പരാധികരണം ഇതില്‍
ഏഴ് സൂത്രങ്ങളാണുള്ളത്.
സൂത്രം – പരമത: സേതൂന്മാനസംബന്ധഭേദ വ്യപദേശേഭ്യ:
ഇതില്‍ നിന്ന് അന്യമായി മറ്റൊന്നുണ്ടെന്ന് കരുതണം. എന്തെന്നാല്‍ അണ, പരിമാണം സംബന്ധം ഭേദം ഇവയെ പറഞ്ഞിട്ടുള്ളതിനാല്‍.
ജഡങ്ങളായവയും ബ്രഹ്മവും വേറെ പറഞ്ഞതിനാല്‍ ബ്രഹ്മത്തില്‍ നിന്ന് വെറേയായി മറ്റ് പലതമുണ്ട് എന്ന് പൂര്‍വപക്ഷം വാദിക്കുകയാണ് ഈ സൂത്രത്തില്‍. അതിന് പ്രമാണമായി സേതു, ഉന്മാനം, സംബസം, ഭേദം എന്നിവയെ അവര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രഹ്മം മാത്രമാണ് സത്യമായതെന്ന് കഴിഞ്ഞ സൂത്രങ്ങളില്‍ വ്യക്തമാക്കി.എന്നാല്‍ അത് പൂര്‍വപക്ഷം അംഗീകരിക്കുന്നില്ല.
ക്ഷേത്രമെന്നും ക്ഷേത്രജ്ഞനെന്നും
പ്രകൃതിയെന്നും പുരുഷനെന്നും
ജഡമെന്നും ചേതനമെന്നുമൊക്കെ രണ്ട് തരം തിരിവുകള്‍ കാണിക്കുന്നത് ബ്രഹ്മത്തില്‍ അന്യമായ തുണ്ടെന്ന സൂചനയല്ലേ എന്നതാണ് ഇവരുടെ ചോദ്യം.ബ്രഹ്മത്തിന് പ്രകൃതി സ്വരൂപങ്ങളില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് കാണിക്കാനും ശ്രേഷ്ഠതയെ പറയാനുമായി നാല് കാരണങ്ങള്‍ ഉണ്ട് അവയാണ് സേതു, ഉന്മാനം, സംബന്ധം ഭേദം എന്നിവ.
ബ്രഹ്മത്തെ സേതു അഥവാ അണയായി ശ്രുതിയില്‍ പറയുന്നു.ഛാന്ദോഗ്യത്തില്‍ ‘ അഥ യ ആത്മാ സ സേതുര്‍ വിധൃതി: ‘- യാതൊരാത്മാവുണ്ടോ അത് എല്ലാറ്റിനേയും ധരിക്കുന്ന സേതുവാണ്.ഇതില്‍ ധരിക്കുന്ന അല്ലെങ്കില്‍ തടഞ്ഞു നിര്‍ത്തുന്ന മറ്റു പദാര്‍ത്ഥങ്ങളുണ്ടെന്ന് കാണിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘ഏഷ സേതുര്‍ വിധാരണ: ‘എല്ലാറ്റിനേയും ധരിക്കുന്ന സേതുവാണ് എന്ന് പറയുന്നു.
ഉന്മാനമെന്നാല് എല്ലാറ്റിനേക്കാളും വലിയ തെന്നര്‍ത്ഥം. ഓരോന്നിനേയും ഓരോ അളവില്‍ പറയലാണിത്
മറ്റൊരു ശ്രുതി വാക്യത്തില്‍ ‘തദേതത് ബ്രഹ്മ ചതുഷ്പാദഷ്ടാശഫം ഷോഡശകലം’ ആ ബ്രഹ്മം നാലു കാലുകളും എട്ട് കുളമ്പുകളും 16 കലകളും ഉള്ളവനാണ് എന്ന് ബ്രഹ്മസ്വരൂപത്തെ വര്‍ണ്ണിച്ചിരിക്കുന്നു.
പരിച്ഛിന്നമായ ഒന്നിനെക്കുറിച്ച് പറയുമ്പോള്‍ അങ്ങനെയുള്ള മറ്റ് വസ്തുക്കളും ഉണ്ടെന്ന് ഊഹിക്കാം. അപരിച്ഛിന്നമായതും ഉണ്ടാകാം. പരമാത്മാവ് എങ്കാറ്റിനേക്കാളും ശ്രേഷ്ഠമാണ് എന്ന് ശ്രുതിയില്‍ പറയുന്നതായി ഇവര്‍ വാദിക്കുന്നു.
ഇതു പോലെ സംബന്ധവും ഉണ്ട്.
ബൃഹദാരണ്യകത്തില്‍ ‘ ശാരീര ആത്മാ പ്രാജ്ഞനാത്മനാ സംപരിഷ്വക്ത: ‘ – ജീവാത്മാവ് പരമാത്മാവിനോട് ചേര്‍ന്നിരിക്കുന്നു എന്ന് സുഷുപ്തിയിലെ സംബന്ധത്തെപ്പറ്റി പറയുന്നുണ്ട്. പരമാത്മാവിനും പ്രകൃതി സ്വരൂപങ്ങള്‍ക്കും തമ്മില്‍ അഭേദ്യബന്ധമുണ്ട്.
ദേവന് മാര്‍ക്കും ബ്രഹ്മത്തിനും ഭേദമുണ്ടെന്ന് കാണിക്കുന്ന ഛാന്ദോഗ്യം മുതലായ ശ്രുതികളില്‍ നിന്നും ബ്രഹ്മത്തെ കൂടാതെ വേറെയും വസ്തുക്കള്‍ ലോകത്തിലുണ്ടെന്ന് കാണാം. ജീവന്റെ പാരതന്ത്ര്യവും പരമാത്മാവിന്റെ സര്‍വതന്ത്ര സ്വതന്ത്രതയും ശ്രുതിയില്‍ കാണാം.
അതിനാല്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് ഒന്നുമില്ല എന്ന് പറയുന്നത് ശരിയല്ല എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
ഇതിനുള്ള മറുപടിയാണ് ഈ അധികരണത്തിലെ തുടര്‍ന്നുള്ള സൂത്രങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്നത്.
സൂത്രം -സാമാന്യത്തു
എന്നാല്‍ സാമാന്യമായി പറഞ്ഞിട്ടുള്ളതിനാല്‍
സേതു, ഉന്മാനം മുതലായ വാക്കുകള്‍ സാമാന്യമായി പറഞ്ഞിട്ടുള്ളത് മാത്രമാണ്. അത് ഭിന്ന പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് കാണിക്കാനല്ല.
ഛാന്ദോഗ്യത്തില്‍ ‘സദേവ സൗമ്യേദമഗ്ര ആസീ ദേകമേവാദ്വിതീയം ‘ – അല്ലയോ സൗമ്യനായവനേ, ഉത്പത്തിക്ക് മുമ്പ് ഈ കാണുന്നതെല്ലാം സത്ത് ആയിരുന്നു. ആ സത്തില്‍ നിന്നാണ് എല്ലാമുണ്ടായിട്ടുള്ളത്. കാരണത്തില്‍ വേറിട്ട് കാര്യത്തിന് നിലനില്‍പ്പില്ല. ഈ ലോകം സത്ത് തന്നെയായിരുന്നു. ഏകവുമായിരുന്നു. ഈ ലോകത്തിന്റെ ഉത്പത്തി സ്ഥിതി ലയങ്ങള്‍ക്ക് കാരണം ഏകമായ ബ്രഹ്മം തന്നെയാണ്. അത് ഏകമായ സേതുവാണ്. അല്ലാതെ പലതിനെ അണകെട്ടി തടഞ്ഞു നിര്‍ത്തുന്നത് എന്ന അര്‍ത്ഥമില്ല.
സേതു എന്ന വാക്ക് ആത്മാവിനെ സ്തുതിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന വാക്കായി കരുതണം. അല്ലാതെ തന്നില്‍ നിന്ന് അന്യമായതിനെ തടയുന്നത് എന്ന് ഒരിക്കലും കരുതാനാകില്ല. കാരണം ബ്രഹ്മമല്ലാതെ മറ്റൊന്നില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: