ചിന്മയാമിഷന്, തിരുവനന്തപുരം
ഉഭയലിംഗാധികരണം തുടരുന്നു. ഇനി 4 സൂത്രങ്ങള്‍ കൂടി ഇതിലുണ്ട്.
സൂത്രം: അത ഏവചോപമാ സൂര്യകാദി വത്
അതുകൊണ്ട് തന്നെയാണ് സൂര്യപ്രതിബിംബം പോലെ എന്നും മറ്റും ഉപമിക്കുന്നത്.
ഉപാധികളില്‍ അന്തര്യാമിയായിരിക്കുന്നതിനാല്‍ ബ്രഹ്മം വേറെ വേറെയായിത്തോന്നും. വാസ്തവത്തില്‍ അത് ഏകവും അദ്വിതീയവും നിര്‍ഗുണവുമാണ്. ആകാശത്തില്‍ സൂര്യനും ചന്ദ്രനും ഒന്നേ ഉള്ളുവെങ്കിലും വിവിധ ജലാശയങ്ങളിലും മറ്റും വേറെ വേറെയായി പ്രതിബിംബിക്കുന്നതുപോലെ കാണും.
ബ്രഹ്മ ബിന്ദൂപനിഷത്തി ല്‍ ‘ഏകം ഏവ ഹി ഭൂതാത്മാ ഭൂതേ ഭൂതേ വ്യവസ്ഥിത ഏകധാ ബഹുധാ ചൈവ ദൃശ്യതേ ജലചന്ദ്രവത്’ അതാത് ഉപാധികളിലിരിക്കുന്ന ഭൂതാത്മാവ് ജലത്തില്‍ പ്രതിബിംബിച്ച ചന്ദ്രനെപ്പോലെ ഒന്നായും പലതായും കാണപ്പെടുന്നു.ആകാശത്തിലെ ഒരേ ഒരു സൂര്യനോ ചന്ദ്രനോ പല ജലാശയങ്ങളില്‍ പ്രതിബിംബിക്കുമ്പോള്‍ പലതായിക്കാണുന്നു. ജലാശയത്തിന്റെ ശുദ്ധിയ്ക്കനുസരിച്ച് പ്രതിബിംബത്തിന്റെ വ്യക്തതയിലും മറ്റും വ്യത്യാസമുണ്ടാകും.
അതുപോലെ ചിന്മയനും ഏകനുമായ ആത്മാവ് പല ഉപാധികളില്‍ പലതായി കാണപ്പെടുന്നു എന്ന് ശ്രുതി വ്യക്തമാക്കുന്നു. പ്രതിഫലന ഉപാധിയുടെ വ്യത്യാസമനുസരിച്ച് ബ്രഹ്മ പ്രതിബിംബത്തിനും മാറ്റമുണ്ടാകും.
സൂത്രം: അംബുവദഗ്രഹണാത്തു ന തഥാത്വം
ജലം പോലെ ഇന്ദ്രിയ വിഷയമല്ലാത്തതിനാല്‍ ജലചന്ദ്രനെപ്പോലെ എന്ന് പറഞ്ഞത് ശരിയായില്ല.
പൂര്‍വപക്ഷത്തിന്റെ വാദമാണിത്. ജലവും ചന്ദ്രനും വിഭിന്നങ്ങളും മൂര്ത്തങ്ങളുമാണ്. രണ്ടും രണ്ടു സ്ഥലത്താണ്. എന്നാല്‍ ആത്മാവും ഉപാധികളും അങ്ങനെയല്ലാത്തതിനാല്‍ ജലചന്ദ്രന്റെ ഉദാഹരണം പറഞ്ഞത് ശരിയായില്ലെന്നാണ് ഇവരുടെ വാദം. ആത്മാവ് അരൂപിയായതിനാല്‍ മൂര്‍ത്തമല്ല ഉപാധിയോട് കൂടെയിരിക്കുന്നതിനാല്‍ മറ്റൊരിടത്തമല്ല എന്നുമാണ് വാദം.
സൂത്രം: വൃദ്ധി ഹ്രാസഭാക്ത്വമന്തര്ഭാവാ ദുഭയസാമഞ്ജസ്യാദേവം
ഉപാധികളില്‍ അന്തര്ഭവിച്ചിരിക്കുന്നതു കൊണ്ട് ഉപാധികളെ അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നതിനാല്‍ രണ്ടിനും ചേര്ച്ചയുള്ളതിനാലാണ് ഇങ്ങനെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. പൂര്‍വപക്ഷത്തിനുള്ള മറുപടിയാണ് ഈ സൂത്രം.ഒന്നിനെ മറ്റൊന്നിനോട് ഉപമിക്കുമ്പോള്‍ ഉപമിക്കുന്ന വസ്തുവിനും മറ്റേതിനും തമ്മില്‍ എല്ലാ ധര്‍മ്മങ്ങളിലും സാദൃശ്യമുണ്ടാകില്ല. ചില ധര്‍മ്മങ്ങളിലുള്ള സാദൃശ്യമാണ് ഉപമയില്‍ കാണുക.
വെള്ളത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രന് ജലാശയത്തിന്റെ വലുപ്പചെറുപ്പമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അതുപോലെ ഉപാധികളില്‍ പ്രതിബിംബിക്കുന്ന ആത്മാവിനും ഉപാധികളുടെ വ്യത്യാസമനുസരിച്ച് വ്യത്യാസങ്ങളുണ്ടെന്ന് തോന്നാം. വെള്ളം ഇളകുമ്പോള്‍ പ്രതിബിംബത്തിനും ഇളക്കമുണ്ടാകും.എന്നാല്‍ യഥാര്‍ത്ഥ സൂര്യനേയോ ചന്ദ്രനേയോ ഇത് ബാധിക്കില്ല. അതുപോലെ ഉപാധികള്‍ക്കനുസരിച്ച് ആത്മാവിന് ചലനം പോലുള്ള മാറ്റങ്ങള്‍ ഉണ്ടെന്ന് തോന്നാം. ഇത് വെറും തോന്നല്‍ മാത്രം. ആത്മാവിനെ ഇതൊന്നും ബാധിക്കില്ല. അതിനാല്‍ ഉപമ യുക്തം തന്നെയാണ്
സൂത്രം ദര്‍ശനാച്ച
ദേഹം മുതലായ ഉപാധികളില്‍ ബ്രഹ്മം പ്രവേശിച്ചുവെന്ന് ശ്രുതിയില്‍ കാണുന്നതിനാല്‍ ജലചന്ദ്രന്റെ ഉദാഹരണം യുക്തമാണ്.
ഉപാധികളില്‍ ബ്രഹ്മം പ്രവേശിക്കുന്നതായി ശ്രുതിയില്‍ പറയുന്നുണ്ട്. ബൃഹദാരണ്യകത്തില്‍ ‘പുരശ്ചക്രേ ദ്വിപദഃ പുരശ്ച ക്രേ ചതുഷ് പദഃപുരഃ സ പക്ഷീഭൂത്വാ പുരഃ പുരുഷ ആവിശത്’ പരമാത്മാവ് രണ്ടു കാലുള്ളവയേയും നാല് കാലുള്ളവയേയും സൃഷ്ടിച്ചു. താന്‍ തന്നെ ലിംഗാത്മാവായിത്തീര്ന്ന് ഈ ശരീരങ്ങളില്‍ പ്രവേശിച്ചു എന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ ‘ഹന്താഹം ജീവേനാത്മാനാനുപ്രവിശ്യ നാമരൂപേ വ്യാകരവാണീതി’ താന്‍ ഈ ഭൂതങ്ങളില്‍ ജീവാത്മനാ അനുപ്രവേശിച്ച് നാമരൂപങ്ങളെ സ്പഷ്ടമാക്കിത്തീര്ക്കാമെന്ന പ്രസ്താവനയുണ്ട്.
ഇങ്ങനെ ബ്രഹ്മം ഉപാധികളില്‍ പ്രവേശിക്കുന്നതായി പല ഉപനിഷത്തുകളിലും പറയുന്നതിനാല്‍ ജലചന്ദ്രന്റെ ഉദാഹരണം യുക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: