അരക്കോടിയിലേറെ അമേരിക്കന്‍ ഇന്ത്യക്കാരെ ചൂണ്ടിക്കാട്ടി ഇതാണെന്റെ കുടുംബമെന്ന് പറയാന്‍കഴിഞ്ഞ നരേന്ദ്രമോദിയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ജനനായകന്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായല്ല ഭാരതപുത്രനും ജനസേവകനുമായാണ് മോദി ജനസഹസ്രങ്ങള്‍ക്കുമുന്നില്‍ നിന്നത്. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലെ വേദിയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ ഓരോവാചകവും ഓരോവാക്കും അര്‍ത്ഥപൂര്‍ണമായ സന്ദേശങ്ങളടങ്ങിയതായിരുന്നു. അത് ജനമനസ്സുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും ചെയ്തു. ഒരേസമയം ലളിതവും ഗഹനവുമായവാക്കുകള്. മാതൃരാജ്യത്തോടുള്ള ആദരവും അമേരിക്കയോടുള്ള സൗഹൃദവും ലോകരാഷ്ട്രങ്ങളോടുള്ള പ്രതിബദ്ധതയും ഓരോവാക്കിലും തുളുമ്പിനിന്നു.
ഹൗഡി മോദി (എന്തുണ്ട് മോദി) എന്നാണ് ചോദിക്കുന്നത്. പക്ഷേ, മോദി തനിച്ച് ആരുമല്ല, ഭാരതീയര്‍ നിര്‍ദേശിക്കുന്നതാണു ഞാന്‍ ചെയ്യുന്നതെന്ന് പറയുന്ന മോദി ഒരേസമയം സാധാരണ ഇന്ത്യക്കാരനും രാഷ്ട്രനായകനുമായി. തൊട്ടടുത്തുണ്ടായിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിദ്ധ്യവും ചിരകാല സുഹൃത്തിനോടെന്നപോലെ അദ്ദേഹത്തോട് ഇടപെടാന്‍ മോദി കാണിച്ച സ്വാതന്ത്ര്യവും ദേശാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനെയും ആവേശംകൊള്ളിക്കും. പിന്നാലെ, വിശ്വസ്തനായ സുഹൃത്ത് എന്ന് ട്രംപിന്റെ വിശേഷണവും. ഇന്ത്യയിലെ ഭാഷാവൈവിധ്യത്തെ രാഷ്ട്രത്തിന്റെ കെട്ടുറപ്പിന്റെ അടിത്തറയായി വിശേഷിപ്പിച്ച മോദി, ഇന്ത്യയില്‍ എല്ലാം സുഖമാണെന്നു മലയാളം അടക്കം വിവിധ ഭാഷകളില്‍ പറഞ്ഞുകൊണ്ട് തന്റേതു വൃധാവാക്കുകളല്ലെന്നു തെളിയിച്ചു. എന്തെല്ലാം വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് മോദി പറയാതെ പറഞ്ഞത്…!
ശരിയായ കാര്യം എവിടെ എപ്പോള്‍ എങ്ങനെ പറയണമെന്ന ധാരണയാണ് നേതാവിന്റെ യഥാര്‍ഥ യോഗ്യതകളില്‍ ഒന്ന്. അക്കാര്യത്തില്‍ താന്‍ ആര്‍ക്കും പിന്നിലല്ലെന്നു നരേന്ദ്രമോദി ഹൂസ്റ്റണില്‍ തെളിയിച്ചു. ഇന്ത്യ-യുഎസ് സൗഹൃദവും കശ്മീര്‍ പ്രശ്നവും തീവ്രവാദവും അതില്‍ പാക്കിസ്ഥാനുള്ള പങ്കും സ്വന്തം നാടുഭരിക്കാനറിയാത്ത പാക്കിസ്ഥാന്റെ പരാജയവും എല്ലാം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരം മോദി ശരിയായി ഉപയോഗപ്പെടുത്തി. ഇന്ത്യയിലെ അന്ധമായ മോദി വിരോധത്തിന്, രാജ്യാന്തര വേദിയിലെ അംഗീകാരത്തിന്റെ കയ്യടികള്‍ക്കിടയില്‍ നിന്നുകൊണ്ടു ശക്തവും വ്യക്തവുമായ ഭാഷയില്‍ മറുപടി നല്കി. പാക്കിസ്ഥാനും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പുനല്‍കി. അമേരിക്കയില്‍ത്തന്നെ കശ്മീര്‍ പ്രശ്നത്തിന്റെ പേരിലുള്ള ഇന്ത്യാവിമര്ശകര്ക്ക് അവരുടെ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ കൃത്യമായ വിശദീകരണം നല്കി. എല്ലാം വിമര്‍ശനത്തിന് പഴുതുനല്‍കാത്ത കൃത്യതയോടെതന്നെ. കശ്മീരിന്റെ പ്രത്യേക അവകാശത്തേക്കുറിച്ചു പറയുന്ന ഭരണഘടനയുടെ 370-ാം വകുപ്പു മാറ്റിയതു കശ്മീരിനെ രക്ഷിക്കാനാണെന്നു വിശദീകരിച്ച മോദി അതിനു മുന്‍കയ്യെടുത്ത സാമാജികരെ എഴുനേറ്റുനിന്നു കയ്യടിച്ച് ആദരിക്കാനുമാണു ജനക്കൂട്ടത്തോടു പറഞ്ഞത്. അതിനു ലഭിച്ച അത്ഭുതകരമായ പ്രതികരണം ലോകത്തിനുള്ള മറുപടിയായിരുന്നു.
ആഴിയിലും ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും നിറയുന്ന സൗഹൃദമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ വരാന്‍ പോകുന്നത് എന്നാണ് ട്രംപിന്റെ വാക്കുകളിലെ സൂചന. സങ്കേതികരംഗത്ത് ഇന്ത്യയുമായി സഹകരണം തുടരുമെന്നും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ, ഇതുവരെ കാണാത്തത്ര പുരോഗതിയിലേയ്ക്ക് ഇന്ത്യയെ എത്തിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ബഹിരാകാശ സേനയില്‍ ഇന്ത്യക്കും പങ്കാളിത്തമുണ്ടാകുമെന്നും ചരിത്രത്തിലെ ആദ്യ ത്രിതല സൈനികാഭ്യാസത്തില്‍ ഇന്ത്യയും പങ്കാളികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വിരല്‍ചൂണ്ടുന്നതു ശക്തമായൊരു ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ കാലത്തേയ്ക്കാണ്. ഇതിനൊക്കെയിടയിലും താനൊരു സാധാരണ ഇന്ത്യക്കാരന് മാത്രമാണെന്നു നരേന്ദ്രമോദി പറയുമ്പോള്‍, ഒരു ഇന്ത്യക്കാരന്റെ യഥാര്‍ത്ഥ കരുത്ത് എന്തെന്നതിന്റെ സാക്ഷ്യംകൂടിയായി ഹൗഡി മോദിയിലെ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: