‘ഓക്കെ‘ എന്ന ഇംഗ്ലീഷ് വാക്ക് സൂചിപ്പിക്കുന്നത് ‘എല്ലാം ശരി’ എന്ന അര്‍ത്ഥമാണ്. പക്ഷേ ഓക്കെ ജോക്കുള്‍ (ഒക്യുകുള്‍ക്ക് എന്ന് ഉച്ചാരണം) എന്ന ഹിമാനിയുടെ കാര്യത്തില്‍ ഒന്നും ‘ഒക്കെ’ ആയില്ല. കാരണം ആ ഹിമാനി മരിച്ചു. ഏകദേശം 16 കിലോമീറ്റര്‍ നീളവും അന്‍പത് മീറ്ററോളം കനവുമുള്ള ആ കൂറ്റന്‍ ഹിമാനിയെ മനുഷ്യന് കൊന്നു… എങ്കിലും മരണത്തിലും ആ ഹിമാനി ഒരു ലോക റെക്കോര്‍ഡ് നേടി; കാലാവസ്ഥാ മാറ്റം മൂലം മരിക്കുന്ന ആദ്യത്തെ വന്‍കിട ഹിമാനി എന്ന ലോക റെക്കോര്‍ഡ്. ഐസ്ലാന്റിലെ കൂറ്റന്‍ അഗ്നിപര്‍വതത്തിന്റെ മേലാപ്പായിരുന്നു ഈ മഞ്ഞുപാളി.
മരിച്ചുപോയ മഞ്ഞുപാളിക്ക് അനുശോചന ഫലകം സ്ഥാപിക്കാന്‍ ഐസ്ലാന്റുകാര് മറന്നില്ല. അന്നാട്ടിലെ പ്രകൃതിസ്നേഹികള്‍ ആ ഹിമാനിയുടെ തിരുശേഷിപ്പിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. അഗ്നിപര്‍വതത്തിലെ കരുണയില്ലാത്ത കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്ന ഊഷര ഭൂമിയില്‍ അവരെത്തിയത് ഒരു കൂറ്റന്‍ പിച്ചള ഫലകവുമായാണ്. നാട്ടിലെ സാഹിത്യകാരന്മാരില് ശ്രേഷ്ഠനായ ആന്റിസ്റ്റാര്‍ മാഗ്നാസണ്‍ തയ്യാറാക്കിയ ആ ഫലം ഇങ്ങനെ- ”ഹിമം ഇല്ലാതായിത്തീര്‍ന്ന ലോകത്തെ ആദ്യ ഐസ്ലാന്റ് ഹിമാനിയായി ‘ഓക്കെ’ മാറിയിരിക്കുന്നു. അടുത്ത 200 വര്‍ഷംകൊണ്ട് നമ്മുടെ രാജ്യത്തെ എല്ലാ ഹിമാനികളുടെയും അവസ്ഥ ഇതുതന്നെയാവും. നമുക്കു ചുറ്റും പ്രകൃതിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇനി എന്താണ് ചെയ്യേണ്ടതെന്നും ഒരു ഓര്‍മപ്പെടുത്തലാണിത്.” ആഗസ്റ്റ് 2019 എന്ന് കൊത്തിവച്ച ഫലകത്തില്‍ അന്ന് ലോകത്തെ ഏറ്റവും ഉയര്‍ന്ന അളവില്‍ രേഖപ്പെടുത്തപ്പെട്ട കാര്‍ബണ്‍ ഡൈ ഓക്സൈഡ് (ഗ്രീന്‍ഹൗസ് വാതകം) ഗാഢതയും എഴുതിച്ചേര്‍ത്തു-415 പിപിഎം. അതായത് ദശലക്ഷം വായു തന്മാത്രയില് 415 അംശം കാര്‍ബണ്‍ ഡൈ ഓക്സൈഡ്!
ഫലകം സ്ഥാപിക്കുന്നതിന് മൂകസാക്ഷികളായെത്തിയ ഐസ്ലാന്റിലെ പ്രധാനമന്ത്രി കാതറിന് ജെക്കോബ്സ് ഡോട്ടിര്‍, പരിസ്ഥിതി മന്ത്രി ഗുഡ് മണ്ടൂര്‍, മുന്‍ ഐറിഷ് പ്രസിഡന്റ് മേരി റോബിന്‍സണ്‍ തുടങ്ങിയവര്‍ മനുഷ്യന്റെ വികൃതികള്‍ മൂലം നശിച്ചുപോകുന്ന ലോകത്തെ ശുദ്ധജല സ്രോതസുകളായ ഹിമാനികളെ ഓര്‍ത്ത് കണ്ണീര്‍പൊഴിച്ചു അവയുടെ പ്രാധാന്യം പ്രകീര്‍ത്തിച്ചു. ഏതാണ്ട് ആയിരത്താണ്ട് പ്രായമാണ് ഓക്കെ ഹിമാനിക്ക് കണക്കാക്കുന്നത്. 1986-ല്‍ 16 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ഓക്കെ 2014 ആയപ്പോഴേക്കും ഏതാണ്ട് പൂര്‍ണമായും ഒലിച്ചിറങ്ങിയിരുന്നു. ഐസ്ലാന്റിലെ 400 കൂറ്റന്‍ ഹിമാനികളും 2200 ഓടെ തീര്‍ത്തും അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ഐസ്ലാന്റ് തലസ്ഥാനമായ റെയ്ജാവിക്കിന് വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന നിര്‍ജീവ അഗ്നിപര്‍വതത്തിനുമേലായിരുന്നു ‘ഓക്കെ’യുടെ വാസം. പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനായ ജൂള്‍ വെര്‍ണെയുടെ ‘ഭൂ കേന്ദ്രത്തിലേക്ക് ഒരു യാത്ര’ (ജേര്‍ണി ടു ദ സെന്റര്‍ ഓഫ് എര്‍ത്ത്) എന്ന പ്രസിദ്ധ ശാസ്ത്രനോവലിലെ മുഖ്യ കഥാപാത്രമാണ് ഈ പര്‍വതം. മഞ്ഞുമൂടിയ ഈ അഗ്നിപര്‍വതമുഖത്തിലൂടെയാണ് കഥയിലെ നായകന് ഭൂകേന്ദ്രം തേടിയുള്ള യാത്ര തുടങ്ങുന്നത്.
ആഗോളതാപനവും തദ്വാരാ സംഭവിച്ച കാലാവസ്ഥാ വ്യതിയാനവുമാണ് ഹിമാനികളെ ചിത്രവധം ചെയ്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്സൈഡ് അടക്കമുള്ള ഗ്രീന്‍ഹൗസ് മലിനവാതകങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതനുസരിച്ച് അന്തരീക്ഷത്തിലെ ചൂട് കൂടുന്നു. അഥവാ അന്തരീക്ഷത്തിലേക്കെത്തുന്ന താപത്തെ തിരിച്ചുപോകാനാവാത്തവിധം കുടുക്കിയിട്ട് ഭൂഗോളത്തിന്റെ ചൂട് കൂട്ടുന്നു. അതിന് ആനുപാതികമായി മഞ്ഞുമലകള്‍ ഉരുകുന്നു. കടല്‍ നിരപ്പ് ഉയരുന്നു. പ്രളയവും കൊടുങ്കാറ്റും വ്യാപകമാവുന്നു. കാലാവസ്ഥാ ജന്യരോഗങ്ങള്‍ പരക്കുന്നു. ഐസ് ലാന്റില്‍ പ്രതിവര്‍ഷം ഉരുകി ഒലിച്ചുപോവുന്നത് പതിനൊന്ന് സഹസ്രലക്ഷം (ബില്യണ്‍) ടണ്‍ ഐസെന്ന് കണക്കപ്പിള്ളമാര്‍ കണക്കുകൂട്ടുന്നു. ആ രാജ്യത്തിന്റെ 11 ശതമാനവും മഞ്ഞ് മൂടിക്കിടക്കുകയാണ്. ഐസ്ലാന്റില് നിന്ന് ആയിരം കാതമകലെയുള്ള ഗ്രീന്‍ലാന്റില്‍ 1.7 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂമി മഞ്ഞുപാളികള്‍ക്കുള്ളിലാണ്. അവിടെ ഒരു വര്‍ഷം സംഭവിക്കുന്ന മഞ്ഞുരുകല്‍ കൊണ്ടുതന്നെ ആഗോള സമുദ്ര നിരപ്പില്‍ ഒരു മില്ലിമീറ്റര്‍ വര്‍ധന സംഭവിക്കുമത്രേ. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ഹിമശിഖരം ഗ്രീന്‍ലാന്റിലാണ്; ഏതാണ്ട് 2400 കിലോമീറ്റര്‍ നീളത്തിലും 1100 കിലോമീറ്റര്‍ വീതിയിലുമുള്ള ഹിമാനികള്‍.
ധ്രുവ മേഖലയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിമാനി ഇന്ത്യയിലെ സിയാചിന്‍ ഗ്ലേഷ്യര്‍ ആണെന്ന് കരുതപ്പെടുന്നു. ഹിമാലയത്തിലെ കാരക്കോറം മേഖലയില്‍ ഏതാണ്ട് 75 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഹിമാനിയും അതിവേഗത്തില്‍ ഉരുകിത്തീരുകയാണ്. ഒരു കിലോമീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള ചെറു ഹിമാനികളില്‍ 62 ശതമാനവും 2050 ഓടെ ഇല്ലാതാവുമെന്നാണ് പ്രവചനം.
ഹിമാനികള്‍ നശിക്കുന്നതും കടല്‍ വെള്ളം പെരുകുന്നതും മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. പ്രളയവും കടല്‍പ്രക്ഷോഭവും കൃഷിനാശവും പകര്‍ച്ചവ്യാധികളും അവയില്‍ ചിലതുമാത്രം. ഹിമാനികള്‍ ഉരുകി ഒലിച്ചുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ വരുത്തും. 2013-ല്‍ ഉത്തരാഖണ്ഡില്‍ സംഭവിച്ച മണ്ണൊലിപ്പും പ്രകൃതിദുരന്തവും ഓര്‍ക്കുക. ഹിമാനി തടാകങ്ങള്‍ ക്രമേണയാണ് വന്‍ രൂപംപ്രാപിക്കുക. 1965-ല്‍ 27 ഹെക്ടര്‍ മാത്രം വിസ്തീര്‍ണമുണ്ടായിരുന്ന ഗിപാങ്ഗത് ഹിമാനി തടാകത്തിന് ഇപ്പോള്‍ വലിപ്പം 118 ഹെക്ടറാണ്. ഹിമാനികളുടെ നാശം മനുഷ്യസംസ്കാരത്തിന്റെതന്നെ നാശമാണ്. സമൂഹങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയുമാണ്. അതാവട്ടെ വരുത്തിത്തീര്‍ക്കുന്നത് മനുഷ്യനും. മലിനവാതകങ്ങള്‍ പുറത്തുവിടുന്നതിന് കുത്തകകളെയോ അമേരിക്കയെയോ മാത്രം പഴിച്ചിട്ടു കാര്യമില്ല. അതിനുള്ള ശ്രമം ആരംഭിക്കേണ്ടത് സ്വന്തം വീട്ടു വളപ്പില്‍ നിന്നുതന്നെയാണ്. ഈ തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: