അനിഷ്ടാദികാര്യധികരണം തുടരുന്നു.
സൂത്രം സ്മരന്തി ച
സ്മൃതികളിലും ഇത് പറയുന്നുണ്ട്. മനു, വ്യാസന് തുടങ്ങിയ ആചാര്യന്മാര് രചിച്ചതായ സ്മൃതി ഗ്രന്ഥങ്ങളില്‍ പാപം ചെയ്തവരുടെ യമലോകത്തിലേക്കുള്ള പോക്കിനെ പറയുന്നുണ്ട്. പുരാണങ്ങളില്‍ ഇതിനെപ്പറ്റി പല കഥകളുമുണ്ട്.
ഭഗവദ് ഗീത പതിനാറാം അദ്ധ്യായത്തില്‍ ആസുരിക വൃത്തികളെ ചെയ്യുന്നവര്‍ ആ പാപത്തിന്റെ ഫലമായി നരകങ്ങളില്‍ വീഴാനും അവിടെ കിടന്ന് യാതനകള്‍ അനുഭവിക്കാനുമിടയാകുമെന്ന് വിവരിക്കുന്നുണ്ട്.
സൂത്രം അപി ച സപ്ത
എന്ന് മാത്രമല്ല ഏഴ് പാപഫല അനുഭവസ്ഥാനങ്ങളെപ്പറ്റിയും പറയുന്നുണ്ട്.
ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്താല്‍ അതിന്റെ ഫലം അനുഭവിക്കാനായി രൗരവം മുതലായ 7 നരകങ്ങളെപ്പറ്റിയും പുരാണങ്ങളില്‍ പറയുന്നുണ്ട്. പാപത്തിന്റെ ഫലയെല്ലാം അവിടെ അനുഭവിച്ച ശേഷമേ ചന്ദ്രലോകത്ത് എത്താനാകൂ.
പാപം ചെയ്തവര്‍ സ്വര്‍ഗ്ഗത്തിലെത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
സൂത്രം തത്രാപി ച തദ്വ്യാപാരാവിരോധഃ
അവിടെയും യമന്റെ അധികാരം തന്നെയാണ് എന്നതിനാല്‍ വിരോധമില്ല.
നേരത്തെ പറഞ്ഞതായ ഏഴ് നരകങ്ങളിലും യമന്‍ തന്നെയാണ് ചിത്രഗുപ്തന് മുതലായവരെ കൊണ്ടും കിങ്കരന്മാരെ കൊണ്ടും കാര്യങ്ങളെ നടത്തുന്നത്. അതിനാല്‍ ദുഷ്കര്മ്മഫലാനുഭവത്തിന് വിരോധമില്ല. ചിത്രഗുപ്തനും കൂട്ടരും നരകങ്ങളില്‍ വച്ചു നല്കുന്ന ദണ്ഡനങ്ങള്‍ യമന്റെ നിര്‍ദ്ദേശപ്രകാരമുള്ളതാണ്. അതിനാല്‍ യമന്റെ അധികാരത്തിന് കീഴിലാണ് പാപം ചെയ്തവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാം.
സൂത്രം വിദ്യാകര്മ്മണോരിതി തു പ്രകൃതത്വാത്
ജ്ഞാനത്തിന്റെയും സത്കര്‍മ്മത്തിന്റെയും ഫലമാണ് ചന്ദ്രലോകത്തിലേക്കുള്ള പോക്ക് എന്ന് പറയുന്നത് ഉചിതമാണ്. കാരണം അത് പ്രകൃതമായതിനാലാണ്.
പ്രകരണത്തിലെ വിഷയം അതിനെയാണ് ചര്‍ച്ച ചെയ്യുന്നത്.
ഛാന്ദോഗ്യത്തിലും കൗഷിതകി ഉപനിഷത്തിലും ജ്ഞാനത്തിന്റെയും സത്കര്‍മ്മത്തിന്റെ ഫലവുമായി ബന്ധപ്പെട്ടാണ് ദേവയാനവും പിതൃയാനവും പറയുന്നത്.
ജ്ഞാനമോ സത്കര്മ്മമോ ഉള്ളവര്‍ക്ക് പോകാനുള്ള ദേവയാന പിതൃയാന മാര്‍ഗ്ഗങ്ങളെപ്പറ്റി പറയുന്ന പ്രകൃതമായതിനാല്‍ മറ്റു പലതിനെക്കുറിച്ച് പറയേണ്ടതില്ല. ദുഷ്കര്‍മ്മങ്ങള്‍ ചെയ്തവ സഞ്ചരിക്കുന്ന മാര്ഗ്ഗത്തെപ്പറ്റിയോ അവര്‍ എത്തുന്ന സ്ഥലങ്ങളെപ്പറ്റിയോ ഇവിടെ പറയേണ്ടതില്ല എന്നത് ഉചിതമാണ്. ഉപാസകര്‍ ദേവനായത്തിലൂടെയും സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ പിതൃയാനത്തിലൂടെയും ചന്ദ്ര മണ്ഡലത്തിലെത്തുന്നു. ഇവ രണ്ടിനും യോഗ്യരാകാത്തവര്ക്ക് മൂന്നാമത്തെ സ്ഥാനമേ കിട്ടൂ എന്ന് ശ്രുതി വ്യക്തമാക്കുന്നുണ്ട്.
പാപകര്‍മ്മങ്ങളുടെ ഫലത്തേയോ പാപം ചെയ്തവരുടെ ഗതിയേയോ അല്ല പറഞ്ഞത്. എന്തായാലും പ്രകരണ വിഷയം അതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: