‘ഹൈന്ദവീകരണത്തിന്റെ പുരോഗതിയോടുകൂടി ബലി ആരാധനക്ക് നാടോടി അനുഷ്ഠാനത്തിന്റെ സ്വഭാവം ക്രമേണ കുറഞ്ഞുവരികയും മതാചാരത്തിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്തു’ (ഭാഗം 2, പു.108). ബലിയെ സംബന്ധിച്ച നാടോടിമിത്തുകളും അവയെ ആസ്പദമാക്കിയ അനുഷ്ഠാനങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകത ആണെന്ന ഒരു വിഭാഗം പണ്ഡിതന്മാരുടെ നിലപാട് തികച്ചും തെറ്റാണെന്ന് ആധുനികകാലബലിആരാധനയെ വിവരിക്കുന്ന രണ്ടാം ഭാഗത്ത്്്, അതായത്് നാടോടിമിത്തുകളും ബലി ആരാധനയും (പ്രാചീനമധ്യകാലങ്ങള്‍, ആധുനികകാലം) എന്ന അധ്യായത്തില്‍, രവിവര്‍മ്മ സമര്‍ത്ഥിക്കുന്നുണ്ട്. സി. ഇ. അഞ്ചു മുതല്‍ പതിനഞ്ചു വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ പൊതുവെയും, ഗുജറാത്ത്, മാള്‍വ, ഡെക്കാന്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും പ്രബലമായ നിലയില്‍ ബലിആരാധനാമുറകള്‍ നിലവിലുണ്ടായിരുന്നു. മാത്രമല്ല ആര്യന്മാരുടെയോ, വൈദികമതത്തിന്റെയോ, ബ്രാഹ്മണരുടെയോ എതിരാളി എന്ന നിലക്കാണ് ബലിയെ ആരാധിക്കാന്‍ തുടങ്ങിയതെന്ന വാദത്തിന്് യാതൊരു തെളിവുമില്ല. ഇപ്പറഞ്ഞ വിഭാഗങ്ങളില്‍ പെട്ടവരുടെ പിന്തുണ ബലിആരാധനക്കുണ്ടായിരുന്നു എന്നതിനു തെളിവുണ്ടുതാനും. വരാഹമിഹിരനും പുരാണകര്‍ത്താക്കളും ബലിആരാധനയെ അനുകൂലിച്ചിരുന്നു. വടക്കേ മലബാറിലെ നമ്പൂതിരിമാര്‍ക്ക് ദീപാവലിദിനത്തില്‍ മഹാബലിപൂജ എന്ന പേരില്‍ ഒരു അനുഷ്ഠാനമുണ്ട്. അന്തര്‍ജനങ്ങളാണ് ഇതുചെയ്യുന്നത്. മഹാബലിയേയും വാമനമൂര്‍ത്തിയേയും ഈ ചടങ്ങില്‍ പൂജിക്കുന്നു. എം. വി. വിഷ്ണുനമ്പൂതിരിയുടെ ‘നമ്പൂതിരിമാരുടെ ശബ്ദകോശം’ എന്ന പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെച്ച വരികള്‍ രാമവര്‍മ്മ ഉദ്ധരിക്കുന്നുണ്ട് (ഭാഗം 2, പു.122).
ബലി അവര്‍ണജാതിക്കാരുടെ വക്താവായിരുന്നു എന്നും സമൂഹത്തിലെ താഴെപടിയിലുള്ളവരുടെ ഇടയിലാണ് ബലിആരാധന തുടങ്ങിയതെന്നും മറ്റൊരു അഭിപ്രായമുണ്ട്. അതും ശരിയല്ലെന്ന് തെളിവുസഹിതം ഗ്രന്ഥകര്‍ത്താവ് ആയ രവിവര്‍മ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബലി എന്ന പേരില്‍ ഏതെങ്കിലും ഒരു ചരിത്രപുരുഷനുണ്ടായിരുന്നോ എന്നും ഗ്രന്ഥകാരന് അന്വേഷിക്കുന്നുണ്ട്. ബലിയെന്ന പേരില്‍ ആരാധിച്ചുപോന്ന ചരിത്രപുരുഷന്മാരെക്കുറിക്കുന്ന ഊഹങ്ങള്‍ ശരിയോ തെറ്റോ ആവാമെന്നാണ് രവിവര്‍മ്മയുടെ അഭിപ്രായം. ഓണക്കാലത്ത് ഓര്‍ക്കപ്പെടുന്ന മഹാബലി പ്രാചീന അസ്സീരിയയിലെ ഒരു രാജാവായിരിക്കാമെന്നും ചിലര്‍ പറയുന്നുണ്ട്. ഇതും യുക്തിസഹമല്ല എന്നു തെളിവുസഹിതം അദ്ദേഹം ഉറപ്പിക്കുന്നുണ്ട്. ഇത്തരം അന്വേഷണത്തെക്കുറിച്ച് രവിവര്‍മ്മയുടെ അഭിപ്രായം ഇപ്രകാരമാണ് ‘ബലിയുടെ ചരിത്രപരമായ അസ്തിത്വം തേടേണ്ടത്് പുറം നാടുകളിലല്ലെന്നും ഹൈന്ദവമതഗ്രന്ഥങ്ങളിലെ ആഖ്യാനങ്ങളേയും ബലിയെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യയൊട്ടുക്കുള്ള അനുഷ്ഠാനങ്ങളേയും അധികരിച്ചായിരിക്കണമെന്നും നിസ്സംശയം പറയാം. പടിഞ്ഞാറന്‍ മരുഭൂമികളിലെ മരീചികകള്‍ നമ്മളെ വഴിതെറ്റിക്കുക മാത്രമേ ചെയ്യുകയുള്ളു’ (ഭാഗം 3, പു. 151).
കേരളവും മഹാബലിയും എന്ന നാലാം അധ്യായത്തില്‍ രാമവര്‍മ്മ പറയുന്നു ‘അതിപ്രാചീനമായൊരു നാടോടിപാരമ്പര്യത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇന്നത്തെ ഓണാഘോഷം. പേരുപോലുമറിയാത്ത ആ നാടോടിആചാരം, ഹൈന്ദവീകരണത്തോടുകൂടി നിലവില്‍ വന്ന ഓണമെന്ന ക്ഷേത്രോത്സവം, പരദേശത്തുനിന്നും സംക്രമിച്ച ബലിആരാധന എന്നിവയുടെയെല്ലാം സമ്മിശ്രരൂപമാണ് മലയാളികളുടെ ദേശീയോത്സവം. മറ്റൊരിടത്ത്് അദ്ദേഹം പറയുന്നു ഗുജറാത്തിലും മഹാരാഷ്ട്രത്തിലുംകര്‍ണ്ണാടകത്തിലും മറ്റും നിലവിലുണ്ടായിരുന്ന ബലി ആരാധന അതിന്റെ പാരമ്യത്തിലെത്തിയത് കേരളത്തിലാണ്. അവിടെ ബലി മഹാബലിയായി, മാവേലിയായി. മഹാബലിക്കായി മലയാളികള്‍ ഒരു ദേശീയോത്സവം തന്നെ മാറ്റിവെച്ചു’ (ഉപസംഹാരം, പു. 206).
കേരളത്തിലെ ഓണം എന്ന ആചാരത്തേയും ബലിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംശയാതീതങ്ങളായ തെളിവുകള്‍ ഇനിയും കിട്ടേണ്ടിയിരിക്കുന്നു. സംഘകാലത്തിന്റെ അവസാനഘട്ടമായ സി. ഇ. 45 നൂറ്റാണ്ടുകളില്‍ മാങ്കുടി മരുതനാര്‍ സംഘകാലത്തമിഴില്‍ രചിച്ച മതുരൈക്കാഞ്ചി എന്ന കാവ്യത്തിലാണ് ഓണസംബന്ധിയായി നമുക്കിന്നു ലഭ്യമായ ഏറ്റവും പഴക്കമുള്ള പരാമര്‍ശം. അസുരന്മാരെ തോല്‍പ്പിച്ച വിഷ്ണു(മായോന്‍)വിന്റെ പ്രീതിക്കായുള്ള ആഘോഷമാണ് അതില്‍ ഓണം. വാമനനും ബലിയും അതില്‍ കഥാപാത്രങ്ങളല്ല. ശിവഭക്തനായ തിരുജ്ഞാനസംബന്ധരും (സി. ഇ. ഏഴാം നൂറ്റാണ്ട് ) ഓണം ഒരുസമുദായോത്സവമാണെന്നും അന്ന് സജ്ജനങ്ങള്‍ ഒത്തുചേര്‍ന്ന് സമ്പാദ്യങ്ങള്‍ പങ്കുവെച്ച് ആനന്ദിച്ചിരുന്നും എന്നു പറയുന്നുണ്ട്. മൈലാപ്പൂരിലെ ഒരു ശിവക്ഷേത്രത്തിലെ തിരുവോണാഘോഷമാണത്രേ അദ്ദേഹം സൂചിപ്പിക്കുന്നത്. തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലും ഓണദിവസം (ശ്രാവണപൗര്‍ണമി) മുരുകന് അസുരന്മാരെ തോല്‍പ്പിച്ച ദിനമായി കരുതി ആഘോഷിക്കുന്നുണ്ട്. വിഷ്ണുഭക്തനായ പെരിയാള്‍വാര്‍ (സി. ഇ. ഒന്‍പതാം ശതകം) തന്റെ ‘പല്ലാണ്ട്’ എന്ന കൃതിയില്‍ വിഷ്ണു അഥവാ കൃഷ്ണന്റെ പിറന്നാളാഘോഷമായി തിരുവോണത്തിരുവിഴയെ വര്‍ണ്ണിക്കുന്നു.
വൈഷ്ണവക്ഷേത്രങ്ങളായ തമിഴക ആന്ധ്ര അതിര്‍ത്തിയിലെ തിരുപ്പതി, കര്‍ണ്ണാടകത്തിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവിടങ്ങളില്‍ ക്ഷേത്രോത്സവം എന്ന നിലയില്‍ ഓണം ആഘോഷിച്ചിരുന്നു. പക്ഷേ മഹാബലിയുമായി ഇവയെയൊന്നും ബന്ധിപ്പിക്കാനുതകുന്ന തെളിവുകള്‍ ഇല്ല എന്നാണ്് രാമവര്‍മ്മ പറയുന്നത്. എന്നാല്‍ ആറന്മുളഅപ്പനെ പ്രകീര്‍ത്തിക്കുന്ന തിരുനിഴല്‍മാല (സി. ഇ. പതിമൂന്നാം ശതകം) യില്‍ മാവേലിയെ വാമനവേഷം പൂണ്ടു ചതിച്ചതായി പറയുന്നുണ്ട്. മണിപ്രവാളകാവ്യമായ ഉണ്ണുനീലിസന്ദേശത്തിലും (സി. ഇ. പതിനാലാം ശതകം) ഓണത്തെ ആരെയോ വരവേല്‍ക്കാനുള്ള ഉത്സവമായി അവതരിപ്പിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ കൃതിയായ ചന്ദ്രോത്സവത്തില്‍ ഓണത്തെ ഒരു ഗാര്‍ഹികാചാരമായി കരുതാനുതകുന്ന സൂചനകള്‍ കാണുന്നുണ്ട്. ജേക്കബ് ഫെലനീഷ്യോ എന്ന പോര്‍ത്തുഗീസ് പാതിരി മലയാളഭാഷയും ആചാരങ്ങളും മനസ്സിലാക്കി പോര്‍ത്തുഗീസ് ഭാഷയിലെഴുതിയ (പതിനാറാം നൂറ്റാണ്ട്.) പുസ്തകത്തില്‍ വിഷ്ണു മാവേലിയെ നിഷ്കാസനം ചെയ്ത് സ്വര്‍ഗത്തിന്റെ കാവല്ക്കാരനാക്കി എന്നും കൊല്ലത്തിലൊരിക്കല് തന്റെ പ്രജകളെ കാണാന്‍ അനുവദിച്ചെന്നും ആ ദിവസമാണ് ഓണമായി ആഘോഷിക്കുന്നതെന്നും പറയുന്നുണ്ടത്രെ. പരശുരാമമിത്തും വാമനമാവേലി മിത്തും തമ്മിലുള്ള കാലപരമായ വൈരുധ്യം, ഓണവും സ്തൂപികാകൃതിയിലുള്ള ഓണത്തപ്പന്മാരും, അതിപ്രാചീനങ്ങളായ പിതൃആരാധന, ഗിരിശിഖരാരാധന എന്നിവയുടെ തുടര്‍ച്ച ആകാനുള്ള സാധ്യതയും രാമവര്‍മ്മ പരിശോധിക്കുന്നുണ്ട്. മലയാളികള്‍ അവശ്യം വായിക്കേണ്ട ഒരു വിസ്തൃതപഠനമാണ് ഈ പുസ്തകം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: