അടുത്ത സൂത്രത്തോടെ കൃതാത്യയാധികരണം തീരുന്നു.
സൂത്രം സുകൃത ദുഷ്കൃതേ ഏ വേതി തു ബദരിഃ
ബാദരി എന്ന ആചാര്യനാവട്ടെ സുകൃത ദൃഷ്കൃതങ്ങള് തന്നെയാണ് ചരണ ശബ്ദത്തിന് അര്‍ത്ഥം എന്ന് പറയുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇവിടെ ഉപലക്ഷണാര്ത്ഥത്തെ സ്വീകരിക്കേണ്ടതില്ല. രമണീയ ചരണന്മാര് സുകൃതം ചെയ്ത പുണ്യശാലികളും കപൂയ ചരണന്മാര് ദുഷ്കര്‍മ്മങ്ങള്‍ ചെയ്ത പാപികളുമാണ്.
ചരണം, അനുഷ്ഠാനം, കര്‍മ്മം എന്നത് മൂന്നും പര്യായ ശബ്ദങ്ങളാണ്.
ഏത് തരത്തിലുള്ള കര്‍മ്മ ശിഷ്ടത്തോട് കൂടിയ വരാണോ അതിന് പറ്റിയ തരത്തിലുള്ള ജന്മവും ജിവന് ലഭിക്കുന്നു. ഇവിടെ ലക്ഷണമൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ബാദരി എന്ന ആചാര്യന്റെ അഭിപ്രായം.
അനിഷ്ടാദികാര്യധികരണം
മൂന്നാമത്തേതായ ഈ അധികരണത്തില്‍ 10 സൂത്രങ്ങളുണ്ട്.
സൂത്രം അനിഷ്ടാദികാരിണാമപി ച ശ്രുതം
അനിഷ്ട കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും ചന്ദ്രലോകത്തിലേക്കുള്ള പോക്കിനെപ്പറ്റി ശ്രുതിയില്‍ പറയുന്നുണ്ട്.
സത്കര്‍മ്മങ്ങള്‍ ചെയ്തവര്‍ ചന്ദ്രലോകത്തിലേക്ക് പോകുന്നത് പോലെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്ന വരും ചന്ദ്രലോകത്തിലേക്ക് പോകുമോ എന്ന സംശയത്തിനെ ഇവിടെ പരിഹരിക്കുന്നു.
കൗഷീതകി ഉപനിഷത്തില്‍ എല്ലാവരും ചന്ദ്രലോകത്തില്‍ പോകുന്നുവെന്ന് പറയുന്നുണ്ട്. ഈ ലോകത്തില്‍ നിന്ന് പോകുന്നവരെല്ലാം ചന്ദ്രനെ പ്രാപിക്കുന്നു എന്നര്‍ത്ഥം. പുനര്‍ജന്മമുള്ള ജീവന്ന്മാര്ക്ക് ദേഹത്തെയെടുക്കാനും ചന്ദ്രലോകത്തെത്തണം.
എന്നാല്‍ നല്ലതിനെ ചെയ്യുന്നവരോടൊപ്പം തിന്മയെചെയ്യുന്നവരും ചന്ദ്രലോകത്തിലേക്ക് പോകുന്നത് ഉചിതമല്ല എന്ന് കരുതേണ്ടതില്ല. സത്കര്‍മം ചെയ്യുന്നവര്‍ക്ക് അവിടെ ഭോഗം കിട്ടും എന്നാല്‍ മറ്റുള്ളവര്‍ക്ക് അതുണ്ടാകില്ല.
സൂത്രം സംയമനേ ത്വനുഭൂയേതരേഷാ മാരോഹാവരോ ഹൗ തദ്ഗതിദര്ശനാത്
എന്നാല്‍ യമപുരിയില്‍ പാപകര്‍മ്മങ്ങളുടെ ഫലമനുഭവിച്ചതിനു ശേഷം മറ്റുള്ളവര്‍ക്ക് പോക്കുവരവുകള്‍ ഉണ്ടാകുന്നു. അവരുടെ യമ ലോകഗമനം ശ്രുതിയില്‍ കാണുന്നതിനാലാണിത്.
ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ മരണശേഷം യമ ലോകത്തു പോയി ദുഷ്കര്‍മ്മത്തിന്റെ ഫലമായ നരകയാതനകള്‍ അനുഭവിക്കുന്നു. അത് കഴിഞ്ഞ് എന്തെങ്കിലും പുണ്യഫലമുണ്ടെങ്കില് അവ അനുഭവിക്കുന്നതിനോ അല്ലെങ്കില്‍ വീണ്ടും ശരീരം സ്വീകരിക്കുന്നതിനോ വേണ്ടിയാണ് ചന്ദ്രലോകത്തെ പ്രാപിക്കുന്നത്.
കഠോപനിഷത്തില്‍ ഇത്തരക്കാര്‍ തന്റെ അടുത്ത് വീണ്ടും വീണ്ടും വരുന്നതായി യമന്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് ആരോഹ, അവരോഹമെന്ന് സൂത്രത്തില്‍ പറയുന്നത്. ഇത് മരണശേഷമുള്ള യമലോകത്തേക്കുള്ള പോക്കും പിന്നീട് ചന്ദ്രലോകത്തിലേക്കും അവിടെ നിന്ന് ഭൂമിയിലേക്കും ഉള്ള വരവുമായും കാണാവുന്നതാണ്. അവരോഹരണത്തിനായുള്ള ആരോഹണം എന്ന് അറിയണം. അതായത് ഭൂമിയില്‍ വന്ന് ദേഹമെടുക്കാനായി ഉള്ള പുണ്യവും കൊണ്ട് ആ ജീവന്മാര് യമപുരിയില്‍ നിന്ന് ചന്ദ്രലോകത്തേക്ക് പോകുന്നു എന്നു വേണം കരുതാന്‍. വാസ്തവത്തില്‍ പുണ്യകര്‍മ്മങ്ങള്‍ ഉണ്ടെങ്കിലേ ചന്ദ്ര ലോകത്ത് എത്താനാകൂ. അതിനാല്‍ ശ്രുതി വാക്യങ്ങളില്‍ വൈരുദ്ധ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: