അടുത്ത നാല് സൂത്രങ്ങളോടെ അനിഷ്ടാദികാര്യധികരണം തീരും.
സൂത്രം – ന തൃതീയേ തഥോപലബ്ധേഃ
മൂന്നാമത്തെ സ്ഥാനത്തില്‍ അഞ്ചാമത്തെ ആഹുതിയെ ആദരിക്കേണ്ടതില്ല. അങ്ങനെ കാണുന്നതിനാല്‍.നിലവിലെ പ്രകരണത്തില്‍ മൂന്നാമതൊരു ഗതി ഉണ്ടാകുന്നില്ല എങ്കിലും അവിടെ അത് പറയുന്നുണ്ട്.
ഛാന്ദോഗ്യത്തില്‍ ദേവയാനവും പിതൃ യാനവുമല്ലാത്ത മൂന്നാമതൊരു ഗതിയെപ്പറ്റി പറയുന്നില്ല. ഇത് രണ്ടിനും യോഗ്യതയില്ലാത്തവര്‍ വീണ്ടും വീണ്ടും ജനിച്ച് മരിയ്ക്കും. മൂന്നാമത്തെ സ്ഥാനത്തില്‍ പോകുന്ന ജീവന്മാര് പിന്നെ കൃമി കീടങ്ങളായാണ് ജനിക്കുന്നത്. അവര്‍ക്ക് ദേഹലാഭത്തിന് അഞ്ചാമത്തെ ആഹുതിയിലെ ജലസ്പര്‍ശം ആവശ്യമില്ല. അത് മനുഷ്യര്‍ക്ക് മാത്രം വേണ്ടതാണ്. മറ്റ് ജീവികള്‍ക്ക് ദേഹത്തെ നേടാന്‍ മറ്റ് ഭൂതങ്ങളിലെ ജലാംശത്തിന്റെ സ്പര്‍ശം മതി.
സൂത്രം – സ്മര്യതേളപി ച ലോകേ
സ്മൃതികളിലും ഈ വിഷയത്തെപറയുന്നുണ്ട്.
എന്നു മാത്രമല്ല ലോകത്തില്‍ ഇത് പ്രസിദ്ധമാണ് സ്മരിക്കുകയും ചെയ്യുന്നുണ്ട്.
മഹാഭാരതത്തില്‍ ചിലര്‍ക്ക് അഞ്ചാമത്തെ ആഹുതി കൂടാതെ തന്നെ ശരീരം ഉണ്ടായതായി പറയുന്നുണ്ട്. ദ്രോണര്, ധൃഷ്ടദ്യുമ്നന്‍, സീത, ദ്രൗപദി തുടങ്ങിയവര്‍ അങ്ങനെ ശരീരമെടുത്തവരാണ്. അതായത് യോനി സംബന്ധം കൂടാതെ ജനിച്ചവരാണ്. അതിനാല്‍ പഞ്ചാഗ്നി വിദ്യയിലെ അഞ്ചാമത്തെ ആഹുതിയുമായുള്ള ബന്ധം ശരീര പ്രാപ്തിക്ക് അത്യാവശ്യമില്ല.
ഭഗവദ് ഗീതയിലെ ഊര്‍ദ്ധ്വം…. അധോഗച്ഛന്തി താമസാഃ എന്നതില്‍ തമോഗുണക്കാര്‍ അധോലോകത്തില്‍ പോകുന്നു എന്ന് പറഞ്ഞത് യമലോകത്തിലേക്കുള്ള പോക്കും നരകയാതനയുമാണ് കാണിക്കുന്നത്.പാപം ചെയ്തവര്‍ക്ക് യമലോകത്തെ ദണ്ഡനം ലോകത്ത് വളരെ പ്രസിദ്ധവുമാണ്.
സൂത്രം – ദര്‍ശനാച്ച
ശ്രുതിയില്‍ പലയിടത്തും അത്തരം വര്‍ണ്ണനകള്‍ കാണുന്നതുകൊണ്ടും. അതിനാല്‍ ദുഷ്കര്‍മ്മം ചെയ്തവര്‍ക്ക് യാതന അനുഭവിക്കേണ്ടി വരും.
ആഹുതിയുമായി ബന്ധപ്പെട്ട നിയമം എല്ലായിടത്തും നിര്‍ബന്ധമില്ല. സ്വേദജം ഉദ്ഭിജം, അണ്ഡജം, ജരായുജം എന്നിങ്ങനെ നാല് തരത്തിലുള്ള ജീവ ശരീരങ്ങളാണ് ഉള്ളത്. ഇതില്‍ സ്വേദജവും ഉദ്ഭിജവും സംയോഗം കൂടാതെ ഉണ്ടാകുന്നതാണ്. അതിനാല്‍ അഞ്ചാമത്തെ ആഹുതി നിര്‍ബന്ധമില്ല എന്നറിയണം.
മൂന്നാമത്തെ ഗതി യമ ലോകമല്ല എന്ന് വാദിക്കുന്നവരുമുണ്ട്.
സൂത്രം – തൃതീയ ശബ്ദാവരോധഃ സംശോകജസ്യ
സ്വേദജത്തെ മൂന്നാമത്തെ ഉദ്ഭിജം എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഛാന്ദോ ഗോപനിഷത്തില് ‘തേഷാം ഖലു ഏഷാം ഭൂതാനാം ത്രീണ്യേവ ബീജാനി ഭവന്തി അണ്ഡജം ജീവമുദ്ഭിജം’ എന്നതില്‍ വിയര്‍പ്പില്‍ നിന്നുമുണ്ടാകുന്നസ്വേദജത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.പകരം അതിനെ ഭൂമിയില്‍ പൊട്ടി മുളച്ചുണ്ടാകുന്ന ഉദ്ഭിജമാക്കി ചേര്‍ത്ത് പറഞ്ഞിരിക്കുകയാണ്.
ഉദ്ഭിജത്തിന് കാരണം ഭൂമിയും വെള്ളവുമാണ്. അതുപോലെ ഭൂമിയുടെ അംശമായ ശരീരവും വിയര്‍പ്പാകുന്ന വെള്ളവുമാണ് സ്വേദജത്തിന് കാരണമായിരിക്കുന്നത്. അതിനാലാണ് രണ്ടും ഒന്നായി പറഞ്ഞത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: