ഗൃഹസ്ഥാശ്രമം വിട്ട് സംന്യാസാശ്രമത്തിലേക്ക് പ്രവേശിക്കുന്ന യാജ്ഞവല്ക്യമുനി തന്റെ ധനം പത്നിമാരായ മൈത്രേയിക്കും, കാര്‍ത്യായനിക്കും പങ്കുവച്ച് നല്കാന് ആഗ്രഹിച്ചു. വിവരം അറിഞ്ഞ മൈത്രേയി ഭര്‍ത്താവിനോട് ചോദിക്കുന്നു ‘ധനസമ്പന്നമായ ഈ ഭൂമി മുഴുവന്‍ എന്റേതായാല് ഏതെങ്കിലും വിധത്തില്‍ ഞാന്‍ മരണ ഭയത്തില്‍നിന്നു വിട്ടുപോകുമോ’ എന്ന്. ധനംകൊണ്ട് ഭൗതികസുഖം മാത്രമേ ലഭിക്കുകയുള്ളൂ എന്നും അമരത്വം സാധിക്കില്ലെന്നുമുള്ള യാജ്ഞവല്ക്യന്റെ മറുപടി ശ്രവിച്ച മൈത്രേയി ‘തന്നെ അമൃതത്വത്തിലേക്ക് നയിക്കാന്‍ സാധ്യമല്ലാത്ത ഒന്നുകൊണ്ടും തനിക്ക് പ്രയോജനമില്ലെന്നും അമൃതസിദ്ധിക്കുതകുന്ന സാധന തനിക്ക് ഉപദേശിച്ചുതരണമെന്നും’ അഭ്യര്‍ത്ഥിക്കുന്നു. ഭൗതിക ജീവിത മോഹങ്ങള്‍ക്കപ്പുറത്ത് ദാര്‍ശനിക ഔന്നത്യത്തില്‍ വിരാജിക്കുന്ന ഇത്തരം സ്ത്രീ വ്യക്തിത്വങ്ങള്‍ വേദോപനിഷത്തുകളിലെ തേജോമയമായ സാന്നിധ്യങ്ങളാണ്.
എന്നാല്‍ ഇത്തരം ശക്തരായ വൈദിക സ്ത്രീ സാന്നിധ്യങ്ങളില്‍നിന്ന് വികസിച്ച ഭാരതത്തിന്റെ പില്ക്കാല ദാര്‍ശനിക-വൈജ്ഞാനിക സാഹിത്യങ്ങളിലോ, രചനകളിലോ ഒന്നും സജീവമായ സ്ത്രീസാന്നിധ്യങ്ങള്‍ ഇല്ല. വ്യാകരണം, ജ്യോതിഷം, തുടങ്ങിയ ശാസ്ത്രങ്ങളില്‍ വിരളമായെങ്കിലും സ്ത്രീരചനകള്‍ കണ്ടെത്താനാകും. എന്നാല്‍ വേദാന്ത ശാസ്ത്രത്തിന്റെ ഭാഷ്യ-വ്യാഖ്യാന രചനാ പദ്ധതികളിലൊന്നും സ്ത്രീ രചയിതാക്കളെ കാണാന്‍ സാധിക്കില്ല.
ഇത്തരം പശ്ചാത്തലത്തിലാണ് വേദ-സാരമായ ഉപനിഷത്തുകള്‍ക്ക് സ്വന്തം ജീവിതംകൊണ്ട് വ്യാഖ്യാനം ചമച്ച മാതാ അമൃതാനന്ദമയീ ദേവിയുടെ ജീവിതവും, ദര്‍ശനവും പ്രസക്തമാകുന്നത്. പ്രസ്ഥാനത്രയത്തിനോ, ഉപനിഷത്തുകള്‍ക്കോ ഭാഷ്യം രചിക്കുകയല്ല അമ്മ ചെയ്തത്, മറിച്ച് ഉപനിഷത് ദര്‍ശനത്തില്‍ ജീവിക്കുകയാണ് ചെയ്തത്. ഉപനിഷത് സ്വരമൂറുന്ന വാക്കുകളിലൂടെ, ഉപനിഷത്തുകളുടെ ദാര്‍ശനികസൗന്ദര്യം തികഞ്ഞ കര്‍മ്മങ്ങളിലൂടെ, അമ്മ ഉപനിഷത്തുകള്‍ക്ക് ജീവിതഭാഷ്യം കുറിച്ചു. ബ്രഹ്മസൂത്രവും, ഭഗവദ്ഗീതയും ഉള്‍പ്പെടെയുള്ള ഭാഷ്യരചനകള്ക്കപ്പുറം പ്രായോഗികജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും, വര്‍ത്തമാനകാലത്തിന്റെ സാധ്യതകളും ഉള്‍ക്കൊണ്ടുള്ള ജീവല്ഭാഷ്യം. ലോകത്തിനുമുഴുവന്‍ ഹിതംകാംക്ഷിക്കുന്ന വിശ്വമാതാവായ അമ്മയുടെ ഓരോചിന്തയും, വാക്കും, പ്രവര്‍ത്തിയും ഉപനിഷത്തുകളുടെ ലളിതവും സാരഗര്ഭവുമായ വ്യാഖ്യാനമാണ്. അമ്മയുടെ ജീവിതം വേദാന്തദര്‍ശനത്തിന്റെ ആഴങ്ങളറിഞ്ഞ ഗുരുവിന്റെ വേദാന്തഭാഷ്യമാണ്.
ഒരു വിദേശ പത്രപ്രവര്‍ത്തകയ്ക്കു നല്കിയ അഭിമുഖത്തില്‍ ഒരിക്കല്‍ അമ്മ പറഞ്ഞു, തനിക്ക് സമൂഹത്തിന്റെ മാലിന്യങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുന്ന തൂപ്പുകാരിയാവാനാണിഷ്ടമെന്ന്. താന്‍ ഒരു നദിയാണ്. നദിക്ക് ഒഴുകാതിരിക്കാനാവില്ലല്ലോ. തന്നെ ആശ്രയിക്കുന്ന, തന്നില്‍ അഭയം തേടുന്ന, ആശയും ആശ്രയവും തന്നില്‍ തിരിച്ചറിയുന്ന ജനങ്ങളിലേക്ക് നിരന്തരം, അനുസ്യൂതം അമ്മ എന്ന സ്നേഹഗംഗ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഭാരതത്തില്‍ ആരംഭിച്ച് അനേകം കൈവഴികളിലായി ലോകത്തിലെ നാനാഭാഗങ്ങളിലേക്ക് കാരുണ്യത്തിന്റെ ആ മഹാനദി ആറുപതിറ്റാണ്ടുകളായി പ്രവഹിക്കുകയാണ് അനവരതം, അവിരാമം, ഒഴുകുന്ന അമ്മനദി. അമ്മ ഒരു പ്രഭാഷണമധ്യേ പറഞ്ഞു ‘അമ്മയ്ക്ക് ഒരാഗ്രഹമുണ്ട്, ലോകത്തില്‍ എല്ലാവര്ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ ഇല്ലാത്ത ഒരുദിവസം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ കളിപ്പാട്ടം ഉണ്ടാക്കി വിറ്റിട്ടായാലും അതില്‍നിന്ന് നേടുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സേവിക്കുന്ന ഒരുദിവസമെങ്കിലും ഉണ്ടാവണം.
ശരീരം മുഴുവന്‍ പൊട്ടിയൊലിക്കുന്ന വ്രണവുമായി ഒരാള്‍ അമ്മയെ സമീപിക്കുമ്പോള്‍, അവനെ തന്റെ കുഞ്ഞിനെയെന്നപോലെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍, ഒരു ജീവിതംമുഴുവന്‍ ജനകോടികളുടെ വേദനകള്‍, ആകുലതകള്‍, ഒക്കെ സ്വന്തം ചെവിയില്കേട്ട് അവര്‍ക്ക് ശാന്തിപകരുമ്പോള് അമ്മ ഉപനിഷത്സാരം ജീവിതാനുഭവമാക്കുന്നു.
അമ്മയോടൊത്തുള്ള ഒരു സംഭാഷണ വേളയില്‍ ബ്രഹ്മത്തിന്റെ നിര്‍ഗ്ഗുണവും സഗുണവുമായ അവസ്ഥയെക്കുറിച്ച് ചര്‍ച്ചവന്നു. അമ്മയുടെ ഉത്തരം ലളിതമായിരുന്നു. ‘സ്വര്‍ണ്ണത്തില്‍ മാലയുണ്ട്, മാലയില്‍ സ്വര്‍ണ്ണവുമുണ്ട്, മണ്ണില്‍ കുടമുണ്ട്, കുടത്തില്‍ മണ്ണും. സ്വര്‍ണ്ണത്തിലെ മാലയും വളയും കമ്മലുമൊന്നും വ്യക്തമായ അവസ്ഥയിലല്ല മക്കളേ. മാലയും വളയുമാകുമ്പോള് അതിന് രൂപവും, ഭാവവും, ഗുണവും കൈവരും. അതുപോലെ നിര്‍ഗ്ഗുണമായ നാമരൂപങ്ങള്‍ക്ക് അതീതമായ അവസ്ഥയുടെ ഭാവംതന്നെയാണ് സഗുണമായ അവസ്ഥ. ഈ തത്വം നമ്മള് മനസ്സിലാക്കണം. നമ്മുടെ കര്‍മ്മവും, ഭക്തിയും എല്ലാം ജ്ഞാനത്തില്‍ അധിഷ്ടിതമാകണം. സൂര്യന് കിഴക്കുദിച്ച്് പടിഞ്ഞാറ് അസ്തമിക്കുന്നത് കാണുന്ന കൊച്ചുകുട്ടിക്ക് ഭൂമിയുടെ കറക്കത്തെക്കുറിച്ചറിയില്ല. അവനോട് അതുപറഞ്ഞാല്‍ സമ്മതിക്കില്ല. അതുപോലെ നമ്മള് കാണുന്നതുവച്ചുള്ള അജ്ഞതയിലാണ് ലോകം ജീവിക്കുന്നത്. അതുപോലെ ജീവിക്കരുത്. ഋഷീശ്വരന്മാരുടെ വാക്കുകള്‍ ശ്രവിച്ച് അവരുടെ മാര്‍ഗ്ഗം പിന്തുടര്ന്ന് പരമമായ സത്യത്തെ അറിയണം. സ്വര്‍ണ്ണത്തിന്റെ അവസ്ഥയെ സൂചിപ്പിച്ച് അമ്മ പറഞ്ഞ ഈ യുക്തി ഉപനിഷദ് യുക്തിയുടെ ലളിതവും സുന്ദരവുമായ വ്യാഖ്യാനമല്ലേ?
രസകരമായ ഒരു കഥയോടെയാണ് അന്നത്തെ സംഭാഷണം അമ്മ അവസാനിപ്പിച്ചത്്. അമ്മ പറഞ്ഞു: ‘ഒരിക്കല്‍ ഒരു ഗുരു തന്റെ നാലു ശിഷ്യന്മാര്ക്കായി അപൂര്‍വ്വമായ ഒരു സസ്യത്തിന്റെ വിത്തുനല്കി. നാലുപേരും കൂടി അത് ഭൂമിയില്‍ പാകി കിളിര്പ്പിക്കാന് നിര്‍ദ്ദേശിച്ചു. ഒരാള്‍ക്ക് മണ്ണില്‍ കുഴിയെടുക്കുന്ന ജോലിനല്‍കി, മറ്റെയാള്‍ക്ക് വെള്ളവും വളവും ഇടുന്ന കര്‍മ്മം, മൂന്നാമന് വിത്ത് പാകുന്ന കര്‍മ്മം, നാലാമനു കുഴിമൂടുന്ന ജോലിയും. നാലുപേരും തങ്ങളെ ഏല്‍പ്പിച്ച ജോലി ചെയ്യാമെന്നേറ്റു. കുറച്ചുദിവസം കഴിഞ്ഞിട്ടും ചെടികാണാതായപ്പോള് ഗുരു നാലുപേരെയും വിളിച്ച് എന്തു സംഭവിച്ചു എന്ന് ചോദിച്ചു. ഒന്നാമന് പറഞ്ഞു, ഗുരോ ഞാന്‍ അനുസരണയുള്ള ശിഷ്യനാണ്. ഞാന്‍ കുഴിയെടുത്തു. രണ്ടാമന് ചാടിപറഞ്ഞു, ഞാനും ഗുരു ഏല്‍പ്പിച്ചപോലെ വെള്ളവും വളവും ഇട്ടു. അടുത്ത ശിഷ്യന് പറഞ്ഞു ഗുരോ എന്നെ ഏല്‍പ്പിച്ച ജോലി കുഴിമൂടാന് ആയിരുന്നു. മറ്റൊന്നുമെനിക്കറിയില്ല, ഞാന്‍ കുഴിമൂടിയിട്ടുണ്ട്. അപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. മൂന്നാമനെയായിരുന്നല്ലോ വിത്തുപാകാന്‍ ഏല്‍പ്പിച്ചിരുന്നത്. അവന് എത്താന്‍ അല്‍പ്പം വൈകി. അപ്പോഴേക്കും മറ്റുമൂന്നുപേരും അവരെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്ത് പോയ്കഴിഞ്ഞിരുന്നു. വിത്തുപാകാതെയാണ് കുഴിച്ചുമൂടിയത്. മൂന്നാമന് വെറും നിലത്തു വിത്തിട്ട് തിരിച്ചുപോയി. ഇതുപോലെയാണ് നമ്മുടെ കര്‍മ്മങ്ങള്‍. വിത്താണ് ജ്ഞാനം. ജ്ഞാനമില്ലാതെയാണ് നമ്മള് കര്‍മ്മം ചെയ്യുന്നത്. വിത്തില്ലാതെ ചെടിമുളക്കാത്തതുപോലെ തത്വമറിയാതെ നമ്മള് ചെയ്യുന്ന കര്‍മ്മങ്ങള്‍ നിരര്‍ത്ഥകങ്ങളാകുന്നു.
സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളോടും, അധ്യാപകരോടും സംസാരിക്കുന്നതിനിടെ അമ്മ ഒരിക്കല്‍ സൂചിപ്പിച്ചു. ‘മക്കളേ ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസവും ജീവിതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും രണ്ടാണ്. ജീവിക്കാന്‍ നമുക്ക് ഡോക്ടറാകണം, എഞ്ചിനീയറാകണം, ഉദ്യോഗസ്ഥനാകണം, കോളേജില്‍ പോകണം, പഠിക്കണം. എന്നാല്‍ ജീവിതത്തെകുറിച്ചുള്ള വിദ്യാഭ്യാസത്തിന് ആധ്യാത്മികതവേണം. ആധ്യാത്മികത എന്നുപറഞ്ഞാല്‍ ലോകത്തിന്റെ സ്വഭാവം അറിഞ്ഞ് ആനന്ദത്തോടെ ജീവിക്കുക എന്നതാണ്. അറിവാണ് ശരിയായ ആനന്ദം. നമ്മള് യന്ത്രങ്ങളുടെ ഭാഷമാത്രം പഠിച്ചാല്‍പോര, ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഭാഷ അറിയണം. ഇതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അമ്മ വ്യാഖ്യാനിക്കുന്നു.
ഭാരതീയ ദര്‍ശനസാരമായ ഉപനിഷത്തുക്കള്‍ക്ക് അമ്മ നല്കിയ ജീവിതഭാഷ്യം, അത് ആധുനിക കാലത്തിന്റെ ആവശ്യകതകളേയും സാധ്യതകളേയും തിരിച്ചറിഞ്ഞുകൊണ്ടുള്ള വ്യാഖ്യാനമായിരിക്കുന്നു. ഭാഷ്യരചനയിലൂടെ ഭാരതത്തിന്റെ ദാര്‍ശനികഗരിമ സമൂഹത്തില്‍ പ്രചരിപ്പിച്ച മഹാഗുരുക്കന്മാരുടെ പരമ്പരയില്‍ അമ്മയുടെ വാക്കുകള്‍ അനുപമമാകുന്നത് അതിന്റെ പ്രായോഗിക ജീവിതവീക്ഷണം കൊണ്ടും ലാളിത്യം കൊണ്ടുമാണ്. വേദാന്തപ്പൊരുളറിഞ്ഞ മഹാത്മാവിന്റെ അറിവും അനുഭവവും ഒത്തുചേരുന്ന അമൃതഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: