ഇന്ന് തിരുവോണം. ഓര്‍മകളുടെ നീലാകാശത്ത് തുമ്പികള്‍ പാറിപ്പറക്കുന്ന അവിസ്മരണീയ ദിനം. ഹൃദയങ്ങളില്‍ വര്‍ണാഭമായ ചിത്രങ്ങള്‍ നിറവോടെ വിരിയുന്ന നാള്. എത്രയെത്ര കാലംകഴിഞ്ഞാലും ഏതൊക്കെ ജീവിതാവസ്ഥകളിലൂടെ കടന്നുപോയാലും ഓണം മധുരോദാരമായ ഊര്‍ജപ്രവാഹമായി നമുക്കൊപ്പം ചേരുന്നു. നമ്മെ കൈപിടിച്ചു നടത്തിക്കുന്നു, നമുക്കൊപ്പം തൊട്ടുരുമ്മിക്കളിക്കുന്നു, കണ്ണീര് തുടയ്ക്കുന്നു, പ്രകാശമാനമായ പ്രതീക്ഷകളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു. ഹൃദയത്തിലെ പൂക്കളത്തിന്റെ പ്രതിബിംബം പോലെ നമ്മുടെ മുറ്റങ്ങളില്‍ പൂക്കളമിടാന്‍ നമുക്കൊപ്പം ചേരുന്നു. അങ്ങനെ ആരിലും അവിസ്മരണീയ അനുഭവങ്ങളുടെ പൂക്കാലമാണ് ഓണക്കാലം, അതിന്റെ ആത്യന്തികാവസ്ഥയാണ് തിരുവോണം.
കൗമാര കുതൂഹലങ്ങളും ബാല്യകാല കളിചിരി തമാശകളും നിറഞ്ഞ ഓണക്കാലത്തിന്റെ പരിച്ഛേദമാണോ ഇന്നത്തെ ഓണക്കാലം എന്നു ചോദിച്ചാല്‍ അല്ലെന്നുതന്നെ പറയേണ്ടിവരും. പ്രകൃതിയുടെ പൂത്തുലഞ്ഞു നില്ക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് പൂക്കള്‍ തേടിപ്പോയ കുട്ടിക്കാലം ഇന്ന് അന്യമായിരിക്കുന്നു. നാടും നഗരവും ഓണമെന്ന സങ്കല്‍പ്പത്തെ തികഞ്ഞ കച്ചവടപ്പാതയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. എന്തിനും സമ്മാനവും ഇളവും കിട്ടുന്ന ആശ്വാസകാലം എന്നതിലേക്ക് ഓണം വഴിമാറിയിരിക്കുന്നു. ഇത് നല്ലതോ ചീത്തയോ എന്നതിനേക്കാള്‍ എന്ത് സംസ്കാരമാണ് നമ്മളില്‍ ഉണരുന്നത് എന്നാണ് ചിന്തിക്കേണ്ടത്. ഓണത്തിന് ഒരു മുഖമേയുള്ളു. അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ തെളിച്ചമാണ്. അതില്‍ മദമാത്സര്യങ്ങളോ താന്പോരിമയോ വിജയശ്രീലാളിത്യമോ ഇല്ല.
എന്നാല്‍ ഇന്ന് പ്രകൃതിയെ കീഴടക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ കഴിവെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. എത്രമാത്രം പ്രകൃതിയെ ചൂഷണം ചെയ്താലും കുഴപ്പമില്ല, നമുക്ക് അത്യാഡംബരപൂര്‍വം ജീവിച്ചാല്‍ മതി എന്നായിരിക്കുന്നു. അതിന്റെ കെടുതികള്‍ ഓരോ മഴക്കാലത്തും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരിതങ്ങളുമായി മനുഷ്യരുടെ മേല്‍ പെയ്തുതീരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്നവനും സമൃദ്ധിയുടെ മഹാസമുദ്രത്തിന്റെ കരയില്‍ നില്ക്കുന്നവനും ഓണത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുമെങ്കിലും അതിലെ വികാരം ഒന്നുതന്നെയാണ്. എന്നാല്‍ അതൊക്കെ വെറും വാക്കായി പോവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഓണമെന്ന വികാരവും സംസ്കാരവും എന്തെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇല്ലാതായിരിക്കുകയാണ്. അതിനാണ് മാറ്റം വരേണ്ടത്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ ആഘോഷം ലോകത്തെവിടെയുമുള്ള മലയാളി ആര്‍ഭാടത്തോടെ നടത്തുമ്പോള്‍ നമ്മളൊന്ന് എന്ന വികാരമാണ് തുടിച്ചുനില്‍ക്കുന്നത്. കഴിഞ്ഞതവണ ഓണമാഘോഷിച്ച നൂറിലേറെ സഹോദരങ്ങള്‍ ഇത്തവണ നമുക്കൊപ്പമില്ല എന്ന യാഥാര്‍ത്ഥ്യത്തിന്റെ കണ്ണീരുപ്പുകലര്‍ന്ന ഓണമാണ് ഇത്തവണ പടികടന്നുവന്നിരിക്കുന്നത്. ഭരണാധികാരിയുടെ കാഴ്ചപ്പാടിന്റെ നന്മയും വെണ്മയും വിളങ്ങിയിരുന്ന ഒരു സമ്മോഹിത കാലത്തിന്റെ ഓര്‍മയായി ഓണം നമ്മെ വാരിപ്പുണരുമ്പോള്‍ അന്നത്തെ എന്തെങ്കിലുമൊരനുഭവം ഇന്ന് എടുത്തുകാണിക്കാനുണ്ടോ? കൊത്തിപ്പറിച്ചും കൈയേറിയും കന്നംതിരിവു കാണിച്ചും ഭരണകൂടം ഗര്‍വ് കാണിക്കുന്ന, ദിശാബോധം നഷ്ടപ്പെട്ട ഒരു കാലമാണിപ്പോള്‍. അത്തരമൊരു അവസരത്തില്‍ ഓര്‍മയിലെ നിലാവായിരുന്ന ഓണത്തെക്കുറിച്ച് ഓര്‍ക്കുന്നതുപോലും ശുഭപ്രതീക്ഷയാവുകയാണ്.
ചതിയും വഞ്ചനയും കളവും കാപട്യവും നിറഞ്ഞ ആസുരിക കാലത്തിന്റെ ഉമ്മറക്കോലായയില്‍ നാം പൂക്കളമിട്ട് മനുഷ്യപ്പറ്റുള്ള ഒരു ഭരണാധികാരിയുടെ സംസ്കാരത്തെ വരവേല്ക്കുമ്പോള് കിട്ടുന്ന ചാരിതാര്‍ഥ്യം തന്നെയാണ് ഓണത്തിന്റെ സത്ത. ഉപകരണങ്ങളും മറ്റും വാങ്ങിക്കൂട്ടാനുള്ള ഒരവസരമായി ഓണത്തെ മാറ്റിമറിക്കുമ്പോള്‍ മാനവികതയുടെ മഹാസംസ്കാരമാണ് അട്ടിമറിക്കപ്പെടുന്നത്. ദുഃഖവും ദുരിതവും അപമാനവും നിറഞ്ഞ സ്ഥിതിയില്ലാത്ത, ആരും ആര്‍ക്കും അരുമയായ ഒരു കാലത്തിന്റെ ഓര്‍മയായ ഓണം വെറുമൊരു വാണിജ്യമേളയായി മാറരുത്. അങ്ങനെയുള്ള ഒരു സംസ്കാരത്തിലേക്ക് പോകാതിരിക്കാനുള്ള നേരറിവാണ് ഈ ഓണത്തില്‍ നമുക്കുവേണ്ടത്. കള്ളവും ചതിവുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത നാളുകള്‍. കനിവും കാരുണ്യവും പ്രകൃതിയും പുരുഷനുമായി ഇഴുകിച്ചേരുന്ന നാളുകള്‍. അതിലേക്ക് വഴിമാറാന്‍ ഈ ഓണനാളുകളില്‍ നമുക്ക് ദൃഢപ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: