കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു:
ഉദ്ധവാ! സംസാരം ഗുണമയമെന്നു ചിന്തിച്ചാല്‍ മനസ്സിലാകും. ഇനി ശേഷം കാര്യം പറയാം, കേട്ടുകൊള്ളുക. പൂര്‍വാചാര്യന്മാര്‍ നിശ്ചയിച്ചിട്ടുള്ള സാംഖ്യ* ശാസ്ത്രം ഇപ്പോള്‍ നിനക്കായിട്ട് ഞാന്‍ ഉപദേശിച്ചുതരാം. ഇതറിഞ്ഞിട്ട് എല്ലാ മനുഷ്യരും ഹൃദയത്തിലുള്ള വികല്പങ്ങളായ ശ്രമങ്ങളെ പെട്ടെന്ന് അകറ്റിക്കളയുന്നു. ആദിയില്‍ പ്രളയകാലത്ത് എല്ലാ പദാര്‍ത്ഥവും ഭേദമറ്റ ഏകമായ അറിവായിരുന്നു. കൃതയുഗത്തിലും വിവേകനിപുണന്മാരായ ജനം ഇതറിഞ്ഞിരുന്നു.ഏകമായും വികല്പിക്കപ്പെടാത്തതായും വാക്കിനാല്‍ പ്രതിപാദിക്കപ്പെടാത്തതായും സത്യമായും സ്ഥിതിചെയ്യുന്ന ആ ബ്രഹ്മം ജഡമെന്നും ചിത്തെന്നും രണ്ടുമട്ടില്‍ സംഭവിച്ചു. അതിനെ ദൃശ്യമെന്നും ദ്യോതകമെന്നും പറയാം. രണ്ടായിത്തോന്നുന്നത് പ്രകൃതിജ്ഞാനമാണ്. രണ്ടിനന്യമായി തോന്നുന്ന ജ്ഞാനം പുരുഷജ്ഞാനവും. ഞാന്‍ നിമിത്തം ക്ഷുഭിതമായിത്തീര്‍ന്ന പ്രകൃതിക്ക് മൂന്നു നാമധേയം വന്നുഭവിച്ചു. സാത്വികം, രാജസം, താമസം എന്നീ മൂന്നു പേരുകളില്‍ പുരുഷന്റെ അനുമതികൊണ്ട് ത്രിഗുണത്തില്‍നിന്ന് സൂത്രം*2 ഭവിച്ചു. പുരുഷന്‍ ഗുണസംയുക്തമായി മഹാസൂത്രത്തോടുകൂടി ഇരുന്നിട്ട് അതില്‍നിന്ന് അഹങ്കാരമുണ്ടായി. പിന്നീട് വൈകാരികനാകുന്ന തൈജസനും*3 താമസത്തില്‍നിന്ന് ഞാനാകുന്ന ത്രിവിട്ടും*4 ഉണ്ടായി.
തന്മാത്രകള്‍ക്കും ചിത്തം ആദിയാകുന്ന ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും മൂലകാരണം ഇവ മൂന്നുമാണ്. ശബ്ദം മുതലായവയ്‌ക്ക് കാരണമായ താമസാഹങ്കാരത്തില്‍നിന്നുതന്നെ പഞ്ചഭൂതങ്ങളുണ്ടായി. രാജസാഹങ്കാരത്തില്‍നിന്ന് ഇന്ദ്രിയാധിഷ്ഠിതരായ പതിനൊന്ന്6 ദേവന്മാരും ആവിര്‍ഭവിച്ചു. ചിന്മയമായിരിക്കുന്ന ചിത്ത് കാരണം തന്നെയാണ് താമസത്തില്‍നിന്ന് ഇന്ദ്രിയങ്ങളുണ്ടായത്. രാജസത്തില്‍നിന്നെന്ന് മറ്റൊരു പക്ഷവുമുണ്ട്.
* ദോഷഗുണമീമാംസയെ അഥവാ ദാര്‍ശനികമായ ചര്‍ച്ചയെ സംഖ്യ എന്നു വിളിക്കുന്നു. സംഖ്യയെ സംബന്ധിക്കുന്നതുകൊണ്ട് സാംഖ്യം എന്നുവന്നു. (മഹാഭാരതം).
*2 ക്രിയാശക്തിയുള്ള ആദ്യവികാരം.
*3 തൈജസന്‍, പ്രാജ്ഞന്‍, വിശ്വന്‍ എന്നീ മൂന്നു തരം ആത്മാവുകളില്‍ സ്വപ്‌നാഭിമാനിയായ ആത്മാവാണ് തൈജസന്‍.
*4 പ്രപഞ്ചോല്പത്തിയുടെ ആദിമനിമിഷത്തില്‍ അഗ്നിയും ജലവും ഭൂമിയും (അഗ്നി- 1/2, ജലം-1/4, ഭൂമി- 1/4 എന്നീ തന്മാത്രാ തോതില്‍) രൂപാന്തരപ്പെട്ടു. ഈ ത്രിത്വത്തിന്റെ മൂലസ്രോതസ്സാണ് ത്രിവിട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: