സത്യത്തെ ദൈവമായി കണ്ട മഹാത്മാഗാന്ധിയുടെ പേരില്‍ അനുയായികളെന്ന് കരുതപ്പെടുന്ന ചിലര്‍ വലിയ അസത്യപ്രചാരണം നടത്തിയത് ഒരു വിരോധാഭാസമാണ്. വൈകാരികതയെ വസ്തുതകള്‍ക്ക് പകരംവയ്ക്കുകയായിരുന്നു ഇക്കൂട്ടര്‍. ഘാതകന്റെ വെടിയേറ്റു വീണപ്പോള്‍ മഹാത്മജി ഹേ റാം! എന്നു വിളിച്ചു, യഥാര്‍ഥത്തില്‍ ഇറാനിയന്‍ മുസ്ലിമായ ഫിറോസ് ഖാനെ ഗാന്ധിജി ദത്തെടുത്താണ് ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവാക്കിയത് എന്നൊക്കെയുള്ള കള്ളക്കഥകള്‍ ഇതില്‍പ്പെടുന്നു. ആര്‍എസ്എസിനെ ഗാന്ധിജിയുടെ ശത്രുപക്ഷത്ത് നിര്‍ത്തിയതാണ് മറ്റൊന്ന്.
അധികാരത്തിനുവേണ്ടി ബാപ്പുവിനെ ‘ആരാധിക്കുകയും’ പിന്നീട് വഞ്ചിക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്റുവും, ജീവിച്ചിരിക്കെ ഗാന്ധിജിയെ എതിര്‍ക്കുകയും വെറുക്കുകയും ചെയ്ത ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ള കമ്യൂണിസ്റ്റുകളും ഗാന്ധിയന്മാരായി ചരിത്രത്തില്‍ ഇടംപിടിച്ചു! ഇവരുടെ പാതയാണ് പല അഭിനവഗാന്ധിയന്മാരും ഇന്ന് പിന്തുടരുന്നത്.
ആര്‍എസ്എസ് ഗാന്ധി വിരോധികളുടെ സംഘടനയാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് അന്നും ഇന്നും ചിലരുടെ ആവശ്യമാണ്. മറ്റ് പലരെയും പോലെ ഗാന്ധിജിയുടെ ചില ആശയങ്ങളോടും പ്രയോഗ പദ്ധതികളോടും ആര്‍എസ്എസിന് വിയോജിപ്പുണ്ടായിരുന്നു. ഇതിനപ്പുറം ഗാന്ധിവിരോധം എന്നൊന്ന് ആര്‍എസ്എസിന് ഉണ്ടായിരുന്നില്ല. ഗാന്ധിജിക്കും ആര്‍എസ്എസിനോട് തികഞ്ഞ അനുഭാവമാണുണ്ടായിരുന്നത്. പലഘട്ടങ്ങളിലും ഇത് പ്രകടിപ്പിച്ചിട്ടുണ്ട്.
”വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥാപകനായ ശ്രീ ഹെഡ്ഗേവാര്‍ ജീവിച്ചിരുന്ന കാലമായിരുന്നു അത്. ദിവംഗതനായ ശ്രീ ജമന്‍ലാല്‍ ബജാജ് ആണ് എന്നെ ക്യാമ്പിലേക്ക് കൊണ്ടുപോയത്. അവരുടെ അച്ചടക്കത്തിലും ജാതീയമായ അസ്പൃശ്യതയുടെ പൂര്‍ണമായ അഭാവത്തിലും ലാളിത്യത്തിലും എനിക്ക് വലിയ മതിപ്പുതോന്നി. അന്നത്തേതിലും സംഘം വളര്‍ന്നിരിക്കുന്നു. സേവനവും ആത്മത്യാഗവും പ്രചോദിപ്പിക്കുന്ന ഏതൊരു സംഘടനയും കരുത്താര്‍ജിക്കുകതന്നെ ചെയ്യും.” (മഹാത്മാഗാന്ധി സമ്പൂര്‍ണകൃതികള്‍, വാല്യം 89, പേജ് 193-194)
സ്വാതന്ത്ര്യലബ്ധിക്കുശേഷം ദല്‍ഹിയിലെ ബംഗി കോളനിയില്‍ താമസിക്കുമ്പോള്‍ അവിടെ നടന്നിരുന്ന ആര്‍എസ്എസ് പ്രഭാത ശാഖയില്‍ പങ്കെടുത്ത് അഞ്ഞൂറിലേറെ വരുന്ന സ്വയംസേവകരെ അഭിസംബോധന ചെയ്തതാണ് ഗാന്ധിജിയുടെ ഈ വാക്കുകള്‍. ഇതിനും 13 വര്‍ഷം മുന്‍പ് 1934ല്‍ ആര്‍എസ്എസിന്റെ വാര്‍ധ ക്യാമ്പ് സന്ദര്‍ശിച്ച കാര്യമാണ് ഗാന്ധിജി അനുസ്മരിക്കുന്നത്. അവിടെ ദളിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചുകഴിയുന്നതാണ് മഹാത്മജിയെ സന്തോഷിപ്പിച്ചത്.
ഓരോ മാസവും 18ന് ഗാന്ധിദിനം
1924-ലെ നിസ്സഹകരണ പ്രസ്ഥാനത്തിലും, 1930-ലെ നിയമലംഘന പ്രക്ഷോഭത്തിലും പങ്കെടുത്ത് രണ്ട് പ്രാവശ്യവും തടവനുഭവിച്ച ഡോ. ഹെഡ്ഗേവാറിന് ഗാന്ധിജിയെ നന്നായി അറിയാമായിരുന്നു. 1922 മാര്‍ച്ച് 18ന് ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഓരോ മാസവും 18ന് ഗാന്ധിദിനമായി ആചരിക്കാന്‍ ഹെഡ്ഗേവാര്‍ തയാറായി. 1922 ഒക്ടോബറിലെ ‘ഗാന്ധി ദിന’ത്തില്‍ പ്രസംഗിച്ച ആര്‍എസ്എസ് സ്ഥാപകന്‍ ”ഇതൊരു പുണ്യദിനമാണ്. മഹാത്മജിയെപ്പോലുള്ള ഒരു വിശുദ്ധാത്മാവിന്റെ മൂല്യവത്തായ ജീവിതത്തെക്കുറിച്ച് കേള്‍ക്കുകയും ആലോചിക്കുകയും ചെയ്യേണ്ട ദിനമാണ്. മഹാത്മജിയുടെ അനുയായികളെന്നു വിളിക്കപ്പെടുന്നത് അന്തസ്സായി കരുതുന്നവര്‍ക്ക് ഈ ഗുണങ്ങള്‍ പിന്തുടരാന് പ്രത്യേക ഉത്തരവാദിത്വമുണ്ട്” എന്ന് പറയുകയുണ്ടായി.
ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറും മഹാത്മജിയുടെ ജീവിതത്തെ ആദരവോടെയാണ് കണ്ടിരുന്നത്. ഇതുകൊണ്ടുതന്നെ ഗാന്ധിജി വധിക്കപ്പെട്ടു എന്ന വിവരം അന്ന് മദ്രാസിലായിരുന്ന ഗുരുജി ഞെട്ടലോടെയാണ് ശ്രവിച്ചത്. അന്നുതന്നെ ഗാന്ധിജിയുടെ മകന് ദേവദാസ് ഗാന്ധിക്ക് അനുശോചന സന്ദേശമയച്ചു. ”മാരകവും ക്രൂരവുമായ ആക്രമണത്തില്‍ ഒരു മഹത്തായ വ്യക്തിത്വം പൊലിഞ്ഞുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. നിര്‍ണായകമായ ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ നഷ്ടം താങ്ങാനാവാത്തതാണ്” എന്നായിരുന്നു അടിയന്തര ടെലഗ്രാമില്‍ പറഞ്ഞത്. യാത്ര റദ്ദാക്കി നാഗ്പൂരില്‍ തിരിച്ചെത്തിയ ഗുരുജി പ്രധാനമന്ത്രി നെഹ്റുവിനും, ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിനും അനുശോചന സന്ദേശങ്ങള്‍ അയച്ചു.
ഗാന്ധിജിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത് ഗുരുജിയാണ്. ”100 വര്‍ഷം മുന്‍പത്തെ ഈ ദിനത്തില്‍ സൗരാഷ്ട്രയില്‍ ഒരു ശിശു ജനിച്ചു. ഈ ദിവസം നിരവധി ശിശുക്കള്‍ ജനിച്ചിട്ടുണ്ടെങ്കിലും അവരുടെയൊന്നും ജന്മശതാബ്ദികള്‍ നമ്മള് ആഘോഷിക്കുന്നില്ല. ഏതൊരു സാധാരണക്കാരനെയുംപോലെയാണ് മഹാത്മാഗാന്ധിയും ജനിച്ചത്. പക്ഷേ സ്വന്തം സ്നേഹംകൊണ്ടും പ്രവൃത്തികൊണ്ടും ഗാന്ധിജി മഹത്വത്തിലേക്കുയര്‍ന്നു. ഇതേ മാതൃകയില്‍ നാം ജീവിതം കെട്ടിപ്പടുക്കണം. കഴിയാവുന്നത്ര നാം ആ ജീവിതത്തെ പിന്തുടരണം” എന്നാണ് ഈ അവസരത്തില്‍ ഗുരുജി ഉദ്ബോധിപ്പിച്ചത്. ആര്‍എസ്എസിന് ഗാന്ധിജി ഒരു അന്യഗ്രഹ ജീവിയായിരുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. (ആര്.ഹരി എഡിറ്റ് ചെയ്ത് 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീഗുരുജി സാഹിത്യസര്‍വസ്വത്തിന്റെ ഒന്നാം വാല്യത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ വായിക്കാം)
ഗാന്ധിയന്മാരായി അറിയപ്പെടുന്ന നെഹ്റുവിയന്മാര്
ഗാന്ധിയന്മാരായി അറിയപ്പെടുന്ന പലരും യഥാര്‍ത്ഥത്തില്‍ നെഹ്റുവിയന്മാര് ആണ്. പ്രശസ്തിക്കും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി ഗാന്ധിജിയെ മറയാക്കിയവര്‍. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്നത് ഇവരുടെ ഉദ്ദേശ്യമല്ല. നെഹ്റു തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ഗ്രാമസ്വരാജ് പോലുള്ള ആശയങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും, പ്രധാനമന്ത്രിയെന്ന നിലയില്‍ അത് നടപ്പാക്കുന്ന പ്രശ്നമില്ലെന്നും നെഹ്റു തന്നെ ഗാന്ധിജിക്ക് തുറന്നെഴുതിയിട്ടുണ്ട്്. നെഹ്റു ഭക്തന്മാര് ഇതൊന്നും ചര്‍ച്ച ചെയ്യാറില്ല. ഗാന്ധിയന്‍ ആദര്‍ശങ്ങളെ വഞ്ചിച്ചയാളാണ് ‘നവഭാരത ശില്പി’ എന്ന് സമ്മതിക്കേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമാവില്ലല്ലോ.
ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഗാന്ധിജിയെ ‘ആള്‍ദൈവമായി’ ആര്‍എസ്എസ് കാണുന്നില്ല. എന്നാല്‍ ഗാന്ധിജിയുടെ നിര്‍മാണാത്മക പരിപാടികളെ പിന്തുണയ്ക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് ആര്‍എസ്എസ്. ഗ്രാമസ്വരാജ്, സ്വദേശി പ്രസ്ഥാനം, ഗോസംരക്ഷണം, അയിത്തോച്ചാടനം തുടങ്ങിയവ ഒരു ഭരണകൂടത്തിനും കഴിയാത്തവിധമാണ് ആര്‍എസ്എസ് പ്രവൃത്തിപഥത്തിലെത്തിച്ചുകൊണ്ടിരിക്കുന്നത്.
ആര്‍എസ്എസിനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടുള്ളയാളല്ല ഗാന്ധിജി. ഗാന്ധിയന്‍ സാഹിത്യത്തില്‍ ഒരിടത്തും ആര്‍എസ്എസ് വിമര്‍ശനമില്ല. സെക്രട്ടറിയായിരുന്ന പ്യാരെലാലിനെപ്പോലുള്ളവര്‍ ഗാന്ധിജിയെ ചാരിനിന്ന് ആര്‍എസ്എസിനെതിരെ ചിലത് പറഞ്ഞിട്ടുണ്ട്. ഇതിന് പ്രണയഭംഗമുള്‍പ്പെടെ വ്യക്തിപരമായ കാരണങ്ങളുണ്ടാവാം. ഗാന്ധിജിയുടെ ശിഷ്യ സുശീല നയ്യാറിന്റെ സഹോദരനായിരുന്നുവല്ലോ പ്യാരെലാല്‍.
നെഹ്റു കുടുംബത്തിലെ വ്യാജഗാന്ധിമാര്‍
ഗാന്ധിജി മാത്രമല്ല, യഥാര്‍ഥ ഗാന്ധിയന്മാരും ആര്‍എസ്എസിനെ അംഗീകരിക്കുകയും സംഘടനയുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ”ആര്‍എസ്എസ് ഫാസിസ്റ്റെങ്കില്‍ ഞാനും ഫാസിസ്റ്റാണ്” എന്നുപറഞ്ഞ ജയപ്രകാശ് നാരായണും, ” ഞാന്‍ സംഘത്തിന്റെ അംഗമല്ലാത്ത അംഗമാണ്” എന്നു പറഞ്ഞ ആചാര്യ വിനോബാ ഭാവെയും ഇതില്‍പ്പെടുന്നു. കേരളത്തിലാണെങ്കില്‍ ‘കേരള ഗാന്ധി’ എന്ന് അറിയപ്പെടുന്ന കെ. കേളപ്പനും എം.പി. മന്മഥനും ജി. കുമാരപിള്ളയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. കുമാരപിള്ള നേതൃത്വം നല്കിയ തൃശൂര്‍ ജില്ലയിലെ അഴിമാവ് മദ്യവിരുദ്ധ സമരത്തില്‍ ആര്‍എസ്എസ് എല്ലാത്തരത്തിലുള്ള പിന്തുണയും നല്‍കിയതിന്റെ വ്യക്തിപരമായ അനുഭവമുള്ളയാളാണ് ഈ ലേഖകന്‍.
ഗാന്ധിജിക്കുശേഷം ഗാന്ധിയന്മാര് ചമഞ്ഞുനടന്ന പലരും നെഹ്റു കുടുംബത്തിന് വിടുപണി ചെയ്തവരാണ്. നെഹ്റു കുടുംബത്തിലെ വ്യാജഗാന്ധിമാര്‍ സ്വന്തം അയോഗ്യതകൊണ്ടും, അധാര്‍മിക പ്രവൃത്തികള്‍കൊണ്ടും ഗാന്ധിജിയുടെ സ്മരണയെ അവഹേളിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രേതപ്പകര്‍പ്പായ ഇന്ദിരാ കോണ്‍ഗ്രസ്സില്‍നിന്നും, ‘കുരുടന് മിശിഹ’യെന്നും ‘വാര്‍ധയിലെ കള്ളദൈവ’മെന്നും മഹാത്മജിയെ വിശേഷിപ്പിച്ച ഇടതുപാര്‍ട്ടികളില്‍നിന്നും യഥാര്‍ഥ ഗാന്ധിജിയിലേക്കുള്ള ദൂരത്തെക്കാള്‍ വളരെ കുറവാണ് ഗാന്ധിജിയില്‍നിന്ന് ആര്‍എസ്എസിലേക്കുള്ള ദൂരം. ഈ ദൂരം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: