷ്ഠമായി പറഞ്ഞത് ധ്യാന സൗകര്യത്തിന് വേണ്ടിയാണ്. വേറെ പ്രയോജനമില്ലാത്തതിനാലാണിത്.
ശ്രുതിയില്‍ ഇന്ദ്രിയങ്ങളുടേയും മറ്റും കാര്യങ്ങള്‍ ക്രമത്തില്‍ ശേഷ്ഠമായി പറഞ്ഞത് ധ്യാനിക്കാനോ വീണ്ടും ആലോചിക്കാനോ വേണ്ടിയാണ്. അല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ല. കഠോപനിഷത്തില്‍ ‘ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്ഥാ അര്‍ത്ഥേഭ്യശ്ച പരം മനഃ മനസസ്തു പരാ ബുദ്ധി: ബുദ്ധേരാത്മാ മഹാന് പരഃ ‘ എന്നതില്‍ ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും കേമമെന്ന് പറയുന്നു. എന്നാല്‍ അവസാനം’ പുരുഷാന്ന പരം കിഞ്ചിത് സാ കാഷ്ഠാ സാ പരാ ഗതിഃ എല്ലാറ്റിലും ശ്രേഷ്ഠമായത് പുരുഷനാണ്. അതിനേക്കാര്‍ കേമമായി മറ്റൊന്നില്ല. അതാണ് അറ്റം. അത് തന്നെയാണ് പരമഗതി എന്ന് പറയുന്നു.
വിഷയാദികളില്‍ ഓരോന്നിനും പ്രധാന്യമോ ശ്രേഷ്ഠതയോ കല്പിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. അതിനുള്ള മറുപടിയാണ് ഈ സൂത്രം. ഇവിടെ സര്‍വശ്രേഷ്ഠമായ പുരുഷന് മാത്രമേ പ്രാധാന്യം കൊടുക്കേണ്ടതുള്ളൂ. മറ്റുള്ളതിനൊക്കെ ശ്രേഷ്ഠത കല്പിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. അവയെ ധ്യാനിച്ച് പടിപടിയായി ഉയരുവാന് വേണ്ടിയാണ് പറഞ്ഞത്. പുരുഷനെ ധ്യാനിക്കുന്നതു കൊണ്ടു മാത്രമേ പരമ പുരുഷാര്‍ത്ഥ പ്രാപ്തി അഥവാ മോക്ഷം ഉണ്ടാകൂ. താഴ്ന്ന പടിയിലുള്ള ഇന്ദ്രിയങ്ങള്‍ മുതലായവയെ തള്ളി സര്വശ്രേഷ്ഠനായ പുരുഷനില്‍ മനസ്സിനെ ഉറപ്പിക്കണം എന്നാലേ സംസാരത്തില്‍ നിന്ന് മോചനം ലഭിക്കുകയുള്ളൂ.
ഐതരേയ ഉപനിഷത്തിലെ പഞ്ചകോശവിവേകവും പിന്നെ ഏറ്റവും സൂക്ഷ്മമായി ആത്മാവിനെ പറഞ്ഞതും ഇതേ തത്വത്തെ ആസ്പദമാക്കിയാണ്. പഞ്ചകോശങ്ങളെ ചിന്തിച്ച് പിന്നെ ക്രമേണ സൂക്ഷ്മ ബുദ്ധി ഉള്ളിലേക്ക് നയിച്ച് ആനന്ദമയകോശത്തിലെത്തുമ്പോള് ആത്മാവിനെ ധ്യാനിക്കാറാവും. ആ ധ്യാനം കൊണ്ട് ആത്മ സാക്ഷാത്കാരത്തെ നേടാനാകും.
സൂത്രം- ആത്മശബ്ദാച്ച
പുരുഷനെ ആത്മ ശബ്ദം കൊണ്ട് സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടും ഇത് വ്യക്തമാണ്. ഈ പുരുഷനെ മാത്രമാണ് ആത്മ ശബ്ദം കൊണ്ട് പറഞ്ഞിരിക്കുന്നത്.
കഠോപനിഷത്തില്‍ ‘ഏഷ സര്‍വേ ഷുഭൂതേഷു ഗൂഢോത്മാ ന പ്രകാശതേ ദൃശ്യതേ ത്വഗ്ര്യയാ ബുദ്ധ്യാ സൂക്ഷ്മയാ സൂക്ഷ്മദര്‍ശിഭിഃ ‘ മനസ്സ് ബുദ്ധി മുതലായ ഉപാധികളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ആത്മാവ് എല്ലാ ഭൂതങ്ങളിലും പ്രകാശിക്കുന്നില്ല. എന്നാല്‍ എറ്റവും സൂക്ഷ്മമായ ബുദ്ധി കൊണ്ട് വളരെ സൂക്ഷ്മമായ വസ്തുവിനെ കാണാന്‍ സാധിക്കുന്നവര്‍ക്കു മാത്രം കാണാന്‍ കഴിയും. അങ്ങനെയുള്ള പുരുഷനെ മാത്രമാണ് ധ്യാനിക്കുകയും സാക്ഷാത് കരിക്കുകയും ചെയ്യേണ്ടത്.
അതിനെ ഉറപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ഇന്ദ്രിയങ്ങളെയും അന്നമയം തുടങ്ങിയ കോശങ്ങളേയും മറ്റും ഇവിടെ പറഞ്ഞത്. ‘സാ കാഷ്ഠാ സാ പരാ ഗതിഃ’ എന്ന വാക്യം കൊണ്ട് ഇത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: