ചൈനയില്‍ സ്വര്‍ഗരാജ്യം പൂത്തുലഞ്ഞു എന്ന് ഉദ്ഘോഷിച്ചുകൊണ്ട് കമ്മ്യൂണിസം അവിടെ അധികാരത്തിലേറിയിട്ട് ഇന്ന് ഏഴുപതിറ്റാണ്ട് തികയുന്നു. ലോകം ചവറ്റുകുട്ടയില്‍ത്തള്ളിയ ആ പ്രസ്ഥാനം ഇന്ന്് എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റ കണക്കെടുക്കാന്‍ പറ്റിയ ദിവസം കൂടിയാണ് ഈ എഴുപതാം പിറന്നാള്‍. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വരവിനും അതിന് ശേഷം അതിന്റെ നിലനില്‍പ്പിനും വേണ്ടി ഒഴുക്കിയ ചോരപ്പുഴയ്ക്ക് കണക്കില്ല. ജനസംഖ്യയില്‍ ലോകത്ത് ഓന്നാം സ്ഥാനത്തു നില്ക്കുന്ന ചൈന തന്നെയായിരിക്കും കമ്മ്യൂണിസ്റ്റ് കൊലപാതകങ്ങളുടെ എണ്ണത്തിലും മുന്നില്‍. പുതിയ തലമുറയുടെ ഓര്‍മയില്‍ നില്ക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ മുഖം ടിയാനന്മെന് സ്ക്വയറിലെ കൂട്ടക്കൊലയുടെതായിരിക്കാം. പക്ഷേ, അതിന് മുന്‍പും അവിടെ ചോരപ്പുഴകള്‍ എറെ ഒഴുകിയിരുന്നു. ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും പേരില്‍ ഭരണം കയ്യാളുന്നവര്‍ ഏകാധിപത്യത്തെ ഊട്ടിയുറപ്പിക്കാന്‍ പൗരാവകാശങ്ങള്‍ ചവിട്ടിയരയ്ക്കുന്നതാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ശൈലി. ഇരുമ്പുമറയ്ക്കുള്ളിലെ ഭീകരതയുടെ സപ്തതിയാണിന്ന് ആഘോഷിക്കപ്പെടുന്നത്. തങ്ങളുടെ മുന്‍കാല ചെയ്തികളും അഴിമതികളും ക്രൂരതകളും മൂടി വയ്ക്കണമെങ്കില്‍ ഭരണം പാര്‍ട്ടിയുടെ കയ്യില്‍ സുരക്ഷിതമായിരിക്കണം. സര്‍വാധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന സംവിധാനമാണ് അവിടെയുള്ളത്.
ചൈനയെ സ്വര്‍ഗരാജ്യമായി കാണുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും പിന്തുടരുന്നത് ഇതേ നയം തന്നെയാണ്. അവര്‍ക്ക് പക്ഷേ, ഇന്ത്യയില്‍ പിടിച്ചുനില്ക്കാന് കഴിയുന്നില്ലെന്നത് ഈ നാടിന്റെ ഭാഗ്യമെന്നുകരുതാം. പിടിച്ചുനില്‍ക്കാനെന്നല്ല ഇതുവരെ കാര്യമായി കാലുറപ്പിക്കാനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ആഗോള ഭീമന്മാരുടെ കാല്കഴുകുകയും മുതലാളിത്തത്തിനെതിരെ പ്രസംഗിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യാനാഗ്രഹിക്കുന്നതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ തന്നെയാണ്. ഏകാധിപത്യത്തെ ശക്തമായി നിലനിര്‍ത്തിക്കൊണ്ട് മുതലാളിത്തത്തിന് വഴിതുറക്കുകയാണവര്‍. അഴിമതിയും അധികാര ദുര്‍വിനിയോഗവുംവഴി പാര്‍ട്ടിനേതാക്കള്‍ വന്‍മുതലാളിമാരായി മാറിക്കഴിഞ്ഞു. പാര്‍ട്ടി ദശകോടികളുടെ ആസ്തിയുള്ള പ്രസ്ഥാനമായിക്കഴിഞ്ഞു. പാവങ്ങള്‍ പാവങ്ങളായി നില്‍ക്കുകയും നേതാക്കളും പ്രസ്ഥാനവും സമ്പന്നമാവുകയും ചെയ്യുന്ന വിചിത്രമായ പ്രതിഭാസമായി മാറിക്കഴിഞ്ഞു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പക്ഷേ, ചൈനയിലെപ്പോലെ സര്‍വാധിപത്യം ഉരുക്കിട്ട് ഉറപ്പിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയില്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ചൈനയിലെപ്പോലെ ഏകകക്ഷി ജനാധിപത്യമല്ലല്ലോ ഇന്ത്യയില്‍. സമഗ്രാധിപത്യം ദശാബ്ദങ്ങളോളം നിലനിര്‍ത്തിയിട്ടും ബംഗാളും ത്രിപുരയും പോലുള്ള സംസ്ഥാനങ്ങളില്‍ ജനവികാരത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നത് അതുകൊണ്ടാണ്.
കയ്യിലുള്ള കേരളമെന്ന കൊച്ചുസ്ഥലത്ത് ചൈനീസ് മോഡല്‍ നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് ഇന്ന് ജനത്തിന് മുന്നില്‍ ഉത്തരം മുട്ടിനില്ക്കുന്നത്. ഭരണകൂടം അംഗീകരിക്കുന്നവര്‍ക്ക് മാത്രം തങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍ മതവിശ്വാസം പുലര്‍ത്താനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും അനുവാദം നല്‍കുന്നതാണ് ചൈനീസ് സമ്പ്രദായം. തങ്ങള്‍ തീരുമാനിക്കുന്നവരെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നത് ജനാധിപത്യവും. കേരളത്തില്‍ അത്തരം ആദ്യത്തെ ലക്ഷ്യത്തിലേയ്ക്കുള്ള ഉന്നമാണ് ശബരിമലയില്‍ പരീക്ഷിച്ചുപിഴച്ചത്. ഇനി പിഴയ്ക്കാന്‍ പോകുന്നതും. രണ്ടാമത്തെ ലക്ഷ്യത്തിലേയ്ക്കുള്ള തയ്യാറെടുപ്പായാണ് അണികളുടെ കയ്യില്‍ ആയുധം കൊടുത്തതും ഭീകരരുമായി കൈകോര്‍ത്തതും. പക്ഷേ, പാര്‍ട്ടി മനസ്സിലാക്കാനിരിക്കുന്നതേയുള്ളു ചൈനയല്ല ഇന്ത്യയെന്ന്. അവശേഷിച്ച തുരുത്തും കൈവിട്ടുപോകുമ്പോഴും ആര്‍ത്തുവിളിക്കാന്‍ ചൈന എന്നൊരു സ്വപ്നം ബാക്കിയായിരിക്കുമെന്നുമാത്രം. മധുരമനോഹര മനോജ്ഞ ചൈന സ്വപ്നം കണ്ട് ആ പ്രസ്ഥാനം വിസ്മൃതിലേയ്ക്കു ലയിച്ചുചേരുന്ന സമയം വരാനിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: